വിവാദങ്ങള്‍ക്കിടയിലും താജ്മഹല്‍ ശുചീകരിച്ചുകൊണ്ട് യോഗി ആദിത്യനാഥിന്റെ ആഗ്ര സന്ദര്‍ശനം

ലക്‌നൗ : വിവാദങ്ങള്‍ക്കിടയിലും താജ്മഹല്‍ ശുചീകരിച്ചുകൊണ്ട് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ആഗ്ര സന്ദര്‍ശനം.

രാവിലെ ഖേരിയ വിമാനത്താവളത്തിലിറങ്ങിയ യോഗി 11 മണിയോടെ താജ്മഹലിലെത്തി. താജ്മഹലിന്റെ പടിഞ്ഞാറന്‍ കവാടവും പരിസരവും വൃത്തിയാക്കി.

500 ഓളം ബിജെപി പ്രവര്‍ത്തകരാണ് അദ്ദേഹത്തോടൊപ്പം ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായത്.

രാവിലെ നംഗ്ല പൈമ ഗ്രാമവും റബ്ബര്‍ ചെക്ക് ഡാമും സന്ദര്‍ശിച്ചു. തുടര്‍ന്നാണ് അദ്ദേഹം താജ് മഹലില്‍ എത്തിയത്.

370 കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വ്വഹിച്ചു. സഞ്ചാരികള്‍ക്കായി ആഗ്രകോട്ടയില്‍ നിന്നും താജ്മഹലിലേക്കുള്ള പ്രത്യേക പാതയ്ക്കും അദ്ദേഹം തറക്കല്ലിട്ടു.

മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് 14,000 പൊലീസുകാരെയാണ് നഗരത്തിലെമ്പാടുമായി വിന്യസിച്ചിരിക്കുന്നത്. താജ്മഹല്‍ സന്ദര്‍ശിക്കുന്ന യുപിയിലെ ആദ്യത്തെ ബിജെപി മുഖ്യമന്ത്രിയാണ് യോഗി ആദിത്യനാഥ്.

താജ്മഹലിനെ കുറിച്ച് ബിജെപി നേതാക്കളും, മന്ത്രിമാരുമടക്കം വിവാദ പ്രസ്താവനകള്‍ നടത്തിയ പശ്ചാത്തലത്തില്‍ കൂടിയാണ് യോഗി ആദിത്യനാഥിന്റെ സന്ദര്‍ശനം. കഴിഞ്ഞ മാസം യുപി സര്‍ക്കാര്‍ പുറത്തിറക്കിയ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയില്‍ നിന്നും താജ്മഹലിനെ ഒഴിവാക്കിയത് ഏറെ വിവാദമായിരുന്നു.

Top