ദളിത് വീട്ടിലെത്തി ഭക്ഷണം കഴിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

ലക്‌നൗ: ഉത്തര്‍പ്രദേശ് ബി ജെ പിയില്‍ നിന്നും ദളിത് നേതാക്കന്മാരുടെ കൊഴിഞ്ഞ് പോക്കിനിടെ ദളിത് വോട്ടര്‍മാരെ കൂടെ നിര്‍ത്തുന്നതിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തന്നെ രംഗത്ത്. ഉത്തര്‍പ്രദേശിലെ ഒരു ദളിത് ഭവനം സന്ദര്‍ശിച്ച യോഗി കുടുംബാംഗങ്ങളോടൊപ്പം ഇരുന്ന് ഉച്ചഭക്ഷണം കഴിച്ച ശേഷമാണ് പിരിഞ്ഞത്.

സ്വന്തം മണ്ഡലമായ ഗൊരഖ്പുരിലെ വോട്ടറുടെ വീട്ടിലെത്തിയാണ് ആദിത്യനാഥ് വീട്ടുകാര്‍ക്കൊപ്പം ഭക്ഷണം കഴിച്ചത്. ഭക്ഷണം കഴിക്കുന്ന ചിത്രങ്ങള്‍ അദ്ദേഹം പങ്കുവെച്ചു. ”സാമൂഹിക സൗഹാര്‍ദത്തിന്റെ ലക്ഷ്യം ഇനിയും വളരുക എന്നതാണ്. ഇന്ന് ഗോരഖ്പൂരിലെ ജുംഗിയയിലുള്ള അമൃത് ലാല്‍ ഭാരതിജിയുടെ വീട്ടില്‍ ഖിച്ഡി സ്വീകരിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായി. വളരെ നന്ദി ഭാരതിജി!” എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങളും വീഡിയോയും പങ്കുവെച്ചത്.

സന്ദര്‍ശനത്തിനിടെ അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള സമാജ്‌വാദി പാര്‍ട്ടിയെ വിമര്‍ശിച്ച യോഗി, പ്രതിപക്ഷം ഭരിച്ചിരുന്നപ്പോള്‍ ഉത്തര്‍പ്രദേശില്‍ സാമൂഹിക നീതിയല്ല മറിച്ച് സാമൂഹിക ചൂഷണമായിരുന്നു നടന്നിരുന്നതെന്ന് ആരോപിച്ചു. അതേസമയം ബി ജെ പിയുടെ ഭരണത്തില്‍ എല്ലാ സമുദായങ്ങള്‍ക്കും തുല്ല്യനീതി നടപ്പിലാക്കാനാണ് ശ്രമിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ബി ജെ പി മന്ത്രിസഭയില്‍ അംഗങ്ങളായിരുന്ന ദളിത് നേതാക്കളായ സ്വാമി പ്രസാദ് മൗര്യ, ധാരാ സിംഗ് ചൗഹാന്‍, ധരം സിംഗ് സൈനി എന്നിവര്‍ പാര്‍ട്ടി വിട്ട് സമാജ്‌വാദി പാര്‍ട്ടി ഓഫീസില്‍ എത്തി അംഗത്വം എടുത്തതിന് തൊട്ടുപിറകേയാണ് യോഗി ആദിത്യനാഥ് ഗോരഖ്പൂരിലെ ഒരു ദളിത് കുടുംബത്തിലെത്തി അവരോടൊപ്പം ആഹാരം കഴിച്ചതെന്നത് ശ്രദ്ധേയമാണ്.

ബി ജെ പിക്കുള്ളില്‍ ദളിത് വിരുദ്ധതയാണ് നടക്കുന്നതെന്ന് ആരോപിച്ചാണ് മൂന്ന് പേരും മന്ത്രിസ്ഥാനവും പാര്‍ട്ടി അംഗത്വവും ഉപേക്ഷിച്ച് സമാജ്‌വാദി പാര്‍ട്ടിയില്‍ ചേര്‍ന്നത്. ഇതിനോടകം മൂന്ന് മന്ത്രിമാരുള്‍പ്പെടെ എട്ടോളം ദളിത് എം എല്‍ എമാരാണ് ബി ജെ പി വിട്ട് അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള സമാജ്‌വാദി പാര്‍ട്ടിയില്‍ ചേര്‍ന്നത്.

Top