യോഗിയെയും ആര്‍എസ്എസിനെയും വിമര്‍ശിച്ചു; റാപ്പ് ഗായികക്കെതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസ്

ലക്‌നോ/ലണ്ടന്‍: റാപ്പ് ഗായിക ഹര്‍ദ് കൗറിനെതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസ്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും ആര്‍എസ്എസിനെയും വിമര്‍ശിച്ചതിനാണ് കേസ്.

അഭിഭാഷകനായ ശങ്കര്‍ ശേഖറിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഹര്‍ദ് കൗറിനെതിരെ കേസെടുത്തത്. കേസ് കൂടുതല്‍ അന്വേണങ്ങള്‍ക്കായി സൈബര്‍ സെല്ലിനു കൈമാറി.രാജ്യദ്രോഹക്കുറ്റം ഉള്‍പ്പെടെ നിരവധി കുറ്റങ്ങള്‍ ചുമത്തിയാണ് കൗറിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ബ്രിട്ടനില്‍ താമസിക്കുന്ന ഇന്ത്യന്‍ ഗായിക തരണ്‍ കൗര്‍ ധില്ലന്‍ (ഹര്‍ദ് കൗര്‍) തിങ്കളാഴ്ച ഇന്‍സ്റ്റഗ്രാമിലായിരുന്നു യോഗിയേയും ആര്‍എസ്എസിനെയും വിമര്‍ശിച്ച് പോസ്റ്റിട്ടത്. യോഗിയെ ‘ഓറഞ്ച് ബലാത്സംഗക്കാരന്‍’ എന്ന് വിശേഷിപ്പിച്ച കൗര്‍ ആര്‍എസ്എസ് മേധാവി ‘ഭീകരവാദിയും വംശീയവാദിയും’ ആണെന്ന് ആരോപിച്ചു. മുംബൈ ഭീകരാക്രമണമടക്കം രാജ്യത്തെ എല്ലാ ഭീകരാക്രമണങ്ങള്‍ക്ക് പിന്നിലും ആര്‍എസ്എസ് ആണെന്നും അവര്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു. കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ ചിത്രവും ‘കര്‍ക്കരെയെ കൊന്നതാര്’ എന്ന പുസ്തകത്തിന്റെ കവര്‍ചിത്രവും അവര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

യുപി മുഖ്യമന്ത്രി ‘സൂപ്പര്‍ ഹീറോ’ ആണെങ്കില്‍ ബലാത്സംഗക്കാരന്‍ യോഗി എന്നാണ് താന്‍ വിളിക്കുക. നിങ്ങളുടെ സഹോദരിമാര്‍, അമ്മമാര്‍, മക്കള്‍ എന്നിവര്‍ മാനഭംഗം ചെയ്യപ്പെടുമ്പോള്‍ നിങ്ങള്‍ ഇദ്ദേഹത്തെ വിളിക്കുന്നു. എന്നാല്‍, ഞാന്‍ വ്യക്തിപരമായി ‘ഓറഞ്ച് ബലാത്സംഗക്കാരന്‍’ എന്നാണ് വിശേഷിപ്പിക്കുകയെന്നും കൗര്‍ ഇന്‍സ്റ്റഗ്രാം കുറിപ്പില്‍ പറഞ്ഞു.

കൗറിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് വൈറലായിതിനെ തുടര്‍ന്ന് നിരവധി പേര്‍ അവര്‍ക്കെതിരെ വിമര്‍ശനവുമായെത്തിയിട്ടുണ്ട്.

Top