‘ആണുങ്ങള്‍ ഉറങ്ങുന്നു, ഭാര്യമാരെ സമരത്തിന് തെരുവിലേക്ക് വിടുന്നു, കഷ്ടം’: യോഗി

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ ഷഹീന്‍ ബാഗില്‍ ഒരു കൂട്ടം അമ്മമാര്‍ നടത്തുന്ന പ്രതിഷേധത്തെ പരിഹസിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്ത്.

വീട്ടിലുള്ള പുരുഷന്മാര്‍ കിടന്നുറങ്ങിയിട്ട്, സ്ത്രീകളേയും കുട്ടികളേയും സമരം നടത്താന്‍ തെരുവിലേക്കിറക്കി എന്നായിരുന്നു യോഗിയുടെ പരാമര്‍ശം. ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ പൗരത്വ നിയമ ഭേദഗതി അനുകൂല റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു യോഗി ആദിത്യനാഥ്.

‘പുരുഷന്‍മാര്‍ക്ക് പ്രക്ഷോഭങ്ങളില്‍ പങ്കെടുക്കാന്‍ ധൈര്യമില്ല. അവര്‍ എന്താണ് ചെയ്തത്? അവര്‍ അവരുടെ വീടുകളിലെ സ്ത്രീകളെയും കുട്ടികളെയും പ്രതിഷേധത്തിനായി റോഡിലിരുത്തിയിരിക്കുന്നു. പുരുഷന്‍മാര്‍ വീട്ടിലിരുന്ന് ഉറങ്ങിയിട്ട് സ്ത്രീകളെ മുന്നോട്ട് തള്ളിവിടുന്നത് വലിയ കുറ്റമാണ്. വളരെ ലജ്ജാകരമായ സംഗതിയാണിത്. പൊതുമുതല്‍ നശിപ്പിച്ചാല്‍ അവരുടെ സ്വത്ത് പിടിച്ചെടുക്കുമെന്ന് അവര്‍ക്കറിയാം’. ആദിത്യനാഥ് പറഞ്ഞു.

‘പൗരത്വ നിയമ ഭേദഗതി എന്താണെന്ന് അറിയാത്തവരാണ് സമരം നടത്തുന്നത്. പ്രതിപക്ഷം പറയുന്നത് വീട്ടിലിരിക്കുന്ന പുരുഷന്‍മാര്‍ അയോഗ്യരാണെന്നും അതിനാല്‍ സ്ത്രീകള്‍ സമരത്തില്‍ പങ്കെടുക്കണമെന്നുമാണ്. സ്ത്രീകളെ മുന്‍നിരയില്‍ നിര്‍ത്തി അവര്‍ തന്ത്രപരമായി മുന്നോട്ട് നീങ്ങുകയാണ്’. യോഗി കൂട്ടിച്ചേര്‍ത്തു.

ഷഹീന്‍ ബാഗ് പ്രതിഷേധത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ലഖ്‌നൗവിലെ ക്ലോക്ക് ടവറിലും സ്ത്രീകള്‍ സമരം സംഘടിപ്പിച്ചിരുന്നു. അതേസമയം, പൗരത്വ നിയമ ഭേദഗതിക്കെതിരെ നടത്തുന്ന സമാധാനപരമായ പ്രതിഷേധത്തിനെ ക്രൂരമായ അടിച്ചമര്‍ത്താനാണ് യുപി സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിനെതിരെ കടുത്ത വിമര്‍ശനമാണ് സര്‍ക്കാര്‍ നേരിടുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നടന്ന പ്രതിഷേധത്തിനിടെ 21 പേരാണ് മരിച്ചത്.

Top