പാറക്കെട്ടില്‍ കുടുങ്ങിയ യുവാവിനെ ഇന്നും രക്ഷിക്കാനായില്ല; രക്ഷാദൗത്യം നാളെ തുടരും

പാലക്കാട്: പാറക്കെട്ടില്‍ കുടുങ്ങിയ മലമ്പുഴ ചെറാട് സ്വദേശി ആര്‍ ബാബുവിനെ 30 മണിക്കൂര്‍ പിന്നിട്ടിട്ടും രക്ഷപ്പെടുത്താനായില്ല. ഇന്നത്തെ രക്ഷാപ്രവര്‍ത്തനം അവസാനിപ്പിച്ചു. കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ പാറക്കെട്ടിന് സമീപം എത്തിയെങ്കിലും പ്രതികൂല കാലാവസ്ഥ കാരണം മടങ്ങി. രക്ഷാദൗത്യത്തില്‍ കരസേനയും വ്യോമസേനയും പങ്കെടുക്കും. സുഹൃത്തുക്കള്‍ക്കൊപ്പം മല കയറിയ ബാബു തിരിച്ചിറങ്ങുന്നതിനിടെ കാല്‍ വഴുതി വീഴുകയായിരുന്നു.

ബാംഗ്ലൂരില്‍ നിന്നാണ് വ്യോമസേനാ പാരാ കമാന്റോകള്‍ എത്തുന്നത്. അവരെ വ്യോമ മാര്‍ഗം സുലൂരില്‍ എത്തിക്കും. അവിടെ നിന്ന് റോഡ് മാര്‍ഗം മലമ്പുഴയിലെത്തും. നാവിക സേനയും നാളെ രക്ഷാപ്രവര്‍ത്തനം നടത്തും.

ചെങ്കുത്തായ കൂര്‍മ്പാച്ചി മലയിലാണ് യുവാവ് കുടുങ്ങിയത്. യുവാവിനെ ഹെലികോപ്ടര്‍ ഉപയോഗിച്ച് താഴെയിറക്കാന്‍ നീക്കം നടത്തിയെങ്കിലും ഫലം കണ്ടില്ല. കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ മലയിലേക്ക് എത്തിയെങ്കിലും ശക്തമായ കാറ്റ് മൂലം യുവാവിന് അരികിലേക്ക് എത്താനോ നിയന്ത്രിച്ചുനിര്‍ത്താനോ സാധിച്ചില്ല.

ബാബു ഇന്നലെയാണ് മലയിലെ പാറയിടുക്കില്‍ കുടുങ്ങിയത്. ഇയാളും 2 സുഹൃത്തുക്കളും മലയിലേക്ക് ഇന്നലെ രാവിലെയാണ് കയറിയത്. സുഹൃത്തുക്കള്‍ തിരിച്ചു ഇറങ്ങുകയും ഇയാള്‍ മലയില്‍ കുടുങ്ങുകയും ആയിരുന്നു. ഇയാളെ രക്ഷിക്കാന്‍ കൂട്ടുകാരും ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതോടെ ഇവര്‍ മലയിറിങ്ങി നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു.

Top