yogi adityanath led up government has taken yet another big step to curb crime in the state

ലക്‌നൗ: ജനപ്രിയ പദ്ധതികള്‍ക്ക് പിന്നാലെ ഉത്തര്‍പ്രദേശില്‍ ആസിഡ് ആക്രമണങ്ങള്‍ തടയാന്‍ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ നീക്കം.

ആസിഡ് സൂക്ഷിക്കുന്നതിനും വില്‍ക്കുന്നതിനും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താനാണ് സര്‍ക്കാര്‍ തീരുമാനം. യു.പി ചീഫ് സെക്രട്ടറി രാഹുല്‍ ഭട്‌നാഗര്‍ ഇതുസംബന്ധിച്ച സര്‍ക്കുലര്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് അയച്ചുകഴിഞ്ഞു.

ആസിഡ് സൂക്ഷിക്കുന്നതും വില്‍ക്കുന്നതും സംബന്ധിച്ച 2014 ലെ നിയമം കര്‍ശനമായി നടപ്പാക്കാലാക്കുവാനാണ് നിര്‍ദ്ദേശം.

വില്‍പ്പനയ്ക്കായി സൂക്ഷിച്ചിട്ടുള്ള ആസിഡിന്റെ കണക്ക് കച്ചവടക്കാര്‍ 15 ദിവസത്തിനകം ജില്ലാ മജിസ്‌ട്രേട്ടുമാര്‍ക്ക് സമര്‍പ്പിക്കണമെന്ന് സര്‍ക്കാര്‍ നല്‍കിയ നിര്‍ദേശത്തില്‍ പറഞ്ഞിരിക്കുന്നു. കണക്ക് പരിശോധിച്ചശേഷം ഉദ്യോഗസ്ഥര്‍ ആസിഡ് വില്‍പ്പനശാലകളില്‍ പരിശോധന നടത്തും. മജിസ്‌ട്രേട്ടുമാര്‍ക്ക് സമര്‍പ്പിച്ച കണക്ക് തെറ്റാണെന്ന് കണ്ടെത്തിയാല്‍ സൂക്ഷിച്ചിട്ടുള്ള ആസിഡ് മുഴുവന്‍ പിടിച്ചെടുക്കണമെന്നാണ് നിര്‍ദ്ദേശം. 50,000 രൂപ പിഴയും വ്യാപാരി ഒടുക്കേണ്ടിവരും.

എല്ലാ മാസവും ആസിഡ് വ്യാപാരികളുടെ ഗോഡൗണുകളില്‍ പരിശോധന നടത്തണമെന്നും ഏഴാം തീയതിക്കകം സംസ്ഥാന ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശമുണ്ട്.

ആസിഡ് അടക്കമുള്ളവ വില്‍ക്കുന്നവര്‍ അവ വാങ്ങാനെത്തുന്നവരുടെ പേരും വിലാസവും അടക്കമുള്ള കൃത്യമായ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ രജിസ്റ്റര്‍ സൂക്ഷിക്കണമെന്ന നിലവിലുള്ള നിയമം കര്‍ശനമായി പാലിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്താനും നിര്‍ദ്ദേശമുണ്ടെന്നും ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Top