യുപിയില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി യോഗി തന്നെയെന്ന് ഉപമുഖ്യമന്ത്രി

ലഖ്‌നോ: ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകുക യോഗി ആദിത്യനാഥ് തന്നെയെന്ന് യു.പി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ. ആജ് തക്കിന്റെ തെരഞ്ഞെടുപ്പ് പരിപാടിയായ ‘പഞ്ചായത്ത് ആജ് തക്കില്‍’ സംസാരിക്കുകയായിരുന്നു ഉപമുഖ്യമന്ത്രി.

‘യോഗി ആദിത്യനാഥിന്റെ കീഴിലുള്ള ഞങ്ങളുടെ സര്‍ക്കാര്‍ 2017 മുതല്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്നു. പ്രതിപക്ഷത്തിന് ഉയര്‍ത്തിക്കൊണ്ടുവരാന്‍ പ്രശ്‌നങ്ങളില്ല. അദ്ദേഹം തന്നെ അടുത്ത തെരഞ്ഞെടുപ്പില്‍ നേതൃത്വം ഏറ്റെടുക്കണമെന്ന് ഞങ്ങള്‍ ചിന്തിക്കുന്നു’ -മൗര്യ പറഞ്ഞു.

‘എന്റെ വ്യക്തിപരമായ തെരഞ്ഞെടുപ്പിനെക്കുറിച്ച് 2017ല്‍ ഞാന്‍ വ്യക്തമാക്കിയിരുന്നു. 2017ല്‍ ബി.ജെ.പി യു.പി അധ്യക്ഷനായിരുന്നു ഞാന്‍, യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയുമായി. എന്റെ താല്‍പര്യം വ്യക്തമാണ്. പാര്‍ട്ടി മുഴുവനും അദ്ദേഹത്തെ പിന്തുണക്കുന്നു’ – മൗര്യ പറഞ്ഞു.

മുഖ്യമന്ത്രി സ്ഥാനത്തെചൊല്ലി സംസ്ഥാനത്ത് അസ്വാരസ്യങ്ങള്‍ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്നലെകളിലും ഇന്നും നാളെയും പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരില്ലെന്നായിരുന്നു പ്രതികരണം.

 

 

Top