ട്രെയിലര്‍ കാണുമ്പോള്‍ നിങ്ങള്‍ക്ക് പലതും തോന്നിയിട്ടുണ്ടാകും, പക്ഷെ സിനിമ ഒരു ശൂന്യമായ മനസോടു കൂടി കാണണം; മമ്മൂട്ടി

അബുദാബി: കഴിഞ്ഞ ദിവസം അബുദാബി അല്‍ വഹ്ദ മാളില്‍ വച്ചായിരുന്നു ഭ്രമയുഗം സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങിയത്. മമ്മൂട്ടി അടക്കം ഭ്രമയുഗത്തിലെ താരങ്ങള്‍ അണിയറക്കാര്‍ എല്ലാം ചടങ്ങിന് എത്തിയിരുന്നു. ഈ ചടങ്ങില്‍ മമ്മൂട്ടി സംസാരിച്ച ചില കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ഭ്രമയുഗം കാണാന്‍ പോകുവരോട് ഒരു അപേക്ഷയുണ്ട് എന്ന രീതിയിലാണ് മമ്മൂട്ടി ഈ കാര്യം പറഞ്ഞത്. ‘ട്രെയിലര്‍ കാണുമ്പോള്‍ നിങ്ങള്‍ക്ക് പലതും തോന്നിയിട്ടുണ്ടാകും. പക്ഷെ ഒരു കഥയും മനസില്‍ വിചാരിക്കരുത്. സിനിമ കണ്ടതിനു ശേഷം അങ്ങനെ വിചാരിച്ചു ഇങ്ങനെ വിചാരിച്ചു, എന്ന് തോന്നാതെ ഇരിക്കാന്‍വേണ്ടിയാണ് ഇത്. സിനിമ ഒരു ശൂന്യമായ മനസോടു കൂടി കാണണം. എങ്കില്‍ മാത്രമേ സിനിമ ആസ്വദിക്കാന്‍ പറ്റൂ.

യാതൊരു മുന്‍വിധികളും ഇല്ലാതെ ഇത് ഭയപ്പെടുത്തുമോ, ഞെട്ടിപ്പിക്കുമോ, സംഭ്രമിക്കുമോ, സന്തോഷിപ്പിക്കുമോ എന്ന് നിങ്ങള്‍ ആദ്യമേ ആലോചിക്കരുത്. ശുദ്ധമായ മനസോടെ വന്ന് സിനിമ കാണൂ.ഇത് പുതുതലമുറയുടെ പുത്തന്‍ അനുഭവം ആയിരിക്കും. 18ാം നൂറ്റാണ്ടിന്റെ അവസാനം നടക്കുന്ന കഥയാണ് ഇത്. ഈ സിനിമ കാണും മുന്‍പ് ഒന്നും ചിന്തിക്കരുത് ആലോചിക്കരുത്’ – മമ്മൂട്ടി പറഞ്ഞു. നിലവില്‍ മലയാള സിനിമയിലെ ചര്‍ച്ചാവിഷയം ഭ്രമയുഗം ആണ്. മമ്മൂട്ടി നായകനായി എത്തുന്ന ചിത്രത്തിന് പ്രതീക്ഷകള്‍ ഏറെയാണ്. ഇനി ദിവസങ്ങള്‍ ചിത്രത്തിന്റെ റിലീസിന് ഉള്ളത്. ഈ അവസരത്തില്‍ ഭ്രമയുഗം ട്രെയിലര്‍ പുറത്തിറങ്ങിയിരിക്കുകയാണ്.

പ്രഖ്യാപനം മുതല്‍ പ്രേക്ഷകനെ മുള്‍മുനയില്‍ നിര്‍ത്തിയ ചിത്രമാണ് ഭ്രമയുഗം. പിന്നാലെ വന്ന അപ്‌ഡേറ്റുകളും പോസ്റ്ററുകളും പ്രേക്ഷകരെ സിനിമയിലേക്ക് ആകര്‍ഷിച്ചു. ടീസറിന് വന്‍ വരവേല്‍പ്പ് ആയിരുന്നു ലഭിച്ചിരുന്നത്.ട്രെയിലര്‍ അതിനൊത്ത് ഉയര്‍ന്നത് തന്നെയാണ് എന്നാണ് തെളിയിക്കുന്നത്. 2.38 മിനുട്ടാണ് ട്രെയിലര്‍ ഉള്ളത്. ഫെബ്രുവരിയിലെ ഏറ്റവും വലിയ റിലീസുകളില്‍ ഒന്നാണ് ഭ്രമയുഗം. 15ന് ചിത്രം തിയറ്ററില്‍ എത്തും. മമ്മൂട്ടി നെഗറ്റീവ് ടച്ചില്‍ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രാഹുല്‍ സദാശിവന്‍ ആണ്. മമ്മൂട്ടിയ്ക്ക് ഒപ്പം അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍, അമാല്‍ഡ ലിസ്, മണികണ്ഠ ആചാരി എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. 300ഓളം തിയറ്ററില്‍ ഭ്രമയുഗം റിലീസ് ചെയ്യുമെന്നാണ് വിവരം.

Top