ഏഴാം ക്ലാസ് ജയിച്ചാലേ പത്തില്‍ പഠിക്കാനാവൂ ; ഇന്ദ്രന്‍സിന്റെ പത്താംക്ലാസ് തുല്യതാപഠനത്തിനും കുരുക്ക്

ജീവിതസാഹചര്യം മൂലം സ്‌കൂള്‍പഠനം മുടക്കിയ നടന്‍ ഇന്ദ്രന്‍സിന്റെ പത്താംക്ലാസ് തുല്യതാപഠനത്തിനും കുരുക്ക്. ഏഴാംക്ലാസ് ജയിച്ചാലേ ഇന്ദ്രന്‍സിന് പത്തില്‍ പഠിക്കാനാവൂ എന്നാണ് സാക്ഷരതാമിഷന്റെ ചട്ടം. അതിനാല്‍ ഇന്ദ്രന്‍സ് ആദ്യം ഏഴിലെ പരീക്ഷ ജയിക്കണം. എന്നിട്ടേ പത്തില്‍ പഠിക്കാനാവൂ എന്ന് സാക്ഷരതാമിഷന്‍ ഡയറക്ടര്‍ പ്രൊഫ. എ.ജി. ഒലീന പറഞ്ഞു.

ഏഴാം ക്ലാസ് ജയിച്ചതിന് രേഖയില്ലാത്തതാണ് പത്തിലെ പഠനത്തിന് തടസം. എന്നാല്‍ അദ്ദേഹത്തിന് ഉടന്‍ 7 ജയിച്ച് 10 ലേക്ക് പ്രവേശിക്കാന്‍ വേണ്ട പഠന സൗകര്യങ്ങള്‍ ചെയ്യും. ആറേഴുമാസം നീളുന്നതാണ് പഠനമെങ്കിലും ഇന്ദ്രന്‍സിന് ഇളവുനല്‍കും. സ്വന്തം ജീവിതം തുറന്നുപറയാന്‍ ഒരുമടിയുമില്ലാത്ത ഇന്ദ്രന്‍സിനെ പത്താംക്ലാസ് ജയിപ്പിക്കുമെന്ന വാശിയിലാണ് സംസ്ഥാന സാക്ഷരതാമിഷന്‍. ക്ലാസില്‍ ഇരിക്കാതെ പ്രേരകിന്റെ സഹായത്തോടെ ഇന്ദ്രന്‍സിന് പഠിക്കാനാകുമെന്ന് ഒലീന പറഞ്ഞു. കൂടാതെ സിനിമ ഷൂട്ടിങ്ങിനു പോകുമ്പോഴും അദ്ദേഹത്തിന് സാക്ഷരതാ മിഷന്റെ യൂട്യൂബ് ഓണ്‍ലൈന്‍ ചാനലിലൂടെ പഠിക്കാനാകുമെന്നും ഒലീന പറഞ്ഞു. ഷൂട്ടിങ് തിരക്കുള്ളതിനാല്‍ എല്ലാ ഞായറാഴ്ചയും മെഡിക്കല്‍ കോളജ് ഗവ. സ്‌കൂളിലെ സെന്ററില്‍ എത്താനാവില്ല. പഠനത്തിന് സ്പെഷ്യല്‍ ക്ലാസ് ഏര്‍പ്പെടുത്തുന്നതടക്കം പരിഗണനയിലാണെന്നും പ്രൊഫ. എ.ജി. ഒലീന അഭിപ്രായപ്പെട്ടു.

നവകേരളസദസിന്റെ ചടങ്ങില്‍ പങ്കെടുക്കവേയാണ് തുടര്‍പഠനത്തിന് ഇന്ദ്രന്‍സ് താത്പര്യം അറിയിച്ചത. പത്താംക്ലാസിലേക്കുള്ള അപേക്ഷ കൈമാറിയതും അപ്പോള്‍ തന്നെ യു.പി. പഠനത്തിന്റെ കൂടുതല്‍രേഖകള്‍ കണ്ടെത്താന്‍ ശ്രമിക്കുകയാണെന്ന് ഇന്ദ്രന്‍സിനെ തുടര്‍പഠനത്തിന് പ്രേരിപ്പിച്ച മെഡിക്കല്‍ കോളജ് വാര്‍ഡ് കൗണ്‍സിലറും സുഹൃത്തുമായ ഡി.ആര്‍. അനില്‍ പറഞ്ഞു.

Top