വയനാട്ടില്‍ യുവാവ് ആത്മഹത്യ ചെയ്ത നിലയില്‍: ലോണ്‍ ആപ്പ് ഭീഷണിയെന്ന് സംശയം

വയനാട്: വയനാട്ടില്‍ യുവാവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. അരിമുള സ്വദേശി അജയ് രാജ് ആണ് മരിച്ചത്. സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായി ബന്ധുക്കളും സുഹൃത്തുക്കളും വ്യക്തമാക്കി. അരിമുള എസ്റ്റേറ്റിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ലോണ്‍ ആപ്പിന്റെ ഭീഷണിയെന്നാണ് സംശയിക്കുന്നത്. കുടുംബാംഗങ്ങളുടെ വ്യാജ ചിത്രങ്ങള്‍ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും കഴിഞ്ഞദിവസം അജ്ഞാത നമ്പറില്‍ നിന്ന് ലഭിച്ചിരുന്നു. ബന്ധുക്കളുടെ ഫോണിലേക്കു മോര്‍ഫ് ചെയ്ത അശ്ലീല ചിത്രം അയച്ചെന്ന് സഹോദരന്‍ ജയരാജ് പറഞ്ഞു. ബന്ധുക്കള്‍ക്കും ഭീഷണി സന്ദേശം ലഭിച്ചതായും അദ്ദേഹം പറഞ്ഞു.

മെസേജ് വന്ന അജ്ഞാത നമ്പറിലേക്ക് അജയ് രാജ് ആത്മഹത്യ ചെയ്ത വിവരം അറിയിച്ചപ്പോള്‍ നല്ല തമാശയെന്ന് പറഞ്ഞ് പൊട്ടിച്ചിരിക്കുകയും പണമടയ്‌ക്കെന്ന് പറഞ്ഞ് അശ്ലീലം പറയുകയും ചെയ്തു. 5000 രൂപയാണ് തരാനുള്ളതെന്നും അറിയിച്ചു.

Top