രാമ ക്ഷേത്രത്തിനും മീതെ . . 100 മീറ്റര്‍ ഉയരത്തില്‍ ശ്രീരാമ പ്രതിമ പണിയാന്‍ മുഖ്യമന്ത്രി . .

ന്യൂഡല്‍ഹി: അയോധ്യയില്‍ രാമക്ഷേത്രം പണിയുമെന്ന വാഗ്ദാനവുമായി അധികാരമേറിയ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അയോധ്യയിലെ സരയൂ നദിക്കരയില്‍ 100 മീറ്റര്‍ ഉയരത്തില്‍ ശ്രീരാമന്റെ കൂറ്റന്‍ പ്രതിമ നിര്‍മിക്കുന്നു.

കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ സഹായത്തോടെ തീര്‍ത്ഥാടന ടൂറിസം പദ്ധതിയുടെ ഭാഗമായാണ് പ്രതിമ ഉയരുന്നത്. 18ന് ദീപാവലി ദിനത്തില്‍ ഗവര്‍ണര്‍ രാം നായിക്, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്ര ടൂറിസംമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം എന്നിവര്‍ പങ്കെടുക്കും.

അയോധ്യയില്‍ രാമക്ഷേത്രം പണിയുമെന്ന മുദ്രാവാക്യമാണ് ഇന്ത്യയില്‍ ബി.ജെ.പിക്ക് ആദ്യമായി ഭരണം നേടിക്കൊടുത്തത്. ഇതിനായി എല്‍.കെ അധ്വാനി നടത്തിയ രഥയാത്രയാണ് ഉത്തരേന്ത്യയില്‍ ബി.ജെ.പിക്ക് ശക്തമായ വേരോട്ടമുണ്ടാക്കിയത്.

എസ്.പിയും ബി.എസ്.പിയും മാറിമാറി ഭരിച്ച യു.പിയില്‍ അതേ രാമക്ഷേത്രവും തീവ്രഹിന്ദുത്വവും ഉയര്‍ത്തിയാണ് ബി.ജെ.പി ഭരണം പിടിച്ചതും യോഗി ആദിത്യനാഥിനെ മുഖ്യമന്ത്രിയാക്കിയതും.

ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ നിയമനടപടി തുടരുകയും കേസ് സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുന്നതിനാലും രാമക്ഷേത്രം പണിയല്‍ ബി.ജെ.പിക്ക് എളുപ്പമല്ല.

കോടതിക്കുപുറത്ത് മധ്യസ്ഥവും സമവായത്തിനുമുള്ള ശ്രമവും വിജയം കിട്ടില്ല. ഇതോടെയാണ് രാമക്ഷേത്രം പണിയാനായി തീവ്രനിലപാടെടുക്കുന്ന വിശ്വഹിന്ദു പരിഷത്ത്, ബജ്രംഗ്ദള്‍ എന്നിവരെ തൃപ്തിപ്പെടുത്താനുള്ള പൊടിക്കൈ കൂടിയാണ് രാമന്‍ കൂറ്റന്‍ പ്രതിമ പണിയല്‍.

രാമകഥാഗാലറി, ഓഡിറ്റോറിയം അടക്കമുള്ളവയും ഇതിന്റെ ഭാഗമായുണ്ടാകും.

195.89 കോടി രൂപയുടെ വിശദ പദ്ധതി രേഖ ഇതിനായി യു.പി സര്‍ക്കാര്‍ കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് സമര്‍പ്പിച്ചിട്ടുണ്ട്. 133.70 കോടി അനുവദിക്കാന്‍ കേന്ദ്രം സന്നദ്ധത അറിയിച്ചിട്ടുണ്ട്.

Top