യു.പി നിലനിർത്താൻ കാശി, മഥുര ! ! പുതിയ ‘അജണ്ടയുമായി’ പരിവാർ . . .

തീവ്ര ഹിന്ദുത്വ വാദം ഉയര്‍ത്തിപ്പിടിച്ചുതന്നെ മുന്നോട്ട് പോകാന്‍ സംഘപരിവാറിന്റെ തീരുമാനം.

അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണം ഉറപ്പായതോടെ, മറ്റു മേഖലകളെയാണ് പരിവാര്‍ സംഘടനകള്‍ ലക്ഷ്യമിടുന്നത്. ഇതില്‍ കാശിയും മഥുരയും ഉള്‍പ്പെടുന്നുണ്ട് എന്നതാണ് ശ്രദ്ധേയം.

സംഘപരിവാര്‍ സംഘടനയായ വി.എച്ച്.പിയാണ് പുതിയ നീക്കങ്ങളുമായി രംഗത്തുള്ളത്. കാശി വിശ്വനാഥ ക്ഷേത്രത്തിനു സമീപമുള്ള ഗ്യാന്‍വാപി മസ്ജിദ് ഒഴിപ്പിക്കണമെന്നതാണ് വി.എച്ച്.പിയുടെ ആവശ്യം. ശ്രീകൃഷ്ണന്റെ ജന്മസ്ഥലമായ മഥുരയിലെ മസ്ജിദ് നീക്കണമെന്ന ആവശ്യത്തിലും സംഘടന ഉറച്ചു നില്‍ക്കുകയാണ്.

ഹിന്ദു വിശ്വാസത്തിന്റെ പ്രതീകമാണ് കാശി വിശ്വനാഥ ക്ഷേത്രമെന്നാണ് വി.എച്ച്.പി സെക്രട്ടറി ജനറല്‍ മിലിന്ദ് പരന്ദേ ചൂണ്ടിക്കാട്ടുന്നത്. കാശിക്കു വേണ്ടിയുള്ള അവകാശവാദം ഉപേക്ഷിക്കാനാവില്ലന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

വാരാണസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ പരിസരത്തു തന്നെയുള്ള ഗ്യാന്‍വാപി മസ്ജിദിന്റെ കാര്യത്തില്‍ പുരാവസ്തു വകുപ്പിനെ കൊണ്ട് ഉത്ഖനനം നടത്തിക്കണമെന്നതാണ് വി.എച്ച്.പിയുടെ പ്രധാന ആവശ്യം.

2022ലെ ഉത്തര്‍ പ്രദേശ് തിരഞ്ഞെടുപ്പിന് മുന്‍പ് ഈ രണ്ട് വിഷയങ്ങളിലും പ്രക്ഷോഭം ഉയര്‍ത്തി കൊണ്ടുവരാനാണ് അണിയറനീക്കം.

ആര്‍.എസ്.എസ് നേതൃത്വത്തിന്റെ പൂര്‍ണ്ണ പിന്തുണയും ഈ നീക്കത്തിനുണ്ട്. ആര്‍എസ്എസ് മേധാവിയുടെ മുന്‍ നിലപാടാണ് ഇതോടെ തിരുത്തപ്പെടുന്നത്.

വാരാണസി, മഥുര എന്നിവിടങ്ങളിലെ മുസ്ലിം പള്ളികള്‍ക്ക് മേലുള്ള അവകാശ വാദം ഉപേക്ഷിക്കുന്നതായാണ് മോഹന്‍ ഭാഗവത് മുന്‍പ് വ്യക്തമാക്കിയിരുന്നത്. വാരാണസിയിലും മഥുരയിലുമുള്ള പള്ളികള്‍ പൊളിക്കണമെന്ന ആവശ്യത്തില്‍ നിന്നും അകലം പാലിക്കുന്നതായും അദ്ദേഹം പറഞ്ഞിരുന്നു. അയോധ്യ വിധിക്ക് ശേഷമാണ് മോഹന്‍ ഭാഗവത് ഇത്തരമൊരു നിലപാട് വ്യക്തമാക്കിയിരുന്നത്.

അയോധ്യയിലെ ബാബറി മസ്ജിദ് പൊളിച്ചതിന് ശേഷം, കാശിയിലെയും മഥുരയിലെയും ക്ഷേത്രങ്ങളാണ് അടുത്ത ലക്ഷ്യമെന്ന, പരിവാര്‍ സംഘടനകളുടെ നിലപാടാണ് ഭാഗവത് തള്ളിയിരുന്നത്. എന്നാല്‍ ഇപ്പോഴത്തെ നീക്കങ്ങളിലൂടെ ആര്‍എസ്എസും നിലപാട് മാറ്റിയതായാണ് വ്യക്തമാകുന്നത്. ആര്‍എസ്എസ് തലവന്റെ അനുമതിയില്ലാതെ ഇത്തരത്തിലൊരു നിലപാട് സ്വീകരിക്കാന്‍ സംഘപരിവാറിലെ ഒരു സംഘടനയും തന്നെ ധൈര്യപ്പെടില്ല. അതാണ് അവരുടെ സംഘടനാരീതി. പ്രധാനമന്ത്രിയും രാഷ്ട്രപതിയും ആരാകണമെന്ന നിര്‍ദേശം നല്‍കിയതു പോലും ആര്‍എസ്എസ് നേതൃത്വമാണ്. കേന്ദ്ര മന്ത്രിമാരുടെ കാര്യത്തിലും സമാനമായ രീതിയാണ് പിന്തുടര്‍ന്നിരുന്നത്.

വാരാണസിയിലെ പ്രസിദ്ധമായ വിശ്വനാഥ ക്ഷേത്രം അതിര്‍ത്തി പങ്കിടുന്നത് ഗ്യാന്‍വാപി പള്ളിയുമായിട്ടാണ്.
മഥുരയിലെ കൃഷ്ണജന്മ ക്ഷേത്ര സമുച്ചയത്തിന് സമീപമാണ് ഷാഹി ഇദ്ഗാഹ് പള്ളി സ്ഥിതി ചെയ്യുന്നത്. ഈ രണ്ട് പള്ളികളും പൊളിക്കണമെന്നത് സംഘപരിവാര്‍ സംഘടനകളുടെ ഏറെക്കാലത്തെ ആവശ്യമാണ്.

ഈ നിലപാട് തിരുത്തണമെന്നതും പള്ളികള്‍ പൊളിക്കാതിരിക്കാന്‍ നിയമ നിര്‍മാണം നടത്തണമെന്നതും അയോധ്യ വിധിക്ക് മുമ്പ്, ഒത്തുതീര്‍പ്പ് ചര്‍ച്ചകളില്‍ മുസ്ലിം സംഘടനകള്‍ ഉന്നയിച്ച പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു. എന്നാല്‍ ഈ ഒത്തുതീര്‍പ്പ് നിര്‍ദേശങ്ങളാണ് വിഎച്ച്പിയുടെ പുതിയ നീക്കത്തോടെ ലംഘിക്കപ്പെടുന്നത്. രാജ്യത്തെ കലങ്ങി മറിഞ്ഞ രാഷ്ട്രീയ സാഹചര്യമാണ് തീവ്ര നിലപാടുമായി മുന്നോട്ട് പോകാന്‍ ആര്‍എസ്എസ് നേതൃത്വത്തേയും പ്രേരിപ്പിച്ചിരിക്കുന്നത്.

മധ്യപ്രദേശും, രാജസ്ഥാനും കൈവിട്ട പോലെ യു.പി കൈവിട്ടു പോകാന്‍ ആര്‍.എസ്.എസ് നേതൃത്വം ആഗ്രഹിക്കുന്നില്ല.80 ലോകസഭ അംഗങ്ങളെ തിരഞ്ഞെടുക്കുന്ന യു.പി മോദിക്കും, അതിനിര്‍ണ്ണായകമാണ്.

അടുത്ത യു.പി തിരഞ്ഞെടുപ്പില്‍ ശക്തരായ പ്രതിപക്ഷത്തെ നേരിടേണ്ടി വരുമെന്നാണ് ബി.ജെ.പി നേതാക്കള്‍ കരുതുന്നത്. അതു കൊണ്ട് തന്നെ ആര്‍.എസ്.എസ് നിര്‍ദ്ദേശം പൂര്‍ണ്ണമായും അനുസരിച്ചാണ് ബി.ജെ.പിയിപ്പോള്‍ മുന്നോട്ട് പോകുന്നത്. സാമുദായിക ധ്രുവീകരണം തന്നെയാണ് ലക്ഷ്യമിടുന്നത്.

യുപിയില്‍, പ്രിയങ്ക ഗാന്ധിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ്സ് ഉയര്‍ത്തിക്കാട്ടുമെന്നാണ് ബി.ജെ.പി കരുതുന്നത്. യോഗി – പ്രിയങ്ക മത്സരമായി യു.പി തിരഞ്ഞെടുപ്പ് മാറിയാല്‍ കണക്ക് കൂട്ടലുകള്‍ തെറ്റുമോ എന്ന ഭയം കാവിപ്പടക്കുണ്ട്.

ബി.എസ്.പിക്ക് ഭീഷണിയായ ഭീം ആര്‍മി യെ കൂട്ട് പിടിച്ച് സഖ്യമുണ്ടാക്കാനാണ് കോണ്‍ഗ്രസ്സ് ഇവിടെ ശ്രമിക്കുന്നത്. ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര ആസാദുമായി വളരെ അടുത്ത ബന്ധമാണ് പ്രിയങ്ക ഗാന്ധിക്കുള്ളത്.

ദളിത് – പിന്നോക്ക വോട്ടുകള്‍ മാത്രമല്ല, മുസ്ലീം വോട്ടുകളും ഭീം ആര്‍മിയിലൂടെ നേടാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ്സിന്റെ പ്രതീക്ഷ. ഇതു തന്നെയാണ് സംഘപരിവാറിനെയും ആശങ്കപ്പെടുത്തുന്നത്.സി.എ.എ വിരുദ്ധ പ്രക്ഷോഭത്തിലെ താരം കൂടിയാണ് ചന്ദ്രശേഖര ആസാദ്.

ഭീം ആര്‍മിയുമായി കോണ്‍ഗ്രസ്സ് സഖ്യമുണ്ടാക്കിയാല്‍ മറ്റു ചില പ്രതിപക്ഷ കക്ഷികള്‍ കൂടി ഈ സഖ്യത്തില്‍ വരാനും സാധ്യതയുണ്ട്.

സമാജ് വാദി പാര്‍ട്ടി പോലും ഇത്തരമൊരു സഖ്യത്തിനൊപ്പം ചേര്‍ന്നേക്കും. ഒറ്റക്ക് നിന്നാല്‍ പൊടിപോലും കിട്ടില്ലന്ന് ഉറപ്പുള്ളതിനാല്‍ വിട്ടുവീഴ്ചയ്ക്ക് അഖിലേഷ് തയ്യാറാകാനാണ് സാധ്യത. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിഎസ്പിയുമായുള്ള കൂട്ടുകെട്ട് അഖിലേഷിനെ സംബന്ധിച്ച് നഷ്ടക്കച്ചവടമായിരുന്നു. മുഖ്യമന്ത്രി പദം ഊഴമിട്ട് വീതം വയ്ക്കാന്‍ തയ്യാറായാല്‍, സമാജ് വാദി പാര്‍ട്ടി പോലും കോണ്‍ഗ്രസുമായി സഖ്യമായേക്കും.

യു.പിയില്‍ ഏത് വിധേനയും ഭരണം പിടിച്ച് മോദിക്ക് ബദലാവാനാണ് പ്രിയങ്ക ശ്രമിക്കുന്നത്. യു.പിയില്‍ നിന്നും ഇന്ദ്രപ്രസ്ഥത്തിലേക്കുള്ള ദൂരം അകലെയല്ലന്നാണ് അവര്‍ കരുതുന്നത്.

വയനാട് എം.പിയായി ഒതുങ്ങി കൂടുന്ന രാഹുല്‍ ഗാന്ധിയും ഇപ്പോള്‍ ആഗ്രഹിക്കുന്നത് സഹോദരിയുടെ നേതൃത്വം തന്നെയാണ്.

ദേശീയ തലത്തില്‍ കോണ്‍ഗ്രസ്സിന്റെ ഒരു തിരിച്ചുവരവിനുള്ള ഏക വഴിയായാണ് യു .പിയെ നേതാക്കള്‍ നോക്കി കാണുന്നത്. അതിനുള്ള അവരുടെ അവസാനത്തെ കച്ചി തുരുമ്പാണിപ്പോള്‍ പ്രിയങ്ക ഗാന്ധി.

ശൂന്യതയില്‍ നിന്നും ചിത്രം വരയ്ക്കുന്ന സ്വപ്നമായി മാത്രം ഇതിനെ നോക്കി കാണാന്‍ ബി.ജെ.പിയും എന്തായാലും തയ്യാറല്ല. ന്യൂനപക്ഷ – പിന്നോക്ക വോട്ടുകള്‍ സംഘടിച്ച് പ്രിയങ്കക്ക് ലഭിക്കാനുള്ള സാധ്യതയും അവര്‍ മുന്‍കൂട്ടി കാണുന്നുണ്ട്.

പൗരത്വ ഭേദഗതി പ്രക്ഷോഭത്തില്‍ കോണ്‍ഗ്രസ്സ് പിന്നോട്ടായിരുന്നെങ്കിലും പ്രിയങ്ക സജീവമായിരുന്നു. പൊലീസിന്റെ വിലക്ക് ലംഘിച്ച് യു.പി യില്‍ പോകാനും അവര്‍ തയ്യാറായിരുന്നു. യു .പിയിലെ വിഷയങ്ങളില്‍ സജീവമായി ഇടപെട്ട് യോഗിയെ വിമര്‍ശിക്കുന്നതും പ്രിയങ്കയാണ്. യോഗിക്ക് എതിരാളിയാണ് താന്‍ എന്ന മെസേജ് ആണ് യു .പി ജനതക്ക് പ്രിയങ്ക നല്‍കി വരുന്നത്.സംസ്ഥാനത്തെ കോണ്‍ഗ്രസ്സ് പുന:സംഘടനയും പ്രിയങ്കയുടെ മേല്‍നോട്ടത്തിലാണ് നടക്കുന്നത്.പ്രവര്‍ത്തകരെ സജീവമാക്കാന്‍ നേരിട്ടുള്ള ഫോണ്‍ സമ്പര്‍ക്കവും പ്രിയങ്കയിപ്പോള്‍ പിന്തുടരുന്നുണ്ട്.

യോഗിക്ക് ബദല്‍ പ്രിയങ്ക എന്ന വാദത്തിന് സ്വീകാര്യത കിട്ടിയാല്‍, അത് ഡല്‍ഹിയിലേക്കും പടരുമെന്നാണ് മോദിയുടെ ആശങ്ക.ഇക്കാര്യം ഗൗരവത്തോടെയാണ് ആര്‍.എസ്.എസും കാണുന്നത്. അതു കൊണ്ട് തന്നെയാണ് വിവാദ വിഷയങ്ങള്‍ വീണ്ടുമിപ്പോള്‍ പൊടിതട്ടിയെടുത്തിരിക്കുന്നത്.

ഹിന്ദുത്വ വികാരം ഉയര്‍ന്ന് നിന്നാല്‍ മാത്രമേ യോഗിയ്ക്ക് തുടര്‍ ഭരണം സാധ്യമാകൂ എന്നാണ് സംഘപരിവാറിന്റെ വിലയിരുത്തല്‍. കേന്ദ്രത്തില്‍ ഭരണം നിലനിര്‍ത്താനും ഇത്തരമൊരു നിലപാട് അനിവാര്യമാണെന്നും അവര്‍ കരുതുന്നു.

വി.എച്ച്.പിയെ മുന്‍നിര്‍ത്തി ഇപ്പോള്‍ കാശിയും മഥുരയും സജീവമാക്കി നിര്‍ത്തുന്നതും ഈ തന്ത്രത്തിന്റെ ഭാഗമാണ്.

യു.പി കൈവിട്ടാല്‍ കേന്ദ്രത്തില്‍ മോദിയുടെ നിലയും പരുങ്ങലിലാകും. 2024ല്‍ വലിയ ഭീഷണിയായി അത് മാറുകയും ചെയ്യും. കോണ്‍ഗ്രസ്സ് ആഗ്രഹിക്കുന്നതും ഈ അവസ്ഥയാണ്. രാജ്യം ഏറ്റവും കൂടുതല്‍ കാലം ഭരിച്ച കോണ്‍ഗ്രസ്സിന്റെ അവസാനത്തെ ആയുധമാണിപ്പോള്‍ പ്രിയങ്ക. പാര്‍ലമെന്ററി രംഗത്തെ അവരുടെ അരങ്ങേറ്റം അടിപൊളിയാക്കണമെന്നാണ് പ്രവര്‍ത്തകരും ആഗ്രഹിക്കുന്നതും.

യു.പിയെ ടാര്‍ഗറ്റ് ചെയ്ത് പ്രിയങ്ക നടത്തുന്ന നീക്കങ്ങള്‍ തടയാന്‍ ബി.ജെ.പിക്ക് കഴിഞ്ഞില്ലങ്കില്‍ അത് കാവി രാഷ്ട്രീയത്തിന് വലിയ പ്രഹരമായാണ് മാറുക. മൂന്നാമത്തെ ഊഴത്തിന് മോദിക്ക് മുന്നില്‍ റെഡ് സിഗ്‌നല്‍ വീഴാനുള്ള സാധ്യതയാണ് ഇതോടെ വര്‍ദ്ധിക്കുക.

Political Reporter

Top