യോനോ ആപ്പ് പ്രോത്സാഹിപ്പിക്കാന്‍ എസ്ബിഐ; എടിഎമ്മില്‍ പോവുന്നത് നിലച്ചേക്കും

രാജ്യത്തെ പ്രമുഖ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഡിജിറ്റല്‍ പെയ്‌മെന്റ് പ്രോത്സാഹിപ്പിക്കാന്‍ ഒരുങ്ങുന്നു. അതിന്റെ ഭാഗമായി പ്ലാസ്റ്റിക് കാര്‍ഡ്, ബാങ്ക്കാര്‍ഡ്, ചെക്ക് കാര്‍ഡ് എന്നെല്ലാം അറിയപ്പെടുന്ന ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് എടിഎം വഴിയുള്ള പണം പിന്‍വലിക്കല്‍ ഇല്ലാതാക്കാനാണ് ബാങ്കിന്റെ തീരുമാനമെന്നാണ് സൂചന. എസ്ബിഐ ഉപയോക്താക്കള്‍ ബാങ്കിന്റെ യോനോ (YONO) ആപ് ഉപയോഗിച്ചായിരിക്കും പണമിടപാടുകള്‍ നടത്തുക. യോനോ ആപ് വഴി, കാര്‍ഡ് ഉപയോഗിക്കാതെ ഇപ്പോള്‍ തന്നെ എസ്ബിഐ ഉപയോക്താക്കള്‍ക്ക് എടിമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കാം.

‘തങ്ങള്‍ ഡെബിറ്റ് കാര്‍ഡുകള്‍ ഇല്ലായ്മ ചെയ്യാനാണ് ആഗ്രഹിക്കുന്നത്. അതു ചെയ്യാനുമാകും. പതിറ്റാണ്ടുകള്‍ പഴക്കമുള്ള കാര്‍ഡ് സാങ്കേതികവിദ്യയില്‍ നിന്നു മുന്നേറാനാണ് ബാങ്ക് ശ്രമിക്കുന്നത്. ആധുനിക കാലത്തിനു ചേര്‍ന്ന ശീലങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ ബാങ്ക് ശ്രമിക്കുന്നു. ഡിജിറ്റല്‍ പണമിടപാടുകള്‍ക്ക് നാള്‍ക്കുനാള്‍ പ്രചാരമേറുകയാണ്. ശീലിച്ചു കഴിഞ്ഞാല്‍ ആപ് വഴിയുള്ള സേവനമാണ് കൂടുതല്‍ എളുപ്പമെന്നും ബാങ്ക് ചെയര്‍മാന്‍ രജ്നീഷ് കുമാര്‍ പറഞ്ഞു.

എസ്ബിഐ യോനോ സേവനങ്ങള്‍ അവതരിപ്പിച്ചിട്ട് അധികം കാലമായില്ല. യോനോ എന്നത് ‘You-Only-Need-One’ എന്നാണ് ഉദ്ദേശിക്കുന്നത്. എസ്ബിഐ കസ്റ്റമര്‍മാര്‍ ബാങ്കിങ് സേവനങ്ങള്‍ക്കായി ഇനി യോനോ ആപ് ഉപയോഗിക്കേണ്ടതായി വരും. അവരുടെ എല്ലാ ബാങ്കിങ് സേവനങ്ങളും യോനോയിലൂടെ ഡിജിറ്റലായി സാധ്യമാകും. ഏകദേശം അഞ്ച് വര്‍ഷത്തിനുള്ളിലാണ് ഈ സംവിധാനം നടപ്പിലാകുക. കൂടാതെ മറ്റ് ബാങ്കുകളും എസ്ബിഐയുടെ മാതൃക പിന്തുടരുമെന്ന് തന്നെയാണ് സൂചന.

Top