യോഗി ആദിത്യനാഥ് മന്ത്രിസഭ പുന:സംഘടിപ്പിച്ചു; കാബിനറ്റ് മന്ത്രിയായി കലാപക്കേസ് പ്രതിയും

ലഖ്‌നൗ: യോഗി ആദിത്യനാഥ് മന്ത്രിസഭ പുന:സംഘടിപ്പിച്ചു. ആറ് മന്ത്രിമാരെ ഒഴിവാക്കിയും പുതുതായി 23 മന്ത്രിമാരെ ചേര്‍ത്തുമാണ് മന്ത്രിസഭ പുനസംഘടിപ്പിച്ചിരിക്കുന്നത്. പുതുതായി മന്ത്രിസഭയില്‍ ചേര്‍ന്ന 23 മന്ത്രിമാര്‍ക്ക് ബുധനാഴ്ച ഗവര്‍ണര്‍ ആന്ദിബെന്‍ പട്ടേല്‍ സത്യവാചകം ചൊല്ലി കൊടുത്തു.

യോഗി സര്‍ക്കാരില്‍ കാബിനറ്റ് മന്ത്രിയായി സ്ഥാനക്കയറ്റം ലഭിച്ചവരില്‍ കലാപക്കേസ് പ്രതി സുരേഷ് റാണയും ഉള്‍പ്പെടും. പശ്ചിമ യുപിയിലെ താന ഭവനില്‍ നിന്നുള്ള എംഎല്‍എയാണ് 49 കാരനായ സുരേഷ് റാണ. 2013ല്‍ ഒട്ടേറെ പേരുടെ മരണത്തിനിടയാക്കിയ മുസഫര്‍നഗര്‍ കലാപത്തില്‍ പ്രതിചേര്‍ക്കപ്പെട്ടയാളാണ് സുരേഷ് റാണ. മതത്തിന്റെ പേരില്‍ ശത്രുത വളര്‍ത്തിയതിനാണ് ഇയാളുടെ പേരില്‍ കേസെടുത്തത്.

കലാപത്തിന് കാരണമാകുന്ന തരത്തില്‍ പ്രകോപനപരമായി പ്രസംഗിച്ചതിന് 2013 സെപ്റ്റംബറില്‍ ഇയാളെ അറസ്റ്റ്‌ചെയ്തിരുന്നു. അറസ്റ്റിനു രണ്ട് മാസത്തിനു ശേഷംജാമ്യം ലഭിച്ച് പുറത്തിറങ്ങുകയായിരുന്നു. അന്ന് കലാപത്തില്‍ 61 ആളുകള്‍ കൊല്ലപ്പെടുകയും 40,000 പേര്‍ക്ക് വീട് നഷ്ടപ്പെടുകയും ചെയ്തിരുന്നു

സഹമന്ത്രിയായിരിക്കെ മെച്ചപ്പെട്ട പ്രവര്‍ത്തനം കാഴ്ചവെച്ചതിന്റെ അടിസ്ഥാനത്തിലാണ് റാണയ്ക്ക് കാബിനറ്റ് റാങ്ക് നല്‍കിയെന്നാണ് മുഖ്യമന്ത്രിയോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. ഇതോടെ മന്ത്രിമാരുടെ എണ്ണം 43 ആയി. സ്വതന്ത്ര ചുമതലയുള്ള നാല് മന്ത്രിമാരെ കാബിനറ്റ് മന്ത്രിമാരായി ഉയര്‍ത്തി.

Top