കാറിനു പകരം കാള . . കീ കീ സൃഷ്ടാക്കളെ പോലും ഞെട്ടിച്ച് തരംഗമായി യുവ കർഷകർ !

KIKI CHALLENGE

ഹൈദരാബാദ്: ലോകത്തെ ത്രസിപ്പിച്ചും പൊലീസിന് തലവേദനയായും മുന്നേറുന്ന കീ കീ ചാലഞ്ചിന് ഇന്ത്യയില്‍ നിന്നും ഇറങ്ങിയ കിടിലന്‍ പതിപ്പ് കണ്ട് ഞെട്ടി ഗാനത്തിന്റെ അണിയറ പ്രവര്‍ത്തകര്‍.

പതുക്കെ ചലിച്ച് കൊണ്ടിരിക്കുന്ന കാറില്‍ നിന്നും ഇറങ്ങി കാറിന്റെ വേഗതക്കനുസരിച്ച് കീ കീ പാട്ടിന്റെ താളത്തില്‍ നൃത്തം ചവിട്ടുന്ന ചാലഞ്ച് അപകടകരമായതിനാല്‍ വിവിധ രാജ്യങ്ങളില്‍ വിലക്ക് ഏര്‍പ്പെടുത്തുകയുണ്ടായി. എന്നാല്‍ ഈ വിലക്ക് ലംഘിച്ച് നമ്മുടെ കൊച്ചു കേരളത്തിലടക്കം മലയാളി യുവതി കീ കീ ചാലഞ്ച് ഏറ്റെടുക്കുകയുണ്ടായി.

നിരവധി പേര്‍ക്ക് പരിക്ക് പറ്റി ജീവന്‍ തന്നെ അപകടത്തിലായ സാഹചര്യത്തില്‍ റോഡില്‍ അല്ലാതെ പാടത്ത് ഇറങ്ങി കീ കീ ചാലഞ്ചിന് പുതിയ മുഖം നല്‍കിയിരിക്കുകയാണ് തെലങ്കാനയിലെ ലമ്പാടിപ്പള്ളി ഗ്രാമത്തിലെ രണ്ടു കര്‍ഷകര്‍. കാള പൂട്ടുന്നതിനിടയില്‍ കീ കീ ചാലഞ്ച് ഏറ്റെടുത്തത് അനില്‍ ഗീല, പിള്ളി തിരുപ്പതി എന്നിവരാണ്. ഈ കര്‍ഷക യുവാക്കളുടെ നൃത്തച്ചുവടുകള്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ തരംഗമായിരിക്കുകയാണ്.

പാടത്തെ ചെളിയില്‍ താളത്തിന് ചുവടു വെച്ചുകൊണ്ടാണ് ഇവര്‍ പ്രകടനം നടത്തുന്നത്. ഉഴുതുകൊണ്ടിരിക്കുന്ന പാടത്ത് നൃത്തം ചെയ്യുക എന്നത് അത്ര എളുപ്പമുള്ള പണിയല്ലെന്നാണ് അനില്‍ പറയുന്നത്. തെന്നിവീഴാനുള്ള സാധ്യതയുള്ളതിനാല്‍ വീഡിയോ റെക്കോഡ് ചെയ്യുന്നതിനു മുന്നോടിയായി രണ്ട് മൂന്ന് തവണ തങ്ങള്‍ പരിശീലനം നടത്തിയിരുന്നുവെന്നും തുടര്‍ന്നാണ് ഒറ്റ ടേക്കില്‍ വീഡിയോ എടുത്തതെന്നും അനില്‍ പറഞ്ഞു.

ജനങ്ങള്‍ ഏറ്റെടുത്ത ഈ വീഡിയോയുടെ പ്രത്യേകത, വേറിട്ട രീതിയില്‍ അവതരിപ്പിച്ചു എന്നത് മാത്രമല്ല അപകടമൊഴിവാക്കാന്‍ ഇവര്‍ ഏറെ ശ്രദ്ധിച്ചു എന്നതുമാണ്. കനേഡിയന്‍ റാപ്പ് ഗായകന്‍ ഓബ്രി ഡ്രേക് ഗ്രഹാമിന്റെ ഇന്‍ മൈ ഫീലിങ് എന്ന ഗാനത്തിലെ കീ കീ എന്ന് തുടങ്ങുന്ന വരികളാണ് കീ കീ ചാലഞ്ചിന് ഉപയോഗിക്കുന്നത്. കീ കീ ഡു യു ലൗവ് മീ, ആര്‍ യൂ റൈഡിങ് എന്ന വരികള്‍ കേള്‍ക്കുമ്പോള്‍ കാറില്‍ നിന്ന് ഇറങ്ങി വാതില്‍ തുറന്ന രീതിയില്‍ പതിയേ ഓടുന്ന കാറിനൊപ്പം നൃത്തം ചെയ്യുകയാണ് ചാലഞ്ച് ഏറ്റെടുക്കുന്നവര്‍ ചെയ്യുന്നത്.

ലോകമെങ്ങും തരംഗമായി പടരുന്ന കീ കീ ചാലഞ്ച് കേരളത്തില്‍ അനുകരിച്ചാല്‍ പൊലീസിന്റ പിടിയിലാകുമെന്നതില്‍ സംശയമില്ല. അപകടം വിതക്കുന്ന പരിപാടി അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഉന്നത പൊലീസ് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. കൂടാതെ റോഡ് സുരക്ഷ കണക്കിലെടുത്ത് ഇത്തരം പ്രവര്‍ത്തികളില്‍ നിന്ന് പിന്തിരിയണമെന്ന് ഹൈദരാബാദ്, മുംബൈ, ബംഗളൂരു ഉള്‍പ്പടെയുള്ള നഗരങ്ങളിലും പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Top