യോഗി ആദിത്യനാഥ് ഇന്ന് പ്രധാനമന്ത്രിയെ കാണും, സര്‍ക്കാര്‍ രൂപീകരണം അടക്കമുള്ള വിഷയങ്ങളിലെ ചര്‍ച്ച

ദില്ലി: ഉത്തര്‍പ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ യോഗി ആദിത്യനാഥ് ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ദില്ലിയില്‍ കൂടിക്കാഴ്ച നടത്തും. സര്‍ക്കാര്‍ രൂപീകരണം അടക്കമുള്ള വിഷയങ്ങളിലെ ചര്‍ച്ചകള്‍ക്കായാണ് കൂടിക്കാഴ്ച. ബിജെപി അധ്യക്ഷന്‍ ജെപി നഡ്ഡയേയും യോഗി ആദിത്യനാഥ് കാണും.

കേശവ് പ്രസാദ് മൗര്യ അടക്കമുള്ള യുപിയിലെ ബിജെപി നേതാക്കളും ഇന്ന് ദില്ലിയിലേത്തും. സിരാതുവില്‍ തോറ്റ സാഹചര്യത്തില്‍ കേശവ് പ്രസാദ് മൗര്യക്ക് വീണ്ടും ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കണമോയെന്നതില്‍ കേന്ദ്ര നേതൃത്വമാണ് തീരുമാനമെടുക്കേണ്ടത്. കേശവ് പ്രസാദ് മൗര്യയെ ദേശീയ തലത്തിലേക്ക് നിയോഗിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ സ്വതന്ത്രദേവ് സിങിനെ ഉപമുഖ്യമന്ത്രിയാക്കാനുള്ള സാധ്യതയും നിലവിലുണ്ട്.

അതേ സമയം, ഗോവയില്‍ പുതിയ സര്‍ക്കാരിന്റെ രൂപീകരണത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. മുഖ്യമന്ത്രി ആരാകണം എന്ന കാര്യത്തില്‍ ഇതുവരെ സമവായമായില്ല. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കേന്ദ്ര നേതൃത്വം ഉടന്‍ ഒരു നിരീക്ഷകനെ സംസ്ഥാനത്തേക്ക് അയക്കും. സമവായമായ ശേഷം മാത്രം സത്യപ്രതിഞ്ജ തിയ്യതി തീരുമാനിക്കാനാണ് ധാരണ.

മുന്‍ ആരോഗ്യ മന്ത്രി വിശ്വജിത്ത് റാണെയുടെ പേരും ചര്‍ച്ചയിലുണ്ടെങ്കിലും പ്രമോദ് സാവന്തിന് തന്നെ ഒരു അവസരം കൂടി കിട്ടാനാണ് സാധ്യത. അതേ സമയം എംജിപിയുടെ പിന്തുണ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് പാര്‍ട്ടിയിലെ ഒരു വിഭാഗം എതിര്‍പ്പ് ഉയര്‍ത്തിയിട്ടുണ്ട്.

Top