വെല്ലുവിളികളെ സാധ്യതകളാക്കി മാറ്റൂ, ലോകം നിങ്ങള്‍ക്കൊപ്പമുണ്ട്; യുവ സംരംഭകന്‍ അഭിഷേക് പറക്കാട്ട്

സാഹചര്യങ്ങള്‍ക്കു മേല്‍ നമ്മള്‍കൊടുക്കുന്ന ശുഭാപ്തി വിശ്വാസത്തിനാണ് ജീവിതത്തെ ആര്‍ജവമുള്ളതാക്കി മാറ്റാന്‍ കഴിയുക. പലപ്പോഴും സങ്കീര്‍ണമായ സാഹചര്യങ്ങളില്‍ നിന്നുകൊണ്ട് ബിസിനസ് മേഖലയില്‍ തന്റേതായ ഇടം കണ്ടെത്തുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാല്‍, കഴിഞ്ഞ രണ്ടുവര്‍ഷക്കാലത്തിനിടയില്‍ സാധ്യതകളെ അവസരങ്ങളാക്കി മാറ്റി യുവ സംരംഭകന്‍ എന്ന നിലയില്‍ തന്റേതായ സ്ഥാനം കണ്ടെത്തിയിരിക്കുകയാണ് അഭിഷേക് പറക്കാട്ട്.

മത്സരവും വെല്ലുവിളികളും നിറഞ്ഞ ലോകത്തെ പ്രതിസന്ധികളെ സാധ്യതകളാക്കിമാറ്റിയാണ് അഭിഷേക് തന്റെ ബിസിനസ് സംരംഭകത്വത്തിന് തുടക്കമിട്ടത്. സംരംഭകര്‍ നൂതന ബിസിനസ് ആശയങ്ങളുമായി പകച്ചു നിന്ന സമയത്ത് തന്റെ സോഷ്യല്‍ മീഡിയയെയാണ് ബിസിനസിനുള്ള വലിയ സാധ്യതയാക്കി അഭിഷേക് മാറ്റിയത്. ഇന്‍ഫ്ളുവന്‍സ് മാര്‍ക്കറ്റിംഗിലൂടെ തന്റെ സംരംഭങ്ങളെക്കുറിച്ച് മറ്റുള്ളവരുമായി പങ്കുവയ്ക്കുകയും അവരിലൂടെ തന്റെ ബിസിനസ് സംരംഭങ്ങളെ മറ്റുള്ളവരിലേക്ക് എത്തിക്കുകയുമായിരുന്നു അഭിഷേക്.

1999ല്‍ കോതമംഗലത്ത് ജനിച്ചു, കൊച്ചിയിലെ കാലടിയില്‍ വളര്‍ന്ന അഭിഷേക് പാറക്കാട്ട് കുട്ടിക്കാലം മുതല്‍ ബാസ്‌ക്കറ്റ്ബോള്‍, ചെസ്സ്, ബോഡി ബില്‍ഡിംഗ്, യാത്ര, മോഡലിംഗ്, ഗവേഷണം, ഫോട്ടോഗ്രാഫി തുടങ്ങിയ വിവിധ മേഖലകളിലും, കായികരംഗങ്ങളിലും ശ്രദ്ധ പതിപ്പിച്ചിരുന്നു. ഒരു ബിസിനസ് കുടുംബത്തില്‍ ജനിച്ചു വളര്‍ന്നതുകൊണ്ടുതന്നെ ബിസിനസ് ലോകം അഭിഷേകിനെ എപ്പോഴും ആകര്‍ഷിച്ചുകൊണ്ടിരുന്നു. അതുകൊണ്ടുതന്നെ ബികോം പഠനത്തിന് ശേഷം സംരംഭകന്‍ എന്ന നിലയില്‍ സമൂഹത്തില്‍ വ്യക്തിമുദ്ര പതിപ്പിക്കാനുള്ള അഭിഷേകിന്റെ ആഗ്രഹത്തിന് മാതാപിതാക്കളും പിന്തുണ നല്‍കിയതോടെ അഭിഷേക് തങ്ങളുടെ ബിസ്നസ് സംരംഭങ്ങളായ പാറക്കാട്ട് ജ്വല്‍സ്, പാറക്കാട്ട് നേച്ചര്‍ റിസോര്‍ട്ട്, പാറക്കാട്ട് വെഡ്ഡിംഗ്സ്, പാറക്കാട്ട് സോഫ്റ്റ് വെയര്‍ തുടങ്ങിയ ഒന്നിലധികം ബിസിനസുകള്‍ വിജയകരമായി നടത്തുവാന്‍ കഴിവുള്ള യുവ സംരംഭകനായി മാറി.

”ഒരു ബിസിനസ്സ് കുടുംബത്തില്‍ ജനിച്ച എനിക്ക് ബിസിനസിന്റെ വിവിധ വശങ്ങളെക്കുറിച്ച് അറിയാന്‍ എപ്പോഴും ആഗ്രഹമുണ്ടായിരുന്നു. ഇതാണ് ഞാന്‍ സഞ്ചരിക്കേണ്ട വഴിയെന്ന് എനിക്ക് എപ്പോഴും തോന്നിയിരുന്നു. മാത്രമല്ല, ബിസിനസിലൂടെ സമൂഹത്തിന് ഉപകാരമുള്ള കാര്യങ്ങള്‍ ചെയ്യണം. തന്റെ ഈ ആഗ്രഹം ചെറുപ്പത്തില്‍ എന്റെ മാതാപിതാക്കളുമായി പങ്കുവച്ചിരുന്നു. അവര്‍ എപ്പോഴും എന്നെ പിന്തുണച്ചിരുന്നു” വെന്നും അഭിഷേക് പറയുന്നു.

പലപ്പോഴും മാതാപിതാക്കളുടെ ഭാഗത്തു നിന്നുള്ള പിന്തുണ വെല്ലുവിളികളെ മറികടക്കാനുളള പ്രചോദനമായി മാറിയിട്ടുണ്ട്. മാത്രമല്ല, തടസ്സങ്ങള്‍ ബിസിനസിന്റെ ഭാഗമാണ്. അപകടസാധ്യതകളില്ലാതെ ഒരു ബിസിനസ്സിലും ഒന്നും സാധ്യമല്ല. ഞാന്‍ എല്ലാറ്റിനെയും ക്രിയാത്മകമായാണ് കാണുന്നത്. ഇത് പലപ്പോഴും വെല്ലുവിളികളെ മറികടക്കാന്‍ എന്നെ സഹായിക്കാറുണ്ട്. വെല്ലുവിളി നിറഞ്ഞ സന്ദര്‍ഭങ്ങളില്‍ ഞാന്‍ എന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമൊപ്പം സമയം ചിലവിടാന്‍ ശ്രമിക്കും. ഇതിനു പുറമേ എന്റെ ഫിറ്റ്നസ് സംബന്ധമായ കാര്യങ്ങളില്‍ ഞാന്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താന്‍ ശ്രമിക്കും. എന്തെന്നാല്‍, ആരോഗ്യമുള്ള ശരീരത്തിന് മാത്രമേ ആരോഗ്യമുള്ള മനസ്സ് ഉണ്ടാകൂ എന്ന് അഭിഷേക് ചൂണ്ടിക്കാട്ടുന്നു.

അടിസ്ഥാനപരമായി എല്ലാ ബിസിനസിനും ഒരു കാമ്പുണ്ടെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. ബിസിനസിന്റെ മുന്നോട്ടുള്ള സുഗമമായ യാത്രയ്ക്ക് ഞാന്‍ ചെയ്യുന്ന കാര്യങ്ങളിലൊന്ന് എന്റെ സഹപ്രവര്‍ത്തകരുമായി ബിസിനസ് ആശയങ്ങളെക്കുറിച്ച് സംസാരിക്കുകയും ഒരു ടീം വര്‍ക്കായി ബിസിനസിനെ കാണുകയുമാണ് ചെയ്യുന്നത്. ഇത് പലപ്പോഴും പുതിയ ആശയങ്ങളെക്കുറിച്ച് ചിന്തിക്കാന്‍ അവരെ സഹായിക്കാറുണ്ട്. മാത്രമല്ല, എന്റെ ഓരോ ദിവസം അവസാനിക്കുമ്പോറും അടുത്ത ദിവസം ക്രിയാത്മകമായി എന്തുചെയ്യണമെന്ന് ആസൂത്രണം ചെയ്യുകയും അതിനനുസരിച്ച് മുന്നോട്ട് പോകുകയുമാണ് ചെയ്യുന്നത്.

ഒരു ബിസിനസുകാരനില്‍ ഒതുങ്ങി നില്‍ക്കാതെ സമൂഹത്തിന് പ്രയോജനവും മറ്റുള്ളവര്‍ക്ക് സന്തോഷമുണ്ടാകുന്ന കാര്യങ്ങളും ചെയ്യാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. മറ്റുള്ളവര്‍ സന്തോഷിക്കുന്നത് നമ്മള്‍ കാരണക്കാരാവുകയെന്നത് വളരെ വലിയ കാര്യമാണ്. മറ്റൊന്ന്, ”യാത്രകളെ ഏറെ സ്നേഹിക്കുന്ന ഒരാളാണ് ഞാന്‍. ഇതുവരെ 30 ലധികം രാജ്യങ്ങളില്‍ പോയിട്ടുണ്ട്. വ്യത്യസ്തമായ അനുഭവങ്ങളായിരുന്നു ഈ രാജ്യങ്ങളൊക്കെ എനിക്ക് സമ്മാനിച്ചതെ”ന്ന് അഭിഷേക് പറയുന്നു.

ഈ നൂറ്റാണ്ടുകണ്ട ഏറ്റവും വലിയ പ്രതിസന്ധിയിലൂടെ ലോകം കടന്നു പോയപ്പോഴും അടച്ചുപൂട്ടലിന്റെ ഇരുട്ട് മാനവരാശിയെ കീഴടക്കിയപ്പോഴും ഒരു യുവ സംരംഭകനെന്ന നിലയില്‍ തനിക്ക് ഇത് പുതിയ ആശയ രൂപീകരണത്തിനുള്ള സമയമായിരുന്നു. പരിമിതമായ സാഹചര്യങ്ങളില്‍ നിന്നുകൊണ്ട് എങ്ങനെ തന്റെ മേഖലയെ പരിപോഷിപ്പിക്കാം എന്നാണ് അഭിഷേക് ആലോചിച്ചത്. ജീവിതത്തോടുള്ള അഭിഷേകിന്റെ ഈ കാഴ്ചപ്പാടുകള്‍ തന്നെയാണ് ബിസനസ് രംഗത്തെ അവാര്‍ഡുകള്‍ക്കും അംഗീകാരങ്ങളും അര്‍ഹനാക്കിയത്.

ജീവിതത്തില്‍ അസാധ്യമായി ഒന്നുമില്ലെന്നും മറ്റ് ചെറുപ്പക്കാര്‍ അറിയണമെന്നും ആഗ്രഹങ്ങള്‍ നേടാന്‍ ആവേശത്തോടെയും നിശ്ചയദാര്‍ഢ്യത്തോടെയും പ്രവര്‍ത്തിക്കുകയാണെങ്കില്‍, അത് നേടാന്‍ ലോകം മുഴുവന്‍ അവരോടൊപ്പം നില്‍ക്കുമെന്നും അഭിഷേക് പറക്കാട്ട് പറയുന്നു.

Top