ജനങ്ങളെ സഹായിക്കാന്‍ വേണ്ടിയാണ് താന്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയതെന്ന് യോഗി

ലക്‌നൗ: ജനങ്ങളെ സഹായിക്കാന്‍ വേണ്ടിയാണ് താന്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയതെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മാഫിയകളുടെ അതിക്രമങ്ങളില്‍ നിന്നും ജനങ്ങളെ രക്ഷിക്കാനായാണ് രാഷ്ട്രീയ പ്രവര്‍ത്തനം തെരഞ്ഞെടുത്തതെന്നും യോഗി പറഞ്ഞു. 1994 ലെ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു യോഗിയുടെ പ്രതികരണം.

മാഫിയകളുടെ അഴിഞ്ഞാട്ടത്തില്‍ നിന്നും ജനങ്ങളെ രക്ഷപ്പെടുത്തി അവര്‍ക്ക് പ്രതികരിക്കാനുള്ള പ്രചോദനം നല്‍കാനാണ് ശ്രമിച്ചതെന്നും പ്രശ്‌നങ്ങളില്‍ നിന്നും അവരെ മോചിപ്പിക്കാനായാണ് രാഷ്ട്രീയത്തിലേക്കിറങ്ങിയതെന്നും യോഗി പറഞ്ഞു.

‘ഗോരഖ്പുരില്‍ മാഫിയകളുടെ അഴിഞ്ഞാട്ടം നടക്കുന്ന കാലഘട്ടത്തിലാണ് ജനങ്ങള്‍ക്കായി രാഷ്ടീയത്തില്‍ ചേര്‍ന്നത്. 1994 95ല്‍ ഗോരഖ്പുരിലെ ഒരു കുടുംബത്തിന്റെ അധീനതയിലായിരുന്ന രണ്ട് ഹവേലികള്‍ മാഫിയ സംഘം കൈവശപ്പെടുത്തി. പിന്നാലെ ഉടമസ്ഥര്‍ രണ്ട് കെട്ടിടങ്ങളും പൊളിച്ചുമാറ്റി. അടുത്ത ദിവസം വിവരമന്വേഷിക്കാന്‍ കുടുംബത്തെ സമീപിച്ചപ്പോള്‍ അവര്‍ നല്‍കിയ മറുപടി ഇപ്രകാരമായിരുന്നു. ഭൂമിയെങ്കിലും തങ്ങള്‍ക്ക് ലഭിക്കുമല്ലോ എന്നായിരുന്നു അവരുടെ പ്രതികരണം.’

‘വീണ്ടും സമാനമായ സംഭവം ഉണ്ടായി ഒരാള്‍തന്നെ വിളിച്ച് അദ്ദേഹത്തിന്റെ വീട് അനധികൃതമായി ഒരു മന്ത്രി കൈവശപ്പെടുത്തിയതായി അറിയിച്ചു. ഉടന്‍ തന്നെ സ്ഥലത്തെത്തി കാര്യങ്ങള്‍ ആരാഞ്ഞു.

ഉടമസ്ഥന്‍ മറ്റൊരാള്‍ക്ക് അധീനപ്പെടുത്തിയിട്ടില്ലാത്ത കെട്ടിടം എങ്ങനെ അനധികൃതമായി ഉപയോഗിക്കാന്‍ കഴിയുമെന്നും ചോദിച്ചു. എന്നാല്‍ ആരും പ്രതികരിച്ചില്ല. ആളുകളോട് അവരെ അടിച്ചൊതുക്കാനും പ്രതികരിക്കാനും ഞാന്‍ ആവശ്യപ്പെട്ടു’ യോഗി പറഞ്ഞു. ഇത്തരം പ്രശ്‌നങ്ങളില്‍ നിന്നും ജനങ്ങളെ കൈപിടിച്ചുയര്‍ത്താനാണ് താന്‍ വന്നതെന്നും യോഗി കൂട്ടിച്ചേര്‍ത്തു.

Top