എംഎസ് ധോണി യുഗത്തിന് അന്ത്യം; ‘ഞങ്ങളുടെ ക്യാപ്റ്റന്‍’ എന്നും നിങ്ങളാണെന്ന് ആരാധകര്‍!

MS Dhoni

ബിസിസിഐയുടെ കരാര്‍ പട്ടികയില്‍ തങ്ങളുടെ പ്രിയപ്പെട്ട താരത്തിന്റെ പേര് കാണാതെ വന്നതോടെ ആരാധകര്‍ ആശങ്കയിലാണ്. സോഷ്യല്‍ മീഡിയയില്‍ അഭ്യൂഹങ്ങള്‍ പരക്കുകയാണ്. മഹേന്ദ്ര സിംഗ് ധോണിയുടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ യുഗത്തിന് അന്ത്യം കുറിച്ചെന്ന അഭ്യൂഹങ്ങള്‍ക്ക് ശക്തി പകര്‍ന്നാണ് ബിസിസിഐ കരാര്‍ പട്ടികയില്‍ നിന്നും ധോണിയുടെ പേര് അപ്രത്യക്ഷമായത്. കഴിഞ്ഞ വര്‍ഷം ലോകകപ്പ് സെമിയില്‍ ന്യൂസിലാന്റിന് എതിരായ മത്സരത്തില്‍ തോറ്റതിന് ശേഷം മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കളത്തില്‍ നിന്നും വിട്ടുനില്‍ക്കുകയാണ്.

ധോണിയുടെ വിരമിക്കല്‍ പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്ന ആശങ്കയിലാണ് ആരാധകര്‍. സോഷ്യല്‍ മീഡിയ ചര്‍ച്ചകളില്‍ കൂള്‍ ക്യാപ്റ്റന്റെ സേവനങ്ങളെക്കുറിച്ചും, ബിസിസിഐ മുന്‍ ക്യാപ്റ്റനെ ഒഴിവാക്കിയത് സംബന്ധിച്ചും വാദപ്രതിവാദങ്ങള്‍ അരങ്ങേറുകയാണ്. ക്രിക്കറ്റില്‍ നിന്ന് ഇടവേള എടുത്തത് മുതല്‍ 38കാരനായ താരത്തിന്റെ വിരമിക്കല്‍ ചര്‍ച്ചകള്‍ ഉയരുന്നുണ്ട്. ഇതിനിടെ ഇന്ത്യന്‍ സൈന്യത്തിന്റെ ടെറിട്ടോറിയല്‍ ആര്‍മിയില്‍ പരിശീലനം നടത്തിയ ധോണി പൊതുപരിപാടികളിലും പങ്കെടുത്തു.

ഇന്ത്യന്‍ ക്രിക്കറ്റ് അധികൃതര്‍ താരത്തോട് ടീമിലെ ഭാവിയെക്കുറിച്ച് സംസാരിച്ചതായി ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി നേരത്തെ വെളിപ്പെടുത്തിയിരുന്നു. ജനുവരി വരെ തന്റെ ലീവ് സംബന്ധിച്ച് ചോദ്യങ്ങള്‍ വേണ്ടെന്ന് ധോണിയും പറഞ്ഞിരുന്നു. 2007 ടി20 ലോകകപ്പും, 2011 ഏകദിന ലോകകപ്പും ഇന്ത്യയിലെത്തിച്ചപ്പോള്‍ നേതൃത്വം നല്‍കിയത് ധോണിയായിരുന്നു.

2014 ഡിസംബറില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ച ധോണി 2017 ജനുവരിയില്‍ പരിമിത ഓവര്‍ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും രാജിവെയ്ക്കുകയും ചെയ്തു. ഇപ്പോള്‍ 2020 സെപ്റ്റംബര്‍ വരെയുള്ള കാലയളവിലെ കരാര്‍ പട്ടികയില്‍ നിന്നാണ് ധോണിയെ ഒഴിവാക്കിയിട്ടുള്ളത്. ഇതോടെ 2020ല്‍ നടക്കുന്ന ടി20 ലോകകപ്പ് ടീമില്‍ ധോണി കളിക്കാനുള്ള സാധ്യത വിരളമാണെന്ന് മുന്‍ ഇന്ത്യന്‍ താരം മദന്‍ ലാല്‍ പ്രതികരിച്ചു.

Top