വ്യാജ പേയ്‌മെന്റ് ആപ്പ് ഉപയോഗിച്ച് കടയുടമകളെ പറ്റിച്ച യുവാവ് പിടിയില്‍

ഉത്തംനഗര്‍: ഡല്‍ഹിയിലെ ഉത്തംനഗറില്‍ പേടിഎമ്മിന്റെയും ഗൂഗിള്‍ പേയുടെയും വ്യാജ ആപ്പുകള്‍ ഉപയോഗിച്ച് ഇരുന്നൂറിലധികം കടയുടമകളെ പറ്റിച്ച യുവാവ് പിടിയില്‍. പ്രമുഖ ഓണ്‍ലൈന്‍ പേയ്‌മെന്റ് ആപ്പുകളായ പേടിഎമ്മിന്റെയും ഗൂഗിള്‍ പേയുടെയും വ്യാജപതിപ്പുകളുണ്ടാക്കിയാണ് തട്ടിപ്പ് നടത്തിയത്. 27 വയസുള്ള  കുനാല്‍ ശര്‍മയാണ് പൊലീസ് പിടിയിലായത്. ഡിസിപിയായ ഇംഗിത് പ്രതാപ് സിങിന് ലഭിച്ച പരാതിയിലൂടെയാണ് സംഭവം പുറത്തറിഞ്ഞത്.

രമേഷ് കുമാര്‍ എന്ന പലചരക്ക് കടയുടമയാണ് പരാതി നല്‍കിയത്. ഒറ്റനോട്ടത്തില്‍ യഥാര്‍ത്ഥ ആപ്പ് എന്ന് തോന്നുന്ന രീതിയിലാണ് ആപ്പ് നിര്‍മിച്ചിട്ടുള്ളത്. സൈബര്‍ ടീമിന്റെ സഹായത്തോടെ പോലീസ് കുനാലിനെ കസ്റ്റഡിയിലെടുത്തു. വിശദമായ ചോദ്യം ചെയ്യലിലാണ് ഇത്തരത്തില്‍ ഇരുന്നൂറിലധികം പേരെ പറ്റിച്ചിട്ടുണ്ടെന്ന് പ്രതി വെളിപ്പെടുത്തിയത്. ലോക്ഡൗണില്‍ ജോലി നഷ്ടപെട്ട കുനാല്‍ ശര്‍മയ്ക്ക് ഓണ്‍ലൈന്‍ സൈറ്റില്‍ നിന്നാണ് ആപ്പ് ലഭിച്ചതെന്നാണ് പ്രതി പറഞ്ഞത്.

വിശദമായ പരിശോധനകള്‍ക്കായി ഫോണ്‍ കണ്ടുകെട്ടിയിട്ടുണ്ട്. കടയില്‍ നിന്ന് 2,500 രൂപയുടെ സാധനങ്ങള്‍ വാങ്ങിയ ഒരു യുവാവ് പേടിഎം വഴി പണം അടയ്ക്കാന്‍ തന്റെ നമ്പര്‍ ആവശ്യപ്പെടുകയും നമ്പറില്‍ 2,500 രൂപ അയച്ചതായി അയാള്‍ അയാളുടെ ഫോണിലെ നോട്ടിഫിക്കേഷന്‍ കാണിച്ചു തന്നു. ആ പേയ്മന്റ് റസ്പിറ്റും അയാള്‍ രമേശിന് അയച്ചു നല്‍കി. പക്ഷേ പിന്നീട് പരിശോധിച്ചപ്പോളാണ് മനസിലായത്. തനിക്ക് അങ്ങനെയൊരു പേയ്മന്റ് ലഭിച്ചിട്ടില്ലെന്നായിരുന്നു രമേശിന്റെ പരാതി.

Top