ഒളിമ്പിക്‌സ്; 100 മീറ്റര്‍ ഓട്ടത്തില്‍ യൊഹാന്‍ ബ്ലേക്ക് സെമി ഫൈനലില്‍ പുറത്ത്

ടോക്യോ: ജമൈക്കയുടെ ഇതിഹാസ താരം യൊഹാന്‍ ബ്ലേക്ക് പുരുഷന്മാരുടെ 100 മീറ്റര്‍ ഓട്ടത്തിന്റെ സെമി ഫൈനലില്‍ പുറത്തായി. ഈ ഇനത്തില്‍ സ്വര്‍ണം നേടുമെന്ന് കായികലോകം കരുതിയിരുന്ന ബ്ലേക്ക് സെമിയില്‍ ആറാമതായി മാത്രമാണ് മത്സരം പൂര്‍ത്തീകരിച്ചത്. 100 മീറ്റര്‍ പൂര്‍ത്തീകരിക്കാന്‍ ബ്ലേക്ക് 10.14 സെക്കന്‍ഡാണ് എടുത്തത്.
ആദ്യ സെമി ഫൈനലിലാണ് ബ്ലേക്ക് മത്സരിച്ചത്.

ആദ്യ സെമിയില്‍ നിന്നും അമേരിക്കയുടെ ഫ്രേഡ് കേര്‍ളി 9.96 സെക്കന്‍ഡില്‍ ഒന്നാം സ്ഥാനത്തെത്തി. 9.98 സെക്കന്‍ഡില്‍ കാനഡയുടെ ആന്ദ്രെ ഡെ ഗ്രാസ്സെ രണ്ടാമതെത്തി. ഇരുവരും ഫൈനലിലേക്ക് യോഗ്യത നേടി. മികച്ച തുടക്കം ലഭിച്ചിട്ടും അവസാനത്തേക്ക് ബ്ലേക്കിന്റെ വേഗത കുറഞ്ഞു. ലോകത്തിലെ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ താരമാണ് ബ്ലേക്ക്. ഉസൈന്‍ ബോള്‍ട്ടിനുശേഷം 100 മീറ്ററിലും 200 മീറ്ററിലും ബ്ലേക്കിന്റെ വേഗതയെ മറികടക്കാന്‍ ഒരു കായികതാരത്തിനും ഇതുവരെ കഴിഞ്ഞിട്ടില്ല. 100 മീറ്ററില്‍ ബ്ലേക്കിന്റെ ഏറ്റവും മികച്ച സമയം 9.69 സെക്കന്‍ഡാണ്.

രണ്ട് തവണ വീതം ഒളിമ്പിക്‌സില്‍ സ്വര്‍ണവും വെള്ളിയും നേടിയ ബ്ലേക്ക് രണ്ട് തവണ ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണവും അഞ്ചുതവണ ഒളിമ്പിക്‌സ് ഗെയിംസില്‍ ഫൈനലിസ്റ്റ് ആയിട്ടുമുണ്ട്. ലോകറെക്കോഡ് നേടിയ ജമൈക്കയുടെ റിലേ ടീമിലും അംഗമായിരുന്നു.

ഒരു കാലത്ത് വേഗതയുടെ പര്യായയമായിരുന്ന ജമൈക്കയില്‍ നിന്നും ഇത്തവണ പുരുഷന്മാരുടെ 100 മീറ്റര്‍ ഫൈനലില്‍ ഒറ്റ താരം പോലും ഇടം നേടിയില്ല. ബ്രിട്ടന്റെ ഷാര്‍ണെല്‍ ഹ്യൂസ്, നൈജീരിയയുടെ എനോത്ത് അഡെഗോക്കെ, ചൈനയുടെ ഷൂ ബിങ് ടിയാന്‍, അമേരിക്കയുടെ റോണി എന്നിവരാണ് ഫൈനലില്‍ ഇടം നേടിയ മറ്റ് താരങ്ങള്‍.

Top