അധിക ചാര്‍ജ്; ചൈനീസ് നിര്‍മ്മിത വൈദ്യുത മീറ്ററുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി യുപി

ലക്‌നൗ: ലഡാക്കിലെ അതിര്‍ത്തി സംഘര്‍ഷത്തെ തുടര്‍ന്ന് ചൈനീസ് ഉത്പന്നങ്ങള്‍ നിരോധിക്കണമെന്ന ആവശ്യം വ്യാപകമായി തുടരുകയാണ്. ഇപ്പോഴിതാ ചൈനീസ് നിര്‍മ്മിത വൈദ്യുത മീറ്ററുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍.

ഉപഭോഗത്തില്‍ മാറ്റമില്ലാതിരുന്നിട്ടും മീറ്റര്‍ റീഡിങ്ങില്‍ അധിക ചാര്‍ജ് വന്നതായി ഉപഭോക്താക്കളില്‍ നിന്ന് പരാതികള്‍ വ്യാപകമായിരുന്നു. ഈ സാഹചര്യത്തിലാണ് അതിര്‍ത്തിയിലെ ഇന്ത്യ-ചൈന സംഘര്‍ഷത്തിന്റെ കൂടെ പശ്ചാത്തലത്തില്‍ ചൈനീസ് മീറ്ററുകള്‍ നിരോധിക്കാന്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ തീരുമാനിച്ചത്.

സംസ്ഥാനത്തുടനീളം ചൈനീസ് മീറ്ററുകള്‍ സ്ഥാപിക്കുന്നത് സര്‍ക്കാര്‍ നിരോധിച്ചതായി വൈദ്യുത വകുപ്പ് വക്താവ് വ്യക്തമാക്കി. ചൈനീസ് മീറ്ററുകളുടെയും ഉപകരണങ്ങളുടെയും ഓര്‍ഡറുകളെക്കുറിച്ചും കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ചൈനീസ് നിര്‍മ്മിത ഉപകരണങ്ങള്‍ക്കായി നടത്തിയ കരാറുകളുടെയും വിശദാംശങ്ങള്‍ തേടിയതായും അദ്ദേഹം വ്യക്തമാക്കി.

അതേസമയം,യുപി സര്‍ക്കാറിന്റെ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് ഓള്‍ ഇന്ത്യ പവര്‍ എന്‍ജിനിയേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് ശൈലേന്ദ്ര ദുബെ പറഞ്ഞു. വില കുറവായതിനാല്‍ വൈദ്യുത നിലയങ്ങളിലെ പല ഉപകരണങ്ങളും ചൈനയില്‍ നിന്നാണ് വാങ്ങുന്നത്. എന്നാല്‍ ഇവയുടെയെല്ലാം ഗുണമേന്മ കുറവാണെന്നും ദുബെ വ്യക്തമാക്കി.

വൈദ്യുത നിലയങ്ങളിലേക്കുള്ള ഉപകരണങ്ങള്‍ പൊതുമേഖലാ കമ്പനിയായ ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് ലിമിറ്റഡില്‍ നിന്ന് വാങ്ങണമെന്നാണ് അസോസിയേഷന്‍ ആവശ്യപ്പെടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Top