പ്രധാനമന്ത്രി പദത്തിലേക്കില്ല ;ഉത്തര്‍പ്രദേശിലെ 74 സീറ്റുകളില്‍ ബിജെപി വിജയിക്കുമെന്ന് ആദിത്യനാഥ്‌

yogi

ലക്‌നോ: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ 74 സീറ്റുകളില്‍ ബിജെപി വിജയിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.

പ്രധാനമന്ത്രി പദത്തിലേക്ക് താനില്ല. എല്ലാ വെല്ലുവിളികളും തനിക്ക് അവസരമാണെന്നും അദ്ദേഹം പറഞ്ഞു. പ്രിയങ്ക ഗാന്ധി വെല്ലുവിളി ഉയര്‍ത്തുന്നില്ല. എസ്പി-ബിഎസ്പി സഖ്യത്തിനൊപ്പം കോണ്‍ഗ്രസും കൈകോര്‍ക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും യോഗി പരിഹസിച്ചു.

കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ആരാണെന്ന് പാര്‍ട്ടി അദ്ധ്യക്ഷനു പോലും അറിയില്ലെന്ന് അദ്ദേഹം വിമര്‍ശിച്ചു. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ആരാണെന്ന് നിങ്ങള്‍ കോണ്‍ഗ്രസിനോട് ചോദിച്ചാല്‍ ഏതെങ്കിലും ഒരാളുടെ പേര് പറയുമെന്നുപോലും നിങ്ങള്‍ പ്രതീക്ഷിക്കരുത്. അവരുടെ അദ്ധ്യക്ഷനുപോലും അറിയില്ല ആരാണ് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി എന്ന്. സ്വന്തം പാര്‍ട്ടി അധികാരത്തിലെത്തില്ല എന്ന് ബോധ്യമുള്ളതുകൊണ്ടാണ് അവര്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാത്തതെന്നും ആദിത്യനാഥ് പറഞ്ഞു.

കോണ്‍ഗ്രസിനു പുറമേ എസ്പി-ബിഎസ്പി-ആര്‍എല്‍ഡി സഖ്യത്തിനും പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ആരാണെന്ന് അറിയില്ലെന്നും അദ്ദേഹം പരിഹസിച്ചു. സമാജ്വാദി പാര്‍ട്ടി നേതാവിനോട് ഈ ചോദ്യം ചോദിച്ചാല്‍ അഖിലേഷ് യാദവ് എന്നും ബിഎസ്പി നേതാവിനോട് ചോദിച്ചാല്‍ മായാവതി എന്നുമായിരിക്കും ലഭിക്കുന്ന ഉത്തരമെന്നും അദ്ദേഹം വ്യക്തമാക്കി. ഒരുവശത്ത് വ്യക്തമായ നയങ്ങളുമായി ലോകത്തിലെ ഏറ്റവും യോഗ്യനായ നേതാവ് നില്‍ക്കുമ്പോള്‍ മറുവശത്ത് നേതൃത്വമില്ലാത്ത പാര്‍ട്ടികളാണുള്ളതെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി.

Top