ചുവപ്പിന് ‘വീര്യം’ കൂട്ടാൻ യുവാക്കളായ സ്ഥാനാർത്ഥികളെ രംഗത്തിറക്കും ! !

ലബാറില്‍ ഏറ്റവും ശക്തമായ പോരാട്ടം നടക്കാന്‍ പോകുന്ന ജില്ലയാണ് കോഴിക്കോട്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 13-ല്‍ 11 മണ്ഡലങ്ങളിലും വിജയിച്ചത് ഇടതുപക്ഷമാണ്. സി.പി.എമ്മിനെ സംബന്ധിച്ച് കണ്ണൂര്‍ പോലെ തന്നെ ശക്തമായ അടിത്തറയുള്ള ജില്ലയാണ് കോഴിക്കോട്. ഇവിടെ ശക്തമായ തിരിച്ചു വരവിനാണ് യു.ഡി.എഫും ശ്രമിക്കുന്നത്. 2016ലെ തിരഞ്ഞെടുപ്പില്‍, കുറ്റ്യാടി, കോഴിക്കോട് സൗത്ത് മണ്ഡലങ്ങളില്‍ മാത്രമാണ് യു.ഡി.എഫിന് വിജയിക്കാന്‍ കഴിഞ്ഞിരുന്നത്. ഈ രണ്ട് സീറ്റുകളിലും വിജയിച്ചതാകട്ടെ മുസ്ലീം ലീഗ് പ്രതിനിധികളുമാണ്. സമ്പൂര്‍ണ്ണ പരാജയമാണ് കോണ്‍ഗ്രസ്സിന് നേരിടേണ്ടി വന്നിരുന്നത്. കെ.പി.സി.സി നേതൃത്വത്തെ ഞെട്ടിച്ച സംഭവമായിരുന്നു അത്.

2021-ല്‍ ഒരു സീറ്റിലെങ്കിലും വിജയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ജില്ലയിലെ കോണ്‍ഗ്രസ്സിന്റെ തകര്‍ച്ച പൂര്‍ണ്ണമാകുമെന്നാണ് നേതൃത്വം ഭയക്കുന്നത്. 2006-ലെ നിയമസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് വന്‍ മുന്നേറ്റമാണ് 2016ല്‍ കോഴിക്കോട്ട് ഇടതുപക്ഷം നടത്തിയിരുന്നത്. യു.ഡി.എഫ് കോട്ടകളായ കൊടുവള്ളി, തിരുവമ്പാടി മണ്ഡലങ്ങള്‍ പിടിച്ചെടുത്തത് ഇതില്‍ പ്രധാനമാണ്. കയ്യിലുണ്ടായിരുന്ന കുറ്റ്യാടി മണ്ഡലം കൈവിട്ട് പോയത് മാത്രമാണ് ഇടതുപക്ഷത്തിനുണ്ടായ ഏകനഷ്ടം. ഈ നഷ്ടം ഇത്തവണ നികത്തുമെന്ന വാശിയിലാണ് സി.പി.എം പ്രവര്‍ത്തകര്‍. കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ ലീഗ് പ്രതിനിധി എം.കെ മുനീറാണ് വിജയിച്ചിരുന്നത്. ഇവിടെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി ഐ.എന്‍.എല്ലുകാരനായിരുന്നു. ഇത്തവണ ഈ സീറ്റില്‍ സി.പി.എം സ്ഥാനാര്‍ത്ഥി മത്സരിച്ചാല്‍ മുനീറിന് കടുത്ത മത്സരമാണ് നേരിടേണ്ടി വരിക.

മുസാഫര്‍ അഹമ്മദ്, പി.എം ആതിര, ബാബു പാറശ്ശേരി എന്നിവരുടെ പേരുകള്‍ ഇപ്പോള്‍ തന്നെ മണ്ഡലത്തില്‍ സജീവമാണ്. കോഴിക്കോട് നോര്‍ത്തില്‍ സിറ്റിംഗ് എം.എല്‍.എ എ പ്രദീപ് കുമാര്‍ 27, 873 വോട്ടുകള്‍ക്കാണ് വിജയിച്ചത്. മൂന്ന് ടേം പൂര്‍ത്തിയായതിനാല്‍ പ്രദീപിന് ഇനി മത്സരിക്കണമെങ്കില്‍ സി.പി.എം പ്രത്യേക ഇളവ് തന്നെ നല്‍കേണ്ടി വരും. ഡി.വൈ.എഫ്.ഐ നേതാക്കളും ഇവിടെ സി.പി.എമ്മിന്റെ പരിഗണനയിലുണ്ട്. മലയോര മേഖലയായ തിരുവമ്പാടിയില്‍ നിന്ന് 3008 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഇടതുപക്ഷത്തിന്റെ ജോര്‍ജ്ജ്.എം.തോമസ് വിജയിച്ചിരുന്നത്. ഈ മണ്ഡലത്തില്‍ താമരശ്ശേരി രൂപതക്കും നിര്‍ണ്ണായക സ്വാധീനമുണ്ട്. കേരള കോണ്‍ഗ്രസ്സ് ജോസ് വിഭാഗം കൂടി മുന്നണിയിലെത്തിയത് തിരുവമ്പാടിയിലെ ഇടതുപക്ഷത്തിന്റെ ആത്മവിശ്വാസമാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.

കുന്ദമംഗലത്ത് 11,205 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സിറ്റിംഗ് എം.എല്‍.എ കൂടിയായ പി.ടി.എ റഹീം വിജയിച്ചിരുന്നത്. അദ്ദേഹത്തിന്റെ ഹാട്രിക് വിജയമായിരുന്നു അത്. പ്രവചനാതീതമായ മത്സരമായിരുന്നു കൊടുവള്ളിയില്‍ നടന്നിരുന്നത്. ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കാരാട്ട് അബ്ദുള്‍ റസാഖ് 573 വോട്ടിനാണ് ലീഗില്‍ നിന്നും മണ്ഡലം പിടിച്ചെടുത്തത്. ഇത്തവണ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ സ്ഥാനാര്‍ത്ഥികളില്‍ മാറ്റം വരാനുള്ള സാധ്യതയും കൂടുതലാണ്. അങ്ങനെ വന്നാല്‍ കുന്ദമംഗലത്ത് നിന്നും പി.ടി.എ റഹീം കൊടുവള്ളിയിലേക്ക് മാറാനുള്ള സാധ്യതയും തള്ളിക്കളയാന്‍ കഴിയുകയില്ല. രണ്ട് പേരും നിലവില്‍ ഐ.എന്‍.എല്ലിന്റെ ഭാഗവുമാണ്. റഹീം കൊടുവള്ളിക്ക് മാറിയാല്‍ കുന്ദമംഗലം സീറ്റ് സി.പി.എം ഏറ്റെടുത്തേക്കും. അങ്ങനെ സംഭവിച്ചാല്‍ തീപ്പൊരി പ്രാസംഗികന്‍ പി.കെ പ്രേംനാഥിനാണ് സാധ്യത.

ഏത് പ്രതികൂല സാഹചര്യത്തിലും ഇടതുപക്ഷം അനായാസം വിജയിക്കുന്ന മണ്ഡലമാണ് എലത്തൂര്‍. 29,057 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ എന്‍.സി.പിക്കാരനായ എ.കെ.ശശീന്ദ്രനാണ് ഇവിടെ നിന്നും വിജയിച്ചിരുന്നത്. ജില്ലയിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷമാണിത്. അതേസമയം പാര്‍ട്ടി കോട്ടയില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി വേണമെന്ന് ആഗ്രഹിക്കുന്നവരാണ് ഇവിടുത്തെ സി.പി.എം പ്രവര്‍ത്തകര്‍. ഈ സാഹചര്യത്തില്‍ ഇത്തവണ ഈ സീറ്റ് സി.പി.എം ഏറ്റെടുത്ത് പകരം ശശീന്ദ്രന് മറ്റൊരു സീറ്റ് വിട്ടു നല്‍കാനുള്ള സാധ്യതയും വളരെ കുടുതലാണ്. യുവ നേതാക്കളെ മത്സരിപ്പിക്കണമെന്ന ആവശ്യമാണ് എലത്തൂരിലെ സി.പി.എം പ്രവര്‍ത്തകര്‍ നിലവില്‍ ഉയര്‍ത്തുന്നത്.

ബേപ്പൂര്‍ മണ്ഡലത്തിലും മികച്ച പ്രകടനമാണ് ഇടതുപക്ഷം കാഴ്ചവച്ചിരുന്നത്. വി.കെ.സി മമ്മദ് കോയ 14,363 വോട്ടിനാണ് ഈ മണ്ഡലത്തില്‍ നിന്നും വിജയിച്ചത്. അനാരോഗ്യം കാരണം ഇത്തവണ വി.കെ.സി മത്സരിക്കാനുള്ള സാധ്യത വളരെ കുറവാണ്. നിലവില്‍ രാജ്യസഭ അംഗമായതിനാല്‍ എളമരീം കരീമിനും മത്സരിക്കാന്‍ കഴിയുകയില്ല. ഇവിടെ യുവ നേതാക്കള്‍ക്കാണ് ഏറെ സാധ്യത കല്‍പ്പിക്കപ്പെടുന്നത്. പേരാമ്പ്രയില്‍ ടി.പി രാമകൃഷ്ണന്‍ 4101 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. അദ്ദേഹം നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ നേട്ടമാകുമെന്ന പ്രതീക്ഷയിലാണ് സി.പി.എം. മലയോര മേഖല ഉള്‍പ്പെടുന്ന മണ്ഡലമായതിനാല്‍ ജോസ്.കെ മാണി വിഭാഗത്തിനും ഇവിടെ ചില മേഖലകളില്‍ സ്വാധീനമുണ്ട്. ഇതും ഇടതുപക്ഷത്തിന്റെ പ്രതീക്ഷ വര്‍ദ്ധിപ്പിക്കുന്ന ഘടകമാണ്.

രാമകൃഷ്ണന്‍ മാറിയാല്‍ ഡി.വൈ.എഫ്.ഐ സംസ്ഥാന ട്രഷറര്‍ എസ്.കെ സതീഷ്, മുന്‍ എസ്.എഫ്.ഐ നേതാവ് കെ.കെ ഹനീഫ എന്നിവര്‍ മത്സരിക്കാനാണ് സാധ്യത. ബാലുശ്ശേരിയില്‍ സിറ്റിംഗ് എം.എല്‍.എ പുരുഷന്‍ കടലുണ്ടി 15,464, വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചിരുന്നത്. ഈ സംവരണ മണ്ഡലത്തില്‍ ഇത്തവണ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി സച്ചിന്‍ ദേവ് മത്സരിക്കാനുള്ള സാധ്യതയും കൂടുതലാണ്. നാദാപുരവും ബാലുശ്ശേരിയും സി.പി.ഐയുമായി പരസ്പരം മാറുകയാണെങ്കില്‍ സച്ചിന്‍ ദേവിന് സി.പി.എം മറ്റേതെങ്കിലും മണ്ഡലം നല്‍കിയേക്കും. ജില്ലക്ക് പുറത്തേക്കും ഈ വിദ്യാര്‍ത്ഥി നേതാവ് പരിഗണിക്കപ്പെടാനുള്ള സാധ്യത കൂടുതലാണ്.

സി.കെ നാണു 9,511 വോട്ടുകള്‍ക്ക് വിജയിച്ച വടകരയില്‍ ഇത്തവണ മനയത്ത് ചന്ദ്രന്‍, ലോഹ്യ, ഷെയ്ക് പി ഹാരീസ് എന്നിവരാണ് പരിഗണനാ ലിസ്റ്റിലുള്ളത്. ജനതാദള്‍ ലയനവും ഇടതുപക്ഷത്തിന്റെ സീറ്റ് നിര്‍ണ്ണയത്തില്‍ ഇനി നിര്‍ണ്ണായക ഘടകമാകും. ഇവിടെ ആര്‍.എം.പി നേതാക്കളായ കെ.കെ രമയോ, വേണുവോ യു.ഡി.എഫ് സ്വതന്ത്രരായി മത്സരിക്കാനുള്ള സാധ്യതയും വര്‍ദ്ധിച്ചിട്ടുണ്ട്. 2016-ല്‍ മൂന്നാം സ്ഥാനത്തായ കെ.കെ രമ 20504 വോട്ടാണ് അന്ന് നേടിയിരുന്നത്. ബി.ജെ.പിക്ക് 13,937 വോട്ടും ഈ മണ്ഡലത്തിലുണ്ട്. കുറ്റ്യാടിയില്‍ നിലവിലെ എം.എല്‍.എ, ലീഗിലെ പാറക്കല്‍ അബ്ദുള്ള തന്നെ വീണ്ടും മത്സരിക്കാനാണ് സാധ്യത. സി.പി.എം ഇവിടെ കെ.പി കുഞ്ഞഹമ്മദ് കുട്ടി മാസ്റ്ററെ തന്നെ മത്സരിപ്പിച്ചേക്കും.

കേവലം 1,157 വോട്ടിന് കൈവിട്ട് പോയ ഈ മണ്ഡലം ഇത്തവണ തിരിച്ചു പിടിക്കാന്‍ കഴിയുമെന്നാണ് സി.പി.എം പ്രതീക്ഷിക്കുന്നത്. സി.പി.ഐ മത്സരിക്കുന്ന നാദാപുരത്ത് ഇ.കെ വിജയന്‍ 4,759 വോട്ടിനാണ് കഴിഞ്ഞ തവണ വിജയിച്ചത്. അദ്ദേഹം തുടര്‍ച്ചയായി മൂന്ന് തവണ വിജയിച്ചതിനാല്‍ ഇത്തവണ ഇവിടെയും സ്ഥാനാര്‍ത്ഥിയെ മാറ്റാനാണ് സാധ്യത. അങ്ങനെ വന്നാല്‍ യുവ നേതാവായ അഡ്വ. പി ഗവാസിനാണ് സാധ്യത വര്‍ദ്ധിക്കുക. കൊയിലാണ്ടിയില്‍ സിറ്റിംഗ് എം.എല്‍.എ കെ.ദാസനും മൂന്ന് ടേം പൂര്‍ത്തിയാക്കി കഴിഞ്ഞു. ഇവിടെ മുന്‍സിപ്പല്‍ ചെയര്‍മാന്‍ കെ.സത്യന്‍, എം.മെഹബൂബ്, ഡി.വൈ.എഫ്.ഐ നേതാവ് സി. അശ്വനി ദേവ് എന്നിവരാണ് സി.പി.എമ്മിന്റെ പരിഗണന ലിസ്റ്റിലുള്ളത്. 13,369 വോട്ടാണ് നിലവില്‍ കൊയിലാണ്ടി മണ്ഡലത്തിലെ ഇടതുപക്ഷത്തിന്റെ ഭൂരിപക്ഷം.

മുന്‍ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് മെച്ചപ്പെട്ട പ്രകടനമാണ് ബി.ജെ.പി 2016-ല്‍ ജില്ലയില്‍ നടത്തിയിരുന്നത്. കുന്ദമംഗലത്താണ് ബി.ജെ.പിക്ക് ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ചിരുന്നത്. ഇവിടെ മത്സരിച്ച സി.കെ.പത്മനാഭന് 32,702 വോട്ടാണ് ലഭിച്ചത്. ഏറ്റവും കുറവ് വോട്ട് ലഭിച്ചതാകട്ടെ പേരാമ്പ്രയിലാണ് 8561 വോട്ടുകള്‍ മാത്രമാണ് ഈ മണ്ഡലത്തില്‍ ലഭിച്ചിരുന്നത്. വടകര ഉള്‍പ്പെടെ ചില മണ്ഡലങ്ങളില്‍ ബി.ജെ.പിയുടെ സഹായം ഇത്തവണ യു.ഡി.എഫും പ്രതീക്ഷിക്കുന്നുണ്ട്. കോ- ലീ -ബി സഖ്യ സാധ്യത മുന്നില്‍ കണ്ട് തന്നെയാണ് സി.പി.എമ്മും മുന്നോട്ട് പോകുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിലെ പ്രതിപക്ഷ മഹാസഖ്യം നിയമസഭ തിരഞ്ഞെടുപ്പിലും തുടരുമെന്നാണ് സി.പി.എം കണക്ക് കൂട്ടുന്നത്. ഇത് ആത്യന്തികമായി ഇടതുപക്ഷത്തിനാണ് ഗുണം ചെയ്യുക എന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ വിലയിരുത്തല്‍.

Top