അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ ദിനത്തില്‍ സ്ഫോടനം നടത്തുമെന്ന് ഭീഷണി; യുവാവ് അറസ്റ്റിൽ

പാറ്റ്ന: അയോധ്യയിലെ രാമക്ഷേത്രത്തിൽ പ്രതിഷ്ഠ ദിനത്തില്‍ സ്ഫോടനം നടത്തുമെന്ന് ഭീഷണി മുഴക്കിയ യുവാവ് അറസ്റ്റിൽ. ബീഹാറിലെ അരാരിയ ജില്ലയിലാണ് 21കാരനായ യുവാവ് പിടിയിലായത്. അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ സഹായി ആണെന്ന പേരിലാണ് യുവാവ് ഭീഷണി മുഴക്കിയത്. പ്രതിയായ ഇന്റെഖാബ് ആലമിനെ ബാലുവ കലിയഗഞ്ചിലെ വീട്ടിൽ നിന്ന് ശനിയാഴ്ച വൈകിട്ടാണ് അറസ്റ്റ് ചെയ്തത്.

മാനസിക അസ്വാസ്ഥ്യമുള്ള ആളെ പോലെയാണ് യുവാവ് പെരുമാറുന്നതെന്ന് അരാരിയ പൊലീസ് സൂപ്രണ്ട് (എസ്പി) അശോക് കുമാർ സിംഗ് വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. ജനുവരി 19ന് എമർജൻസി ഹെൽപ്പ് ലൈൻ നമ്പറായ 112ല്‍ വിളിച്ചാണ് ആലം ഭീഷണിപ്പെടുത്തിയത്. ദാവൂദ് ഇബ്രാഹിമിന്റെ സഹായിയായ ഛോട്ടാ ഷക്കീൽ ആണ് വിളിക്കുന്നതെന്ന് പറഞ്ഞാണ് യുവാവ് സംസാരിച്ചത്.

ജനുവരി 22ന് അയോധ്യയിലെ രാമക്ഷേത്രത്തിൽ സ്ഫോടനം നടത്തുമെന്ന് ആലം ​​ഫോണിൽ പറഞ്ഞു. പ്രതിക്ക് ക്രിമിനല്‍ റെക്കോര്‍ഡുകള്‍ ഒന്നുമില്ലെന്നും എസ് പി അശോക് കുമാര്‍ കൂട്ടിച്ചേര്‍ത്തു. പ്രശ്‌നത്തിന്റെ തീവ്രത കണക്കിലെടുത്ത് സംഭവത്തിൽ കേസെടുത്ത് പൊലീസ് പ്രതിയുടെ ഫോണും പിടിച്ചെടുത്തിട്ടുണ്ട്. കോൾ ലഭിച്ചയുടൻ സൈബർ സെല്ലുമായി വിവരങ്ങൾ പങ്കുവച്ചു. ഇയാൾ വിളിച്ച മൊബൈൽ നമ്പർ അച്ഛന്റെ പേരിൽ രജിസ്റ്റർ ചെയ്തതാണെന്ന് കണ്ടെത്തുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.

ഉച്ചക്ക് 12.20 മുതല്‍ പന്ത്രണ്ടര വരെയാണ് അയോധ്യയിലെ പ്രതിഷ്ഠാ ദിന ചടങ്ങ്. വാരണാസിയിൽ നിന്നുള്ള ആചാര്യൻ ലക്ഷ്മികാന്ത് ദീക്ഷിതാണ് ചടങ്ങുകൾക്ക് നേതൃത്വം നൽകുന്നത്. പ്രതിഷ്ഠ ചടങ്ങുകളിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി നാളെ പത്തരയോടെ അയോധ്യയിലെത്തും. പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി വിപുലമായ ഒരുക്കങ്ങളാണ് അയോധ്യയില്‍ നടത്തിയിട്ടുള്ളത്. നാളെ രാവിലെ 10.30ഓടെ അയോധ്യയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഉച്ചയ്ക്ക് 12.05 മുതല്‍ പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കും. തുടര്‍ന്ന് പൊതുചടങ്ങിനെ അഭിസംബോധന ചെയ്യും.നാളെ രാവിലെ പത്തിന് പ്രതിഷ്ഠാ ചടങ്ങിന്റെ ഭാഗമായി 50ലധികം സംഗീതോപകരണങ്ങള്‍ അണിനിരത്തിയുള്ള സംഗീതാര്‍ച്ചന മംഗളധ്വനി നടക്കും.

Top