യോഗിയുടെ വിവാദ പരാമര്‍ശത്തില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും ബഹളം

indian parliament

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വിവാദ പരാമര്‍ശത്തില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും ബഹളം. ലോക്‌സഭയില്‍ പ്രതിപക്ഷം വിഷയം ഉയര്‍ത്തിയതിനെ ബിജെപി എതിര്‍ത്തു. രാജ്യസഭയില്‍ വിഷയം ഉന്നയിക്കാന്‍ അനുവദിക്കാത്തതിനാല്‍ ഇടതുപക്ഷം ഇറങ്ങിപോയി.

സൂക്ഷിച്ചില്ലെങ്കില്‍ യുപി കേരളവും ബംഗാളും കശ്മീരും പോലെയാകുമെന്ന മുഖ്യമന്ത്രി യോഗിയുടെ പ്രസ്താവനയ്‌ക്കെതിരെ ഇരുസഭളിലും പ്രതിപക്ഷം നോട്ടീസ് നല്കിയിരുന്നു. അധിര്‍ രഞ്ജന്‍ ചൗധരിയുടെ നേതൃത്വത്തിലാണ് ലോക്‌സഭയില്‍ കേരളത്തിലെയും പശ്ചിമബംഗാളിലെയും അംഗങ്ങള്‍ ബഹളം വച്ചത്.

രാജ്യത്തെ വിഭജിക്കാനുള്ള നീക്കമാണ് യോഗി ആദിത്യനാഥിന്റേതെന്ന് ചൂണ്ടിക്കാട്ടി കൊടിക്കുന്നില്‍ സുരേഷ്, എന്‍കെ പ്രേമചന്ദ്രന്‍, ടിഎന്‍ പ്രതാപന്‍ എന്നിവരാണ് നോട്ടീസ് നല്കിയത്. എന്‍കെ പ്രേമചന്ദ്രന്‍ ചെയറില്‍ ഇരുന്നപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ സൗഗത റോയിക്ക് വിഷയം ഉന്നയിക്കാന്‍ അനുവാദം നല്കിയതിനെ ബിജെപി അംഗം നിഷികാന്ത് ദുബെ എതിര്‍ത്തത് ബഹളത്തിനിടയാക്കി. കശ്മീര്‍, ബംഗാള്‍, കേരളം എന്നീ സംസ്ഥാനങ്ങളെ യോഗി അപമാനിക്കുകയാണ് എന്ന് സൗഗത റോയി പറഞ്ഞു.

രാജ്യസഭയില്‍ ജോണ്‍ ബ്രിട്ടാസാണ് നോട്ടീസ് നല്കിയത്. മൂന്നൂ സംസ്ഥാനങ്ങളെ അപമാനിച്ച വിഷയം ഗൗരവമേറിയതെന്ന് എംപിമാര്‍ വാദിച്ചെങ്കിലും ഇക്കാര്യം ഉന്നയിക്കാന്‍ അനുവാദം നല്കിയില്ല. തുടര്‍ന്നാണ് ഇടത്‌ എംപിമാര്‍ സഭയില്‍ നിന്നിറങ്ങിപ്പോയത്.

Top