യുവാവ് സുഹൃത്തിന്റെ വീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍; ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍

കോഴിക്കോട്: യുവാവിനെ സുഹൃത്തിന്റെ വീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പുറമേരി പഞ്ചായത്ത് രണ്ടാം വാര്‍ഡിലെ കക്കം വെള്ളിരയരോത്ത് സിദ്ധാര്‍ത്ഥ് ബാബുവിനെയാണ് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

രണ്ട് ദിവസം മുമ്പ് കാണാതായ സിദ്ധാര്‍ത്ഥിനെ ബന്ധുക്കളും, നാട്ടുകാരും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്നാണ് വീട്ടില്‍ നിന്ന് അഞ്ഞൂറ് മീറ്റര്‍ അകലെയുള്ള സുഹൃത്തിന്റെ വീട്ടിലെ കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്.

വീട്ടുകാര്‍ വെള്ളം വലിക്കുന്നതിനിടെയാണ് കിണറ്റില്‍ മൃതദേഹം കാണപ്പെടുന്നത്. വിവരം അറിഞ്ഞ് നാട്ടുകാരെത്തി പോലീസിലും, ഫയര്‍ ഫോഴ്‌സിലും അറിയിച്ചു. ഇതേ തുടര്‍ന്ന് നാദാപുരം സി ഐ ഇ വി ഫായിസ് അലിയുടെ നേതൃത്വത്തില്‍ പോലീസും, ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. ഫയര്‍ ഫോഴ്‌സ് കിണലിറങ്ങി മൃതദേഹം പുറത്തെടുത്തു.

നാദാപുരം പൊലീസിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം പിന്നീട് പോസ്റ്റുമോര്‍ട്ടത്തിനായി വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ നാദാപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിദ്ദാര്‍ഥ് ബാബുവിന്റെ മൊബൈല്‍ഫോണ്‍ ഉള്‍പ്പടെ പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു.

Top