യോഗി ആദിത്യനാഥിന്റെ ഹിന്ദു യുവവാഹിനിയുടെ വളര്‍ച്ചയില്‍ ബി.ജെ.പിക്ക് അതൃപ്തി

ന്യൂഡല്‍ഹി: യുപിയില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സംഘടനയായ ഹിന്ദു യുവവാഹിനിയുടെ വളര്‍ച്ചയില്‍ ബി.ജെ.പി നേതൃത്വത്തിന് അതൃപ്തിയെന്ന് റിപ്പോര്‍ട്ട്.

ആര്‍.എസ്.എസ് ഉള്‍പ്പടെയുള്ള തീവ്രഹിന്ദുത്വ സംഘടനകളുടെ സ്വാധീന മേഖലയിലേക്ക് യുവവാഹിനി കടന്നു കയറുന്നതില്‍ പല നേതാക്കള്‍ക്കും നീരസമുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഖൊരക്പൂരില്‍ എം.പിയായിരിക്കുന്ന സമയത്താണ് നിലവിലെ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് യുവവാഹിനി എന്ന സംഘടനക്ക് രൂപം നല്‍കിയത്.

ആദ്യ ഘട്ടങ്ങളില്‍ കിഴക്കന്‍ യു.പിയിലെ പൂര്‍വാചല്‍ ജില്ലയില്‍ മാത്രമാണ് സംഘടനക്ക് സ്വാധീനമുണ്ടായിരുന്നത്. എന്നാല്‍, യോഗി മുഖ്യമന്ത്രിയായി അധികാരമേറ്റതോടെ സംസ്ഥാന മുഴുവന്‍ അംഗത്വ വിതരണവുമായി മുന്നോട്ട് പോവുകയാണ് യുവവാഹിനി. അതേസമയം, സംഘടനയുടെ പേര് പരാമര്‍ശിക്കാതെ പുറത്ത് നിന്നുള്ളവരുടെ സ്വാധീനം അംഗീകരിക്കാന്‍ കഴിയില്ലെന്ന് വിശ്വഹിന്ദു പരിഷത്ത് നിലപാടെടുത്തിട്ടുണ്ട്.

നിലവില്‍ യുവവാഹിനിക്കെതിരെ പരസ്യമായ പോരിന് ആര്‍.എസ്.എസ് ഒരുങ്ങുന്നില്ലെങ്കിലും സംഘടനയുടെ ഓരോ നീക്കങ്ങളും സംഘ്പരിവാര്‍ സൂക്ഷ്മമായി വീക്ഷിക്കുന്നുണ്ട്. യു.പിയിലെ സംഘടനയുടെ ശക്തി കേന്ദ്രങ്ങളിലേക്ക് യുവവാഹിനി കടന്നുചെന്നാല്‍ അപ്പോഴുള്ള ആര്‍.എസ്.എസിന്റെ പ്രതികരണമാണ് എല്ലാവരും കാത്തിരിക്കുന്നത്.

2014ലെ ലോക്‌സഭ തിരഞ്ഞെടുപ്പിന് മുമ്പ് നരേന്ദ്ര മോദി സ്വീകരിച്ച തന്ത്രങ്ങള്‍ തന്നെയാണ് ജനപ്രീതി വര്‍ധിപ്പിക്കാന്‍ നിലവില്‍ യോഗി ആദിത്യനാഥും സ്വീകരിക്കുന്നത്. ഒരു പക്ഷേ ഇനിയും അദ്ദേഹത്തിന് കടിഞ്ഞാണിട്ടില്ലെങ്കില്‍ മോദിക്കും മുകളില്‍ വളരുന്ന മരമായി യോഗി മാറിയേക്കമെന്ന് ആശങ്ക ബി.ജെ.പിയിലെ ഒരു വിഭാഗത്തിനുണ്ട്.

ബി.ജെ.പിയില്‍ മോദിയെ പിന്തുണക്കുന്ന അമിത് ഷാ ഉള്‍പ്പടെയുള്ളവര്‍ക്ക് ഇത് ഒട്ടും സ്വീകാര്യമാവില്ലെന്നുറപ്പാണ്.

Top