യോഗിയുടെ യുപിയില്‍ സ്‌കൂള്‍ കെട്ടിടത്തിനകത്ത് കന്നുകാലികള്‍; വിദ്യാര്‍ത്ഥികള്‍ പുറത്ത്

yogi-new

ലഖ്‌നൗ: പ്രയാഗ് രാജ് ജില്ലയിലെ ഭഡിവാര്‍ ഗ്രാമത്തിലെ പ്രൈമറി സ്‌കൂളില്‍ കെട്ടിയിട്ടിരിക്കുന്നത് നൂറിലധികം കന്നുകാലികളെ. ക്ലാസ് മുറിയില്‍ ഇരുന്ന് പഠിക്കേണ്ട കുട്ടികളുടെ സ്ഥാനം ഇവിടെ സ്‌കൂള്‍ ഗേറ്റിന് പുറത്താണ്. സ്‌കൂളിലെത്തിയപ്പോള്‍ കണ്ട കാഴ്ചയുടെ ഞെട്ടലില്‍ നിന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കമലേഷ് സിങ് ഇതുവരെ മുക്തനായിട്ടില്ല.

അലഞ്ഞ് നടക്കുന്ന കന്നുകാലികള്‍ വിള നശിപ്പിക്കുന്നതില്‍ പൊറുതി മുട്ടിയ കര്‍ഷകരാണ് ഇവയെ സ്‌കൂള്‍ കെട്ടിടത്തിനകത്ത് കെട്ടിയിട്ടത്. തെരുവില്‍ അലഞ്ഞ് നടക്കുന്ന കന്നുകാലികളെ ഗോ സംരക്ഷണ കേന്ദ്രത്തില്‍ എത്തിക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെങ്കിലും അതൊന്നും പൂര്‍ണമായും ഫലപ്രദമാകാറില്ല.

കന്നുകാലികള്‍ക്കെതിരെ പരാതി നല്‍കാനും കഴിയുന്നില്ലെന്നതാണ് ഇവരെ ധര്‍മ്മസങ്കടത്തിലാക്കിയത്.അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന കന്നുകാലികള്‍ കാലങ്ങളായി വരുത്തിവെക്കുന്ന നഷ്ടത്തിന് അറുതി വരുത്താനാണ് കര്‍ഷകര്‍ ഇങ്ങനൊരു മാര്‍ഗം തേടിയത്. കന്നുകാലികളെ സ്‌കൂളില്‍ കെട്ടിയിട്ട് പുറത്ത് കാവലിരിക്കുകയാണ് കര്‍ഷകര്‍.കന്നുകാലികളെ സ്‌കൂളില്‍ കെട്ടിയിടാന്‍ തങ്ങള്‍ നിര്‍ബന്ധിതരാകുകയായിരുന്നു എന്നാണ് ഗ്രാമീണരുടെ വാദം.

സ്‌കൂളിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തിയതിന്റെ പേരില്‍ ഗ്രാമീണര്‍ക്കെതിരെ കേസെടുത്തതായി ജില്ലാ മജിസ്‌ട്രേറ്റ് വെളിപ്പെടുത്തി.

Top