You’ll pay for it in 2019 polls, VHP warns PM Narendra Modi

ന്യൂഡല്‍ഹി: ഗോരക്ഷകര്‍ക്കെതിരെ പരാമര്‍ശം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി.എച്ച്.പി.

ഇത്തരം പ്രസ്താവനകള്‍ക്ക് 2019 ലോകസഭ തെരഞ്ഞെടുപ്പില്‍ കനത്ത വില നല്‍കേണ്ടി വരുമെന്ന് വിഎച്ച്പി മുന്നറിയിപ്പ് നല്‍കി.

രാത്രി സാമൂഹിക വിരുദ്ധ പ്രവര്‍ത്തനം നടത്തുന്ന ചിലര്‍ പകല്‍ ഗോ സംരക്ഷകരായി രംഗത്തുവരുകയാണെന്നും ഇത്തരം ആളുകളോട് തനിക്ക് വെറുപ്പാണെന്നുമുള്ള മോദിയുടെ പ്രസ്താവന അപമാനമാണെന്നാണ് വി.എച്ച്.പി ഗുജറാത്ത് ഘടകത്തിന്റെ നിലപാട്.

മോദിയുടെ പരാമര്‍ശങ്ങള്‍ ഗോരക്ഷകരെ വല്ലാതെ വേദനിപ്പിച്ചുവെന്ന് ആഗ്ര ബ്രജിലെ വി.എച്ച്.പി ഉപാധ്യക്ഷന്‍ സുനില്‍ പരശര്‍ വ്യക്തമാക്കി.

ലക്ഷകണക്കിന് പശുക്കളെ കൊലപ്പെടുത്തുന്നവരെ ഗുണ്ടകളെന്ന് വിശേഷിപ്പിക്കുന്നില്ല. എന്നാല്‍ അഹമ്മദാബാദില്‍ ഏകദേശം ഒരു വര്‍ഷം മുമ്പ് കൊല്ലപ്പെട്ട ഗീത രംഭിയയെപോലുള്ള ഗോരക്ഷകരെ ഗുണ്ടകളെന്ന് വിശേഷിപ്പിക്കുന്നത് പ്രധാനമന്ത്രിയുടെ മാറിയ ചിന്താഗതിയെയാണ് കാണിക്കുന്നതെന്നും വി.എച്ച്.പി കുറ്റപ്പെടുത്തി.

Top