മുംബൈയില്‍ മെക്‌സിക്കന്‍ വനിതാ ഡിജെയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

മുംബൈ: മുംബൈയില്‍ മെക്‌സിക്കന്‍ വനിതാ ഡിജെയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. 31 കാരിയായ യുവതിയുടെ പരാതിയില്‍ 35 കാരനായ ഇവന്റ് മാനേജരെയാണ് ബാന്ദ്ര പോലീസ് പിടികൂടിയത്. നവംബര്‍ 25 നാണ് യുവതി പരാതി നല്‍കിയത്.

2017ല്‍ ഇന്‍സ്റ്റാഗ്രാം വഴിയാണ് പ്രതിയുമായി സൗഹൃദത്തിലായതെന്ന് യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. ഓണ്‍ലൈനില്‍ ചാറ്റ് ചെയ്യാന്‍ തുടങ്ങിയ ഇരുവരും പിന്നീട് കണ്ടുമുട്ടി. ഡിജെ പരിപാടികളും ഓണ്‍ലൈന്‍ പാര്‍ട്ടികളും സംഘടിപ്പിക്കുന്ന സ്ഥാപനമാണ് പ്രതി നടത്തിയിരുന്നത്. സൗഹൃദത്തിന്റെ പേരില്‍ പ്രതി തന്റെ കമ്പനിയില്‍ ജോലി വാഗ്ദാനം ചെയ്തു. താനത് സ്വീകരിച്ചതായും യുവതി പരാതിയില്‍ പറയുന്നു.

ജോലിയുടെ ഭാഗമായി പ്രതിയോടൊപ്പം രാജ്യത്തുടനീളം സഞ്ചരിക്കേണ്ടി വന്നു. 2018ല്‍ തങ്ങള്‍ പ്രണയത്തിലായി. 2019ല്‍ ബാന്ദ്രയിലെ യുവാവിന്റെ വീട്ടിലെത്തിയപ്പോഴാണ് ആദ്യമായി പീഡിപ്പിക്കപ്പെട്ടത്. അതേ വര്‍ഷം തന്നെ ബംഗളൂരുവിലെ ഒരു ഹോട്ടലില്‍ വച്ച് ഓറല്‍ സെക്‌സ് ചെയ്യാന്‍ നിര്‍ബന്ധിച്ചു. വഴങ്ങിയില്ലെങ്കില്‍ കമ്പനിയില്‍ നിന്ന് പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തി. പിന്നീട് ചണ്ഡീഗഡിലെയും കൊല്‍ക്കത്തയിലെയും ഹോട്ടലുകളില്‍ പീഡിപ്പിക്കപ്പെട്ടതായി യുവതി പരാതിയില്‍ പറയുന്നു.

2020-ല്‍ മറ്റൊരു സ്ത്രീയുമായി പ്രതിയുടെ വിവാഹം കഴിഞ്ഞു. പിന്നീട് പരാതിക്കാരി ഇയാളെ കാണുന്നത് നിര്‍ത്തി. യുവതി ജോലിയില്‍ തുടര്‍ന്നതായും എഫ്ഐആറില്‍ പറയുന്നു. എന്നാല്‍ വിവാഹത്തിന് ശേഷവും ശാരീരിക ബന്ധത്തിന് പ്രതി നിര്‍ബന്ധിച്ചെന്നും വിസമ്മതിച്ചപ്പോള്‍ മാനസികമായി പീഡിപ്പിക്കുകയായിരുന്നുവെന്നും യുവതി.2022ല്‍ ബെല്‍ജിയന്‍ ഹോട്ടലില്‍ വച്ച് തന്നെ വീണ്ടും പീഡിപ്പിച്ചു. അതേവര്‍ഷം ഇയാള്‍ അശ്ലീലചിത്രങ്ങള്‍ അയച്ചുനല്‍കി. പിന്നീട് ജോലിയില്‍ നിന്ന് പുറത്താക്കിയെന്നും യുവതി ആരോപിച്ചു.

Top