ലഖിംപൂരിലെ കര്‍ഷക കൊലപാതകം; വ്യക്തമായ തെളിവില്ലാതെ അറസ്റ്റില്ലെന്ന് യോഗി

ലഖ്‌നൗ: ലഖിംപുര്‍ ഖേരി സംഭവത്തില്‍ വ്യക്തമായ തെളിവില്ലാതെ അറസ്റ്റില്ലെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കുന്ന പ്രതിപക്ഷ നേതാക്കളെയും യോഗി വിമര്‍ശിച്ചു.

”നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യരാണ്. തെളിവില്ലാതെ ആരെയും അറസ്റ്റ് ചെയ്യാന്‍ ആകില്ല. അന്വേഷണം നടക്കുകയാണ്. പരാതിയുടെ അടിസ്ഥാനത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കുറ്റക്കാര്‍ ആരും രക്ഷപ്പെടില്ല”യോഗി ആദിത്യനാഥ് പറഞ്ഞു. സമ്മര്‍ദ്ദത്തിന്റെ പുറത്ത് നടപടിയെടുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ജനാധിപത്യത്തില്‍ അക്രമത്തിന് സാധ്യതയില്ല. നിയമം എല്ലാവര്‍ക്കും സുരക്ഷ ഉറപ്പ് നല്‍കുമ്പോള്‍ ആരും നിയമം കൈയിലെടുക്കേണ്ട ആവശ്യമില്ല. ലഖിംപുര്‍ ഖേരിയില്‍ സന്ദര്‍ശനം നടത്തുന്ന പ്രതിപക്ഷ നേതാക്കള്‍ ആരും ഗുഡ്വില്‍ ദൂതന്മാരല്ല. സമാധാനവും ഐക്യവും നിലനിര്‍ത്തുകയാണ് സര്‍ക്കാര്‍ മുന്‍ഗണന. സംഭവസ്ഥലത്ത് പോകാന്‍ ആഗ്രഹിക്കുന്ന പലരും അക്രമ സംഭവത്തിന് പിന്നിലുണ്ട്. അന്വേഷണത്തിന് ശേഷം എല്ലാം വ്യക്തമാകുമെന്നും യോഗി വ്യക്തമാക്കി.

ആരോപണ വിധേയരായ ബിജെപി നേതാക്കളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന ആരോപണത്തെയും യോഗി തള്ളി. സംഭവത്തില്‍ ആരോപണം നേരിടുന്ന കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയെ ഇന്ന് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ട്. 11 മണിക്ക് ഹാജരാകണമെന്നാണ് നോട്ടീസ്.

Top