യോഗി ആദിത്യനാഥിന്റെ വിദ്വേഷ പ്രസംഗം; സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ്

ന്യൂഡല്‍ഹി: 2007ല്‍ ഖോരക്പൂര്‍ കലാപത്തിന് വഴിവെച്ച യോഗി ആദിത്യനാഥിന്റെ വിദ്വേഷപ്രസംഗ കേസില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസയച്ചു. ആദിത്യനാഥിനെതിരെ കേസെടുക്കണോ എന്നത് സംബന്ധിച്ച് നാലാഴ്ചക്കകം തീരുമാനമറിയിക്കണമെന്ന് നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

2007ല്‍ ബിജെപി എംപി ആയിരിക്കെയാണ് മുസ്ലീം വിദ്വേഷ പ്രസംഗം യോഗി നടത്തിയത്. എന്നാല്‍ കേസെടുക്കാന്‍ അന്നത്തെ സര്‍ക്കാര്‍ തയ്യാറായില്ല. ഇതിനെതിരെ നല്‍കിയ ഹര്‍ജി അലഹബാദ് കോടതി തള്ളി. തുടര്‍ന്നാണ് പരാതിക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്.

ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ അദ്ധ്യക്ഷതയിലുള്ള ബഞ്ചാണ് ഇപ്പോള്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് നല്‍കിയിരിക്കുന്നത്. ഗോരഖ്പൂരില്‍ നിന്നുള്ള പര്‍വേശ് പര്‍വാസ്, ആസാദ് ഹയദ് എന്നിവര്‍ നല്‍കിയ ഹര്‍ജിയാണ് ഇപ്പോള്‍ സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്.

ഗോരഖ്പൂര്‍ കലാപത്തില്‍ 10പേര്‍ മരിച്ചു. തുടര്‍ന്ന് ആദിത്യനാഥിനെ അറസ്റ്റ് ചെയ്തതായും ഹര്‍ജിയില്‍ പറയുന്നു. 2008ല്‍ യുപി പോലീസ് സിഐഡി അന്വേഷിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആദിത്യനാഥിനെതിരെ കേസെടുക്കാന്‍ അനുമതി തേടിയെങ്കിലും സര്‍ക്കാര്‍ തയ്യാറായില്ല. അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരായിരുന്നു അന്ന് ഉത്തര്‍പ്രദേശ് ഭരിച്ചിരുന്നത്.

സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയും അലഹബാദ് ഹൈക്കോടതി തള്ളിയിരുന്നു.

Top