വിദ്യാര്‍ത്ഥികള്‍ക്ക് മാസം 2500 രൂപ സ്റ്റൈപെന്‍ഡ്, വനിതകള്‍ക്കും വാഗ്ദാനങ്ങള്‍; യോഗി സര്‍ക്കാര്‍

ലക്നൗ: വിദ്യാര്‍ത്ഥികള്‍ക്ക് സ്റ്റൈപെന്‍ഡ് നല്‍കുമെന്ന പ്രഖ്യാപനവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 10 മുതല്‍ 12 വരെയുള്ള ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികള്‍ക്കും ബിരുദവിദ്യാര്‍ത്ഥികള്‍ക്കും മാസം 2500 രൂപ വീതം നല്‍കുമെന്നാണ് പ്രഖ്യാപനം.

സ്റ്റൈപെന്‍ഡിന് പുറമെ സാങ്കേതിക സ്ഥാപനങ്ങളില്‍ ഇന്റേണ്‍ഷിപ്പിനുള്ള അവസരവും നല്‍കി കൊടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്റേണ്‍ഷിപ്പ് കാലാവധി ആറുമാസമോ ഒരു വര്‍ഷമോ ആയിരിക്കും അതിനുശേഷം അവര്‍ക്ക് ജോലി ലഭിക്കാന്‍ സര്‍ക്കാര്‍ സഹായിക്കുമെന്നും യോഗി പറഞ്ഞു.

വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്റ്റൈപെന്‍ഡില്‍ 1,000 സംസ്ഥാന സര്‍ക്കാരും 1,500 രൂപ കേന്ദ്രവും സംഭാവന ചെയ്യും. വിദ്യാര്‍ത്ഥികള്‍ക്ക് പുറമെ സ്ത്രീകള്‍ക്കും സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ നല്‍കുന്നുണ്ട്. പൊലീസ് സേനയില്‍ 20 ശതമാനം സ്ത്രീകളെ നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. ‘ജനങ്ങളുടെയും സംസ്ഥാനത്തിന്റെയും സുരക്ഷയില്‍ സ്ത്രീകള്‍ പ്രധാന പങ്കുവഹിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.’ യോഗി ആദിത്യനാഥ് വ്യക്തമാക്കി. യുവാക്കള്‍ക്ക് അവരുടെ കഴിവുകള്‍ മെച്ചപ്പെടുത്തുന്നതിനായി ഐടിഐയും നൈപുണ്യ വികസന കേന്ദ്രവും ആരംഭിക്കുമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു.

Top