കണ്ടാല്‍ ഹിന്ദുവാണെന്ന് തോന്നില്ല; ഇന്ത്യന്‍ ശാസ്ത്രജ്ഞന് യുഎസില്‍ വിലക്ക്‌

ന്യൂഡല്‍ഹി: ഹിന്ദു അല്ലെന്ന് ആരോപിച്ച് ഗുജറാത്തില്‍ നിന്നുള്ള ശാസ്ത്രജ്ഞനെ അമേരിക്കയിലെ അറ്റ്‌ലാന്റയില്‍ നടന്ന ഗര്‍ബ നൃത്ത പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ നിന്നും വിലക്കി.

കരണ്‍ ജാനി (29) എന്ന ഇന്ത്യയില്‍ നിന്നുള്ള ശാസ്ത്രജ്ഞനാണ് വേഷവിധാനത്തിന്റെയും പേരിന്റെയും വിഷയത്തില്‍ വിവേചനം നേരിട്ടത്. ലേസര്‍ ഇന്റര്‍ഫീറോമീറ്റര്‍ ഗ്രാവിറ്റേഷണല്‍ വേവ് ഒബ്‌സര്‍വേറ്ററിയിലെ ആസ്‌ട്രോഫിസിസിസ്റ്റാണ് അദ്ദേഹം. കോസ്മിക് ഗ്രാവിറ്റേഷണല്‍ തരംഗങ്ങളുടെ പഠനത്തില്‍ വലിയ സംഭാവനകള്‍ നടത്തിയ ശാസ്ത്രജ്ഞനാണ് അദ്ദേഹം. സമൂഹ മാധ്യമങ്ങളിലൂടെയാണ് കരണ്‍ ജാനി തനിയ്ക്ക് നേരിടേണ്ടി വന്ന അനുഭവങ്ങള്‍ വിവരിച്ചത്.

‘അമേരിക്കയില്‍ നവരാത്രി ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ഇന്ത്യക്കാരനായ തനിയ്ക്ക് സാധിച്ചില്ല. അറ്റ്‌ലാന്റയില്‍ വച്ചായിരുന്നു ഈ ദുരനുഭം നേരിടേണ്ടി വന്നത്. എന്റെ പേരിലെ ജാനി എന്നത് ഹിന്ദു പേരല്ല എന്നായിരുന്നു സെക്യൂരിറ്റി ജീവനക്കാരുടെ വാദം. തന്റെ വേഷ വിധാനങ്ങളും ഹിന്ദുവിന് യോജിച്ചതല്ലെന്നും അവര്‍ പറഞ്ഞു’ കരണ്‍ ഫേസ്ബുക്കില്‍ കുറിച്ചു.

കരണിന്റെ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളെയും പരിപാടിയില്‍ പങ്കെടുപ്പിച്ചില്ല. മറാത്തികളായ സുഹൃത്തുക്കള്‍ ഹിന്ദുക്കളാണെന്ന് പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചെങ്കിലും ജാതിയെക്കുറിച്ച് അറിയില്ലെന്നും എല്ലാവരെയും മുസ്ലീംങ്ങളാണെന്നും പറഞ്ഞാണ് വോളന്റിയര്‍മാര്‍ ഇറക്കിവിട്ടത്.

പരിപാടി നടത്തിപ്പുകാര്‍ പറ്റിയ തെറ്റില്‍ ക്ഷമ ചോദിച്ചു കൊണ്ട് കരണ്‍ ജാനിക്ക് കത്തയച്ചിരുന്നു. എന്നാല്‍, അമേരിക്കയില്‍ പോലും ഇന്ത്യക്കാര്‍ വലിയ അപമാനങ്ങൾ മതത്തിന്റെ പേരില്‍ നേരിടുകയാണെന്ന് അദ്ദേഹം തുറന്നടിച്ചു.

Top