മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയില്‍

കോഴിക്കോട്: മാരക മയക്കുമരുന്ന് വിഭാഗത്തില്‍പെട്ട എംഡിഎംഎ(മെത്തലീന്‍ ഡയോക്‌സി മെത്താംഫീറ്റമിന്‍)യുമായി യുവാവ് എക്‌സൈസ് പിടിയിലായി. താമരശ്ശേരി സ്വദേശി പൊന്നോത്ത് വീട്ടില്‍ ഫൈസല്‍.പി (28) നെയാണ് അറസ്റ്റ് ചെയ്തത്.

അമ്പത് ഗ്രാം എംഡിഎംഎയാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്. ഇയാള്‍ സഞ്ചരിച്ച ജീപ്പും എക്‌സൈസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. വൈദ്യപരിശോധനയ്ക്ക് ശേഷം പ്രതിയെ താമരശ്ശേരി എക്‌സൈസ് റേഞ്ച് ഓഫീസില്‍ ഹാജരാക്കി.

കോഴിക്കോട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക്ക് സ്‌പെഷ്യല്‍ സ്‌ക്വാഡും എക്‌സൈസ് ഇന്റലിജന്‍സ് ബ്യൂറോയും ചേര്‍ന്ന് നടത്തിയ സംയുക്ത വാഹന പരിശോധനയ്ക്കിടെ കോഴിക്കോട് – താമരശ്ശേരി ദേശീയപാതയില്‍ വെച്ച് മഹീന്ദ്ര ജീപ്പില്‍ കടത്തിക്കൊണ്ടു പോകവെയാണ് ഇയാള്‍ പിടിയിലായത്.

പിടിച്ചെടുത്ത എംഡിഎംഎയ്ക്ക് വിപണിയില്‍ രണ്ട് ലക്ഷം രൂപ വില മതിക്കുന്നതാണ്.
എക്‌സൈസ് സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി ആര്‍ ദേവദാസിന്റെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനയില്‍ ഐ ബി ഇന്‍സ്‌പെക്ടര്‍ പ്രജിത്ത്.എ, പ്രിവന്റീവ് ഓഫീസര്‍ ബിജുമോന്‍ ടി.പി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ദീനദയാല്‍ എസ്.ആര്‍, സന്ദീപ് എന്‍.എസ്, അജിത്ത്.പി,അനുരാജ്.എ, സൈമണ്‍ ടി.എം, അരുണ്‍.എ ഡ്രൈവര്‍മാരായ അബ്ദുല്‍കരീം, പ്രബീഷ് എന്നിവരും പങ്കെടുത്തു.

ലോക്ക്ഡൗണ്‍ കാരണം മദ്യശാലകള്‍ അടച്ചിട്ടതിനാല്‍ മറ്റ് ലഹരി വസ്തുക്കളുടെ ഉപഭോഗം വര്‍ദ്ധിക്കാനുള്ള സാധ്യതകള്‍ മനസ്സിലാക്കി എക്‌സൈസ് സ്‌ക്വാഡ് പരിശോധനകള്‍ കര്‍ശനമാക്കിയിരുന്നു. സിന്തറ്റിക് ഡ്രഗ്സ് വിഭാഗത്തില്‍പ്പെടുന്ന ഈ ലഹരിവസ്തു മോളി, എക്സ്, എക്സ്റ്റസി, എംഡിഎംഎ എന്ന വിളിപ്പേരുകളിലും അറിയപ്പെടുന്നവയാണ്.

പാര്‍ട്ടി ഡ്രഗ് എന്നറിയപ്പെടുന്ന മെത്തലീന്‍ ഡയോക്സി മെത്താം ഫിറ്റമിന്‍ അഥവാ എംഡിഎംഎ എന്ന ലഹരി വസ്തു ഏറ്റവും ചെറിയ തോതില്‍ ഉപയോഗിച്ചാല്‍ പോലും മണിക്കൂറുകളോളം ലഹരി ലഭിക്കുന്ന മാരക ലഹരി വസ്തുവാണ്.

പത്ത് ഗ്രാമോ അതില്‍ കൂടുതലോ എംഡിഎംഎ കൈവശം വെച്ചാല്‍ തന്നെ 10 വര്‍ഷം കുറയാതെ 20 വര്‍ഷം തടവ് ശിക്ഷ വരെയോ കൂടാതെ ഒരു ലക്ഷം രൂപയില്‍ കുറയാതെ 2 ലക്ഷം രൂപ വരെ പിഴശിക്ഷയോ കിട്ടുമെന്ന് എക്സൈസ് സ്‌ക്വാഡ് വൃത്തങ്ങള്‍ അറിയിച്ചു.

 

Top