യോഗിയെ മാതൃകയാക്കി മധ്യപ്രദേശ് സര്‍ക്കാര്‍ അവധിദിനങ്ങള്‍ വെട്ടിച്ചുരുക്കാനൊരുങ്ങുന്നു

ഭോപ്പാല്‍: യോഗി സര്‍ക്കാരിന്റെ പൊതു അവധി വെട്ടിക്കുറച്ച നടപടിയെ അനുകരിച്ച് മധ്യപ്രദേശ് സര്‍ക്കാര്‍ 25 ഓളം സ്‌കൂള്‍ അവധി ദിവസങ്ങള്‍ വെട്ടിച്ചുരുക്കാനൊരുങ്ങുന്നു.

പ്രമുഖരുടെ ജനന,മരണ വാര്‍ഷികദിനങ്ങളിലെ അവധികളാണ് റദ്ദാക്കുക. 20 മുതല്‍ 25 വരെ അവധിദിനങ്ങള്‍ റദ്ദാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന്‌ വിദ്യാഭ്യാസ മന്ത്രി ദീപക് ജോഷി പറഞ്ഞു.

ഭഗത് സിങ്ങിന്റെ ചരമവാര്‍ഷികദിനത്തില്‍ അവധി നല്‍കിയാല്‍ കുട്ടികള്‍ അദ്ദേഹത്തെക്കുറിച്ച് എന്താണ് പഠിക്കുക, അങ്ങനെയുള്ള ദിവസങ്ങളില്‍ അവധി നല്‍കുന്നതിന് പകരം അത് ആരുടെ ജന്മവാര്‍ഷികമോ ചരമവാര്‍ഷികമോ ആണെങ്കിലും അവരുടെ ജീവിതവും സംഭാവനകളും കുട്ടികളെ പഠിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഏതൊക്കെ അവധി ദിനങ്ങളാണ് റദ്ദാക്കേണ്ടതെന്ന് ആലോചിച്ച് വരുകയാണ്. ഒരു വിദ്യാഭ്യാസ വര്‍ഷത്തില്‍ അവധി ദിനങ്ങള്‍ 35 ആയി ചുരുക്കിയേക്കുമെന്നും സൂചനയുണ്ട്.

മധ്യപ്രദേശ് സര്‍ക്കാരിന്റെ ഔദ്യോഗിക കലണ്ടര്‍ പ്രകാരം 76 പൊതു അവധി ദിനങ്ങളാണുള്ളത്. ഇതില്‍ 54 നിയന്ത്രിത അവധികളും ഉള്‍പ്പെടുന്നു.

ഒരു അക്കാദമിക് വര്‍ഷത്തിലെ 150 പ്രവൃത്തിദിനങ്ങള്‍ 185 ആയി വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

Top