കോഴിക്കോട് വാടക വീട് കേന്ദ്രീകരിച്ച് എംഡിഎംഎ വിൽപന നടത്തിയ യുവാവ് പിടിയിൽ

കോഴിക്കോട് : മുണ്ടിക്കൽത്താഴം കോട്ടാംപറമ്പ് കുന്നുമ്മലിൽ വാടക വീട് കേന്ദ്രീകരിച്ച് എംഡിഎംഎ വിൽപന നടത്തിയ യുവാവ് പിടിയിൽ. താമരശ്ശേരി ചുണ്ടങ്ങ പൊയിൽ കാപ്പുമ്മൽ ഹൗസിൽ അതുൽ (29) ആണ് പിടിയിലായത്. നർകോട്ടിക് സെൽ അസി. കമ്മിഷണർ ടി.പി.ജേക്കബിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫും മെഡിക്കൽ കോളജ് ഇൻസ്പെക്ടർ എം.എൽ.ബെന്നി ലാലുവിന്റെ നേത്യത്വത്തിലുള്ള മെഡിക്കൽ കോളജ് പൊലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്.

ഇയാൾ താമസിക്കുന്ന വീട്ടിൽ നടത്തിയ പരിശോധനയില്‍ 12.400 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. പ്രതിക്കെതിരെ താമരശ്ശേരി പൊലീസ് സ്റ്റേഷനിൽ ലഹരിമരുന്ന് വിൽപന നടത്തിയതിനു കേസുണ്ട്. ജാമ്യത്തിലിറങ്ങി വീണ്ടും ലഹരിമരുന്ന് വിൽപന നടത്തുകയായിരുന്നു. പ്രതി സ്ഥിരമായി ലഹരി ഉപയോഗിക്കുന്നയാളാണെന്നും പൊലീസ് പറഞ്ഞു.

വാടകവീട് കേന്ദ്രീകരിച്ചുള്ള ലഹരിമരുന്ന് വിൽപന ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് ഡാൻസഫ് സ്‌കോഡ് നിരീക്ഷിച്ചുവരികയായിരുന്നു. തുടർന്ന് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മെഡിക്കൽ കോളജ് പൊലീസ് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. വീട്ടുടമയെ തെറ്റിദ്ധരിപ്പിച്ചു കുടുംബമെന്ന പോലെ ഒരു യുവതിയോടൊപ്പമാണ് ഇയാൾ താമസിച്ചിരുന്നത്. അതിനാൽ, വീട്ടുടമയ്ക്കും പരിസരവാസികൾക്കും സംശയമുണ്ടായിരുന്നില്ല.

എവിടെനിന്നാണ് ലഹരിമരുന്ന് എത്തിച്ചതെന്നും ആർക്കെല്ലാമാണ് ഇത് വിൽക്കുന്നതെന്നും ആരെല്ലാമാണ് ഇത് ഉപയോഗിക്കുന്നതെന്നും കണ്ടെത്താൻ വിശദമായ അനേഷണം വേണമെന്ന് ഇൻസ്പെക്ടർ ബെന്നി ലാലു പറഞ്ഞു.

Top