എന്തിനാണ് നിങ്ങള്‍ക്ക് നൊബേല്‍ പുരസ്‌കാരം നല്‍കിയത്? നാദിയ മുറാദിനെ അവഹേളിച്ച് ട്രംപ്

വാഷിങ്ടണ്‍:സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാര ജേതാവ് യസീദി വനിത നാദിയ മുറാദിനെ അവഹേളിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വൈറ്റ് ഹൗസിലെത്തിയ നാദിയ മുറാദിനെയാണ് ട്രംപ് അവഹേളിച്ചത്.

ഐസ് ഭീകരര്‍ ഇറാഖിലെ പ്രധാനപ്പെട്ട ഭൂപ്രദേശങ്ങള്‍ പിടിച്ചെടുത്ത് ഖിലാഫത്ത് സ്ഥാപിച്ചതിന് പിന്നാലെ നിരവധി യസീദികളെ കൂട്ടക്കൊല നടത്തുകയും യസീദി വനിതകളെ ലൈംഗിക അടിമകളാക്കുകയും ചെയ്തിരുന്നു. ആ സാഹചര്യത്തില്‍ തങ്ങള്‍ നേരിട്ട യാതനകള്‍ യു.എസ് പ്രസിഡന്റിനോട് വിശദീകരിക്കാന്‍ വൈറ്റ് ഹൗസില്‍ എത്തിയ നാദിയ മുറാധിനെയാണ് ട്രംപ് പരസ്യമായി അവഹേളിച്ചത്.

താന്‍ എങ്ങനെയാണ് ലൈംഗിക അടിമയാക്കപ്പെട്ടെന്നതിനെ കുറിച്ചും തന്റെ ആറ് സഹോദരന്മാര്‍ എങ്ങനെയാണ് കൊല്ലപ്പെട്ടതെന്നും 3000 യസീദകളെ ഇനിയും കണ്ടെത്താനുണ്ടെന്നും ട്രംപിനോട് പറയുന്നതിനിടെയാണ് നിങ്ങള്‍ക്ക് നൊബേല്‍ പുരസ്‌കാരം ലഭിച്ചല്ലോയെന്ന് ട്രംപ് ചോദിച്ചത്.അത് വലിയ അത്ഭുതമാണെന്നും എന്തിനാണ് നിങ്ങള്‍ക്ക് നൊബേല്‍ പുരസ്‌കാരം നല്‍കിയതെന്നും ട്രംപ് ചോദിച്ചു. ഇതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.

എന്നാല്‍ ട്രംപിന്റെ ചോദ്യത്തിന് മുന്നില്‍ ആദ്യം ഒന്ന് അമ്പരന്നെങ്കിലും മറുപടി നല്‍കാതെ നാദിയ തന്റെ ഭാഗം വിശദീകരിക്കുന്നത് തുടര്‍ന്നു. പ്രതിസന്ധികള്‍ നേരിട്ടെങ്കിലും കീഴടങ്ങാന്‍ തയ്യാറായില്ലെന്നും പറഞ്ഞ അവര്‍ ആയിരക്കണക്കിന് യസീദി പെണ്‍കുട്ടികളെ ഐഎസ് ഭീകരര്‍ ബലാത്സംഗം ചെയ്തു എന്നും വ്യക്തമാക്കി.

ഇത് ഒരു കുടുംബത്തിന്റെ മാത്രം പ്രശ്‌നമല്ലെന്നും ഇത് ഒരു പ്രദേശത്തിന്റെ മുഴുവന്‍ പ്രശ്‌നമാണെന്നും ഇക്കാര്യത്തില്‍ എന്തെങ്കിലും ചെയ്യേണ്ടതുണ്ടെന്നും അവര്‍ ആവശ്യപ്പെട്ടു. ഐഎസ് ഭീകരര്‍ കൈവശപ്പെടുത്തിയ പ്രദേശങ്ങള്‍ ഇപ്പോള്‍ നിയന്ത്രിക്കുന്നത് ഇറാഖ്, കുര്‍ദിഷ് സര്‍ക്കാരുകളാണ്. ഇവരില്‍ സമ്മര്‍ദ്ദം ചെലുത്തി യസീദികള്‍ക്ക് സുരക്ഷിതമായ തിരിച്ചുവരവിന് അവസരമൊരുക്കണമെന്നും നാദിയ ആവശ്യപ്പെട്ടു.

എന്നാല്‍ നാദിയയുടെ ആവശ്യങ്ങള്‍ക്ക് മുമ്പില്‍ നിരുത്തരവാദിത്വപരമായാണ് ട്രംപ് പെരുമാറിയത്. നാദിയയുടെ വാക്കുകള്‍ എല്ലാം കേട്ട ശേഷം ഇപ്പോള്‍ ഐഎസ് അവിടെയില്ലല്ലോ, കുര്‍ദിഷുകളല്ലാതെ പിന്നെ ആരാണ് ഉള്ളതെന്നാണ് ട്രംപ് ചോദിച്ചത്. ഈ പ്രദേശങ്ങളെ പറ്റി തനിക്ക് നന്നായി അറിയാമെന്നും ട്രംപ് വിശദീകരിച്ചു.

Top