വാട്‌സ്ആപ്പില്‍ ഫോണ്‍ നമ്പര്‍ രഹസ്യമാക്കി വെച്ച് യൂസര്‍ നെയിമിലൂടെ ചാറ്റ് ചെയ്യാം

യൂസര്‍ നെയിം ഉപയോഗിച്ച് ഉപയോക്താക്കളുടെ സ്വകാര്യത വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ചാറ്റ് ചെയ്യാവുന്ന ഫീച്ചറുമായി മെസേജിങ് ആപ്ലിക്കേഷനായ വാട്‌സ്ആപ്പ് രംഗത്തെത്തുന്നു. ഉപയോക്താക്കള്‍ക്ക് അവരുടെ ഫോണ്‍ നമ്പര്‍ പങ്കിടാതെ തന്നെ മറ്റുള്ളവരുമായി ചാറ്റ് ചെയ്യാം. സ്വകാര്യ വിവരങ്ങളില്‍ ഒന്നായ ഫോണ്‍ നമ്പര്‍ പങ്കിടേണ്ടി വരില്ല എന്നതാണ് ഇതില്‍ ആകര്‍ഷകമായ വസ്തുത.

ആപ്പിളിലെ വാട്‌സ്ആപ്പിന്റെ ബീറ്റാ പതിപ്പില്‍ ഫീച്ചര്‍ ഉടന്‍ ലഭ്യമാകുമെന്നാണ് കരുതുന്നത്. ആന്‍ഡ്രോയിഡിനുള്ള വാട്ട്സ്ആപ്പിന്റെ ബീറ്റാ പതിപ്പില്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ഈ ഫീച്ചര്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. WABetaInfo ആണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തത്. റിപ്പോര്‍ട്ടില്‍ പങ്കിട്ടിട്ടുള്ള സ്‌ക്രീന്‌ഷോട് അനുസരിച്ച് ഉപയോക്തൃനാമം സജ്ജീകരിക്കാനുള്ള ഓപ്ഷന്‍ ആപ്പിന്റെ പ്രൊഫൈല്‍ പേജില്‍ നിന്ന് ആക്സസ് ചെയ്യാന്‍ സാധിക്കും. ചില പ്രത്യേക ക്യാരക്ടറുകള്‍ക്കൊപ്പം ആല്‍ഫാന്യൂമെറിക് പ്രതീകങ്ങളും ഉള്‍പ്പെടുത്തി യൂസര്‍ നെയിം സജീകരിക്കാം എന്നാണ് സൂചന. എന്നാലും ഇന്‍സ്‌റാഗ്രാമിന് സമാനമായി ഓരോ ഉപയോക്തൃനാമവും വ്യത്യസ്തമായിരിക്കും.

വ്യക്തികള്‍ക്കും ബിസിനസുകള്‍ക്കും ഇഷ്ടമുള്ള ഉപയോക്തൃനാമം തിരഞ്ഞെടുക്കാന്‍ വാട്‌സ്ആപ്പ് അനുവദിക്കുമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഒരു വ്യക്തിയുടെ ഉപയോക്തൃനാമത്തില്‍ ഒരു പുതിയ ചാറ്റ് ആരംഭിക്കുകയാണെങ്കില്‍ ആ അക്കൗണ്ടുമായി ലിങ്ക് ചെയ്തിരിക്കുന്ന ഫോണ്‍ നമ്പര്‍ ഉപയോക്താവ് പങ്കിടുവാന്‍ താല്പര്യപ്പെടുന്നില്ലെങ്കില്‍ അത് മറച്ചുവെക്കപ്പെടും. സാധാരണ വാട്‌സ്ആപ്പ് ചാറ്റുകള്‍ക്ക് സമാനമായി, ഉപയോക്തൃനാമങ്ങള്‍ ഉപയോഗിച്ച് ആരംഭിക്കുന്ന സംഭാഷണങ്ങള്‍ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റ് ചെയ്യും.

‘ഉപയോക്താക്കളെ അവരുടെ ഫോണ്‍ നമ്പറുകള്‍ വെളിപ്പെടുത്താതെ ആശയവിനിമയം നടത്താന്‍ അനുവദിക്കുന്നതിലൂടെ, പുതിയ കോണ്‍ടാക്റ്റുകളുമായും ഗ്രൂപ്പ് ചാറ്റുകളുമായും ഇടപഴകുമ്പോള്‍ അവര്‍ക്ക് അവരുടെ വിവരങ്ങളുടെ ഉയര്‍ന്ന തലത്തിലുള്ള രഹസ്യസ്വഭാവം നിലനിര്‍ത്താന്‍ കഴിയും,’ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ആന്‍ഡ്രോയിഡിനുള്ള ഏറ്റവും പുതിയ വാട്‌സ്ആപ്പ് ബീറ്റ 2.23.20.20 അപ്ഡേറ്റ് ഉപയോക്താക്കള്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ ശേഷം സംഭാഷണത്തില്‍ ചിത്രങ്ങളോ വീഡിയോകളോ കാണുമ്പോള്‍ പുതിയ മറുപടി ബാര്‍ ഫീച്ചര്‍ ലഭ്യമാകും. മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്‌സാപ്പ് അടുത്തിടെ നിരവധി പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കുന്നുണ്ട്. ചിത്രങ്ങള്‍, വീഡിയോകള്‍, GIF-കള്‍ എന്നിവയോട് വേഗത്തില്‍ പ്രതികരിക്കുന്നതിനായി വാട്‌സ്ആപ്പ് ഒരു പുതിയ റിപ്ലൈ ബാര്‍ ഫീച്ചറും അവതരിപ്പിക്കുന്നുണ്ട്.

Top