ഉത്തര്‍പ്രദേശില്‍ പതിനഞ്ചോളം അവധി ദിനങ്ങള്‍ വെട്ടിച്ചുരുക്കി ;സ്‌കൂളുകള്‍ക്കും ഈ നിയമം ബാധകം

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ പതിനഞ്ചോളം അവധി ദിനങ്ങള്‍ വെട്ടിച്ചുരുക്കി.

മഹാരഥന്‍മാരുടെ ജന്മദിനങ്ങള്‍ അടക്കമുള്ള പൊതു അവധി ദിനങ്ങള്‍ മന്ത്രിസഭ റദ്ദാക്കി. പതിനഞ്ചോളം പൊതു അവധി ദിനങ്ങളില്‍ ഇനിമുതല്‍ യുപിയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ജോലി ചെയ്യേണ്ടിവരും.

അഖിലേഷ് യാദവ് സര്‍ക്കാരിന്റെ കാലത്ത് അനുവദിക്കപ്പെട്ട പൊതു അവധികളും ഇതില്‍ ഉള്‍പ്പെടും.സംസ്ഥാനത്തെ സ്‌കൂളുകള്‍ക്കും ഈ നിയമം ബാധകമായിരിക്കും

അധികാരമേറ്റതിനു തൊട്ടടുത്ത ദിവസം 18-20 മണിക്കൂര്‍ ജോലി ചെയ്യാന്‍ തയാറല്ലാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് രാജിവയ്ക്കാമെന്ന പരസ്യ പ്രഖ്യാപനം നടത്തി നയം വ്യക്തമാക്കിയ മുഖ്യമന്ത്രിയാണ് യോഗി.കഠിനമായി ജോലി ചെയ്യാന്‍ സാധിക്കുമെങ്കില്‍ മാത്രം ജോലിയില്‍ തുടരുകയെന്ന നയം ഊട്ടിയുറപ്പിക്കുന്ന നടപടികളുമായി വീണ്ടും രംഗത്തു വന്നിരിക്കുകയാണ് അദ്ദേഹം.

മഹാരഥന്‍മാരുടെ ജന്മദിനത്തിലും ചരമദിനത്തിലും സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി നല്‍കുന്ന രീതി നിര്‍ത്തുമെന്നും പകരം അവരുടെ ജന്മദിനത്തിലും ചരമദിനത്തിലും അവരെക്കുറിച്ച് വിദ്യാര്‍ഥികള്‍ക്ക് ക്ലാസുകള്‍ നല്‍കുമെന്നും ആദിത്യനാഥ് നേരത്തെ വ്യക്തമാക്കിയിരുന്നു.

അംബേദ്കര്‍ ജയന്തിയോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയിലാണ് ഇതു സംബന്ധിച്ച് ആദ്യത്തെ പ്രഖ്യാപനം ഉണ്ടായത്. എന്തിനാണ് അവധി ലഭിച്ചതെന്ന് പോലും കുട്ടികള്‍ക്ക് അറിയില്ലെന്നും പല സമയത്തും സ്‌കൂളുകള്‍ അടച്ചിടുന്നത് കുട്ടികളുടെ ഭാവിയെ തന്നെ ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. യുപിയില്‍ 38 പൊതു അവധി ദിനങ്ങള്‍ ആണുളളത്. ഇതില്‍ 19 അവധി ദിനങ്ങളും മഹാരഥന്മാരുടെ ജന്മദിനങ്ങളോ, ചമരദിനങ്ങളോ ആയി ബന്ധപ്പെട്ടതാണ്.

സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പാക്കുന്നതില്‍ ഒരു തരത്തിലുള്ള കാലതാമസവും ഉണ്ടാകാന്‍ സര്‍ക്കാര്‍ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. താന്‍ കഠിനമായി ജോലി ചെയ്യുന്നതു പോലെ സര്‍ക്കാര്‍ ജീവനക്കാരും ജോലി ചെയ്യണമെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും കൃത്യസമയത്ത് ഓഫീസില്‍ ഹാജരാകുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുന്നതിന് വേണ്ടി ബ്ലോക്ക് ഓഫീസ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ഓഫീസുകളില്‍ ബയോമെട്രിക് അറ്റന്‍ഡന്‍സ് സംവിധാനം സ്ഥാപിക്കാന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചിരുന്നു.

Top