ഗംഗ വൃത്തികെട്ടതാണെന്ന് അറിയാവുന്നതു കൊണ്ട് യോഗി മുങ്ങിയില്ല; ബി ജെ പിയെ പരിഹസിച്ച് അഖിലേഷ് യാദവ്

വാരണാസി: കാശി വിശ്വനാഥ് ഇടനാഴി പദ്ധതിയുടെ ഉദ്ഘാടനത്തിനെത്തിയ പ്രധാനമന്ത്രി ഗംഗാ സ്‌നാനം നടത്തിയതിനെ പരിഹസിച്ച് സമാജ്‌വാദി പാര്‍ട്ടി അദ്ധ്യക്ഷന്‍ അഖിലേഷ് യാദവ്.

ഗംഗ വൃത്തികെട്ടതാണെന്ന് അറിയാവുന്നതിനാലാണ് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി അതില്‍ മുങ്ങാതിരുന്നതെന്നും യാദവ് പറഞ്ഞു. ഗംഗ ശുചീകരിക്കാന്‍ ബിജെപി കോടികള്‍ ചെലവഴിച്ചു. എന്നാല്‍ ഫണ്ടുകള്‍ ഒഴുകിപ്പോയി, പക്ഷേ നദി വൃത്തിയാക്കിയിട്ടില്ലെന്നും സര്‍ക്കാരിനെ കടന്നാക്രമിച്ച് അദ്ദേഹം പറഞ്ഞു.

രണ്ട് ദിവസത്തെ വാരണാസി സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി, കാശി വിശ്വനാഥ് ഇടനാഴി പദ്ധതി ഉദ്ഘാടനം ചെയ്യുന്നതിനുമുമ്പ് തിങ്കളാഴ്ച ലളിതാ ഘട്ടില്‍ പ്രാര്‍ഥിക്കുകയും ഗംഗയില്‍ സ്‌നാനം ചെയ്യുകയും ചെയ്തിരുന്നു. അടുത്ത വര്‍ഷം ആദ്യം ഉത്തര്‍പ്രദേശില്‍ തിരഞ്ഞെടുപ്പ് നടക്കുന്നതിനാലാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് രാഷ്ട്രീയമാനം കൈവരുന്നത്. സംസ്ഥാനത്തെ രണ്ട് പ്രമുഖ പാര്‍ട്ടികളായ എസ്പിയും ബിജെപിയും തമ്മില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാക്‌പോരിലാണ്.

വാരണാസിയില്‍ ആളുകള്‍ അവരുടെ അവസാന ദിനങ്ങള്‍ ചിലവഴിക്കുന്നു എന്നായിരുന്നു പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെ നേരത്തേ അഖിലേഷ് യാദവ് വിശേഷിപ്പിച്ചത്. ഇറ്റാവയില്‍ മാദ്ധ്യമപ്രവര്‍ത്തകരോടാണ് ആളുകള്‍ അവരുടെ അവസാന ദിനങ്ങള്‍ ബനാറസില്‍ ചെലവഴിക്കുന്നു എന്ന് മോദിയുടെ വാരണാസി സന്ദര്‍ശനത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി പറഞ്ഞത്.

Top