കൊറോണ ബാധിതര്‍ക്കൊപ്പം 138 ഇന്ത്യക്കാരും; യോക്കോഹാമ വിടാതെ ആഢംബരക്കപ്പല്‍

യോക്കോഹാമ: കൊറോണ വൈറസിനെ തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്ന ജാപ്പനീസ് ആഢംബരക്കപ്പലായ ഡയമണ്ട് പ്രിന്‍സസ് ക്രൂയിസിലെ 3700 പേരില്‍ 138 പേര്‍ ഇന്ത്യക്കാര്‍. കപ്പലിലുള്ള 64 പേര്‍ക്ക് ഇതിനകം കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. കുറച്ചു ദിവസമായി യോക്കോഹാമ തുറമുഖത്താണ് കപ്പല്‍. എന്നാല്‍ കപ്പലില്‍ കൊറോണ സ്ഥിരീകരിക്കപ്പെട്ടവരില്‍ ഇന്ത്യക്കാരില്ല. കപ്പലിലെ യാത്രക്കാര്‍ ജപ്പാന്‍ സേനയോട് സഹായം അഭ്യര്‍ത്ഥിച്ചിരിക്കുകയാണ്.

കൊറോണ ഭീഷണിയെത്തുടര്‍ന്ന് കഴിഞ്ഞ രണ്ടാഴ്ചയായി കപ്പലിലെ നാലായിരത്തോളം വരുന്ന സഞ്ചാരികളേയും ജീവനക്കാരെയും ക്വാറന്റൈന്‍ ചെയ്തിരിക്കുകയാണ്. യോക്കോഹാമ തുറമുഖത്ത് പിടിച്ചിട്ടിരിക്കുന്ന കപ്പലില്‍ നിന്നും ഇതുവരെ യാത്രക്കാരെ പുറത്തിറങ്ങാന്‍ സമ്മതിച്ചിട്ടില്ല.

കപ്പലിലുണ്ടായ എണ്‍പതുകാരനായ യാത്രക്കാരന് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് കപ്പലിലുള്ള 273 പേരുടെ സാംപിളുകള്‍ ആദ്യം പരിശോധിച്ചത്. ഇതില്‍ 10 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതോടെ മുഴുവന്‍ യാത്രക്കാരെയും പരിശോധനയ്ക്കു വിധേയമാക്കുകയായിരുന്നു.

കൊറോണ വൈറസ് ബാധയില്‍ മരണസംഖ്യ ഓരോ ദിവസം ചെല്ലുന്തോറും ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്. ചൈനയില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 803 ആയി. ഇന്നലെ മാത്രം 81 പേരാണ് മരണത്തിന് കീഴടങ്ങിയത്. ഹോങ്കോങ്ങിലും ഫിലീപ്പിന്‍സിലും നേരത്തെ ഓരോരുത്തരും മരിച്ചതിനാല്‍ ആകെ മരണസംഖ്യ 805 ആയി. അതിനിടെ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം സാര്‍സിനേക്കാളും ഉയര്‍ന്നതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

2002-03 കാലഘട്ടത്തില്‍ ലോകത്ത് ഭീതി വിതച്ച സാര്‍സിനെ തുടര്‍ന്ന് 774 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. കൊറോണ ഇനിയും നിയന്ത്രണവിധേയമാകാത്തതിനാല്‍ മരണ സംഖ്യ ഉയരാനാണ് സാധ്യത. ചൈനയ്ക്ക് പുറമെ 30തോളം രാജ്യങ്ങളില്‍ കൊറോണ ബാധിച്ചിട്ടുണ്ട്. മൊത്തം 37,547 പേര്‍ക്കാണ് കൊറോണ ബാധ സ്ഥിരീകരിച്ചത്.

Top