നിര്‍മാണത്തിലിരുന്ന വീടിന്റെ ഭീമന്‍ കോണ്‍ക്രീറ്റ് പാളി തകര്‍ന്നു വീണ് യുവാവ് മരിച്ചു

ഇരിയ: പൂണൂരില്‍ നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ സണ്‍ഷേഡ് തകര്‍ന്നുള്ള യുവാവിന്റെ മരണത്തില്‍ ഞെട്ടല്‍ മാറാതെ വീട്ടുകാരും നാട്ടുകാരും. നിര്‍മാണ തൊഴിലാളി മാലക്കല്ല് പറക്കയത്തെ പി.ആര്‍.മോഹനനാണ് പൂണൂരിലെ തമ്പാന്‍ നായരുടെ വീട് നിര്‍മാണത്തിനിടെ തകര്‍ന്നു വീണ ഭീമന്‍ കോണ്‍ക്രീറ്റ് പാളികള്‍ക്ക് അടിയില്‍പ്പെട്ട് മരണപ്പെട്ടത്.

അപകടത്തില്‍ ഒരു ഇതര സംസ്ഥാന തൊഴിലാളിക്കും പരുക്കേറ്റു. ഇയാള്‍ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നലെ 12.30നാണ് നാടിനെ ദുഃഖത്തിലാഴ്ത്തിയ അപകടം നടന്നത്. 7 തൊഴിലാളികളാണ് ജോലിക്കുണ്ടായിരുന്നത്. മരിച്ച മോഹനന്‍ വീടിന്റെ പിറകുവശത്തെ സണ്‍ഷേഡിനു അടിയിലും 3പേര്‍ കല്ല് കെട്ടുന്ന തിരക്കിലും, മറ്റുള്ളവര്‍ പ്രധാന കോണ്‍ക്രീറ്റിനു പലക അടിക്കുന്ന തിരക്കിലുമായിരുന്നു.

ഇന്നലെ രാവിലെയാണ് സണ്‍ഷേഡിന്റെ പലകയും, തൂണും എടുത്തത്. പ്രധാന കോണ്‍ക്രീറ്റിന് പലക അടിക്കുന്ന ആഘാതത്തില്‍ സണ്‍ഷേഡ് തകരുകയായിരുന്നെന്ന് തൊഴിലാളികള്‍ പറയുന്നു. പിറകു വശത്തെയും പാര്‍ശ്വഭാഗത്തെ ഒരു സണ്‍ഷേഡുമാണ് 5 വരി ഉയരത്തില്‍ കെട്ടിയ ചെങ്കല്ലുകള്‍ ഉള്‍പ്പെടെ തകര്‍ന്ന് വീണത്. ശബ്ദം കെട്ട് മറ്റുള്ളവര്‍ ഓടിയെത്തിയപ്പോള്‍ ഇതര സംസ്ഥാന തൊഴിലാളി കോണ്‍ക്രീറ്റ് പാളിക്ക് മുകളില്‍ പരുക്കേറ്റ് നിലയിലായിരുന്നു.

കരാറുകാരന്‍ ക്ലായി നെല്ലിക്കാട്ടെ പവിത്രനും മറ്റുള്ളവരും കൂടി ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയതിന് ശേഷമാണ് ഒരാളെ കൂടി കാണാനില്ലെന്ന് അറിഞ്ഞത്. തുടര്‍ന്നാണ് മോഹനന്‍ കോണ്‍ക്രീറ്റ് പാളിക്ക് അടിയില്‍ കുടുങ്ങിയ നിലയില്‍ കണ്ടത്.
നാട്ടുകാരും, തൊഴിലാളികളും ചേര്‍ന്ന് മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് പാളി മാറ്റി പുറത്തെടുക്കുമ്പോഴേയ്ക്കും മോഹനന്‍ മരിച്ചിരുന്നു. സംഭവമറിഞ്ഞ് നാട്ടുകാരാണ് ആദ്യം രക്ഷാപ്രവര്‍ത്തനത്തിന് എത്തിയത്. പിന്നീട് പൊലീസും, കാഞ്ഞങ്ങാട് നിന്നും അഗ്‌നിശമന സേനയും സ്ഥലത്തെത്തി.

 

Top