മാതാവിന്റെ സുഹൃത്തിനെ കുത്തിക്കൊന്നു യുവാവ് അറസ്റ്റില്‍

രാജ്കോട്ട്: മാതാവിന്റെ സുഹൃത്തായ 47-കാരനെ കുത്തിക്കൊന്ന കേസില്‍ യുവാവ് അറസ്റ്റില്‍. ഗുജറാത്തിലെ താലാലയിലാണ് സംഭവം. ജാഹിദ് മഖ്വാന(25)യെയാണ് തലാല പോലീസ് അറസ്റ്റ് ചെയ്തത്. ഡ്രൈവറായി ജോലിചെയ്യുന്ന സയ്യദ് മഖ്വാനെയാണ് പ്രതി കൊലപ്പെടുത്തിയത്. സയ്യദിനെ മാതാവിനൊപ്പം വീട്ടില്‍ക്കണ്ടതാണ് കൊലയ്ക്ക് കാരണമായതെന്നും പോലീസ് പറഞ്ഞു.

പ്രതി ജാഹിദ് പ്രദേശത്ത് തട്ടുകട നടത്തുന്നയാളാണ്. ഇതിനുപുറമേ ബൗണ്‍സറായും ജോലിചെയ്തിരുന്നു. ഞായറാഴ്ച രാത്രി ജാഹിദ് വീട്ടിലെത്തിയപ്പോള്‍ മാതാവിനൊപ്പം സുഹൃത്തായ സയ്യദിനെയും കണ്ടു. തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടവുകയും പിന്നീട് അത് കൊലപാതകത്തിലേക്ക് കടക്കുകയുമായിരുന്നു. രാത്രി ഏറെ വൈകിയാണ് സംഭവം പുറത്തറിഞ്ഞത്.

തലാലാ-പിപ്പാല്‍വ റോഡില്‍ സയ്യദ് ചോരയില്‍കുളിച്ച് കിടക്കുന്നതായി മൂത്തസഹോദരനാണ് ആദ്യം വിവരം ലഭിച്ചത്. ഇദ്ദേഹം സ്ഥലത്തെത്തി സയ്യദിനെ സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നില ഗുരുതരമായതിനാല്‍ രാവലിലെ ആശുപത്രിയിലേക്ക് മാറ്റാനായിരുന്നു ഡോക്ടര്‍മാരുടെ നിര്‍ദേശം. തുടര്‍ന്ന് രാവലിലെ ആശുപത്രിയിലേക്ക് എത്തും മുന്‍മ്പേ സയ്യദ് മരിക്കുകയായിരുന്നു.

ഡ്രൈവറായി ജോലിചെയ്യുന്ന സയ്യദിന് ഭാര്യയും നാലുകുട്ടികളുമുണ്ടെന്നാണ് പോലീസ് പറഞ്ഞത്. പ്രതിയായ ജാഹിദിന്റെ പിതാവ് 18 വര്‍ഷം മുന്‍പാണ് മരിച്ചത്. അറുപതുകാരിയായ ജാഹിദിന്റെ മാതാവുമായി സയ്യദ് അടുപ്പത്തിലായിരുന്നുവെന്നും പോലീസ് പറഞ്ഞു.

Top