പൗരത്വ നിയമം നടപ്പാക്കാന്‍ ഒരുങ്ങി ഉത്തര്‍പ്രദേശ്; ലഘു ലേഖകള്‍ വിതരണം ചെയ്തു

ലക്നൗ: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം തുടരുന്നതിനിടെ,രാജ്യത്താദ്യമായി നിയമം നടപ്പാക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. മുസ്ലീങ്ങള്‍ക്ക് പൗരത്വ നിയമ ഭേദഗതിയെക്കുറിച്ചുള്ള വിവരങ്ങള്‍ അടങ്ങിയ ലഘുലേഖ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിതരണം ചെയ്തു. ഏതെങ്കിലും വിധത്തിലുള്ള സംശയങ്ങള്‍ ഉണ്ടെങ്കില്‍ വായിച്ച് ഉത്തരം കണ്ടെത്തണമെന്ന് നിര്‍ദ്ദേശവും നല്‍കി. പൗരത്വ നിയമ ഭേദഗതിയില്‍ ബിജെപി ദേശീയ വ്യാപകമായി നടത്തുന്ന ബോധവത്കരണ പരിപാടിയുടെ ഭാഗമായിട്ടാണ് ലഘുലേഖ വിതരണം ചെയ്തത്.

പൗരത്വ നിയമ ഭേദഗതി, പൗരത്വം നല്‍കുന്നതിന് വേണ്ടിയുള്ളതാണ്, മറിച്ച് പൗരത്വം ഇല്ലാതാക്കാന്‍ വേണ്ടിയുള്ളതല്ലെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. എന്നാല്‍ ഈ വിഷയത്തില്‍ ധാരാളം തെറ്റിദ്ധാരണകള്‍ പ്രചരിക്കുന്നുണ്ട്. സംസ്ഥാനത്തെ ഉത്തരവാദിത്തമുള്ള ഒരു പദവിയിലിരിക്കുന്ന വ്യക്തി ദേശീയ പൗരത്വ രജിസ്റ്റര്‍ പൂരിപ്പിക്കുന്നില്ലെങ്കില്‍, അദ്ദേഹം പ്രീണന രാഷ്ട്രീയത്തിന്റെ വക്താവാണ് എന്ന് പറയാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

അയല്‍ രാജ്യങ്ങളില്‍ നിന്ന് നിരവധി പേര്‍ ഉത്തര്‍പ്രദേശിലെ വിവിധ ജില്ലകളില്‍ കുടിയേറി വര്‍ഷങ്ങളായി സ്ഥിര താമസക്കാരായുണ്ടെന്ന് ആഭ്യന്തര അഡിഷനല്‍ ചീഫ് സെക്രട്ടറി അവനിഷ് അവസ്തി പറഞ്ഞു. ‘പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നാണ് ഏറ്റവുമധികം കുടിയേറ്റക്കാരുള്ളത്. അഫ്ഗാനിസ്ഥാനില്‍ നിന്നുള്ളവര്‍ കുറവാണ്. ആദ്യമായാണു രാജ്യത്ത് ഇത്തരത്തില്‍ പട്ടിക തയാറാക്കുന്നത്. അര്‍ഹരായവര്‍ക്ക് പൗരത്വം നല്‍കും.’ അദ്ദേഹം പറഞ്ഞു.

പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരെ നടന്ന പ്രതിഷേധത്തിനിടയില്‍ നശിപ്പിക്കപ്പെട്ട പൊതുമുതല്‍ വീണ്ടെടുക്കാനുള്ള നടപടികള്‍ ആരംഭിച്ചതായും യോഗി ആദിത്യനാഥ് പറഞ്ഞു.

Top