എക്‌സ് ഉപയോഗിക്കാന്‍ ഇനി പണം നല്‍കേണ്ടി വരും; സൂചന നല്‍കി ഇലോണ്‍ മസ്‌ക്

മുന്‍നിര സോഷ്യല്‍ മീഡിയാ വെബ്സൈറ്റാണ് ‘എക്സ്’. എക്സിനെ അടിമുടി മാറ്റാനുള്ള ശ്രമങ്ങളിലാണ് മസ്‌കും സംഘവും. ഇപ്പോള്‍ എക്‌സ് ഉപയോക്താക്കള്‍ക്ക് പ്രതിമാസ വരിസംഖ്യ ഏര്‍പ്പെടുത്തുമെന്ന് സൂചന നല്‍കി ഇലോണ്‍ മസ്‌ക്. പ്രതിമാസം ഒരു ചെറിയ തുക ഫീസ് ആയിട്ട് നല്‍കുന്നവര്‍ക്ക് മാത്രമേ ഇനി എക്‌സ് ഉപയോഗിക്കാന്‍ സാധിക്കൂ എന്ന രീതിയില്‍ പ്രവര്‍ത്തനത്തില്‍ മാറ്റം വരുത്തും എന്നാണ് റിപ്പോര്‍ട്ട്.

വ്യാപകമായുള്ള വ്യാജ അക്കൗണ്ടുകള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നീക്കം. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായുള്ള തത്സമയ സംവാദത്തിനിടെ മസ്‌ക് ഇത് സംബന്ധിച്ച സൂചന നല്‍കിയത്.

എന്നാല്‍ ഫീസ് എത്രയായിരിക്കുമെന്നോ അത് അടച്ചാല്‍ ഉപയോക്താക്കള്‍ക്ക് എന്തെല്ലാം ആനുകൂല്യങ്ങള്‍ ലഭിക്കുമെന്നോ മസ്‌ക് വ്യക്തമാക്കിയിട്ടില്ലെന്ന് സിഎന്‍ബിസി റിപ്പോര്‍ട്ട് ചെയ്തു. എക്സിന് നിലവില്‍ 550 ദശലക്ഷം ഉപയോക്താക്കളുണ്ടെന്നും പ്രതിദിനം 100 ദശലക്ഷം മുതല്‍ 200 ദശലക്ഷം വരെ പോസ്റ്റുകള്‍ സൃഷ്ടിക്കപ്പെടുന്നുണ്ടെന്നും നെതന്യാഹുവുമായുള്ള സംഭാഷണത്തില്‍ മസ്‌ക് വ്യക്തമാക്കി.

എന്നാല്‍ ഈ ഉപയോക്താക്കളില്‍ എത്ര വ്യാജ അക്കൗണ്ടുകള്‍ ഉണ്ടെന്ന കാര്യവും മസ്‌ക് വ്യക്തമാക്കിയിട്ടില്ല. 2022 മേയില്‍ മസ്‌ക് ഏറ്റെടുക്കുന്നതിന് മുന്‍പ് ട്വിറ്ററിന്റെ പ്രതിദിന സജീവ ഉപയോഗം 229 ദശലക്ഷമായിരുന്നു.

Top