കഫീല്‍ ഖാന്റെ കേരള സന്ദര്‍ശനത്തിന് വിലക്ക്; അനുവാദമില്ലാതെ പോകരുതെന്ന് ഗൊരഖ്പൂര്‍ കോളേജ്

yogi kafeel

ഗൊരഖ്പൂര്‍: കേരളത്തില്‍ നിപ വൈറസ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന രോഗികളെ പരിചരിക്കാന്‍ തന്റെ സേവനം വാഗ്ദാനം ചെയ്ത ഉത്തര്‍പ്രദേശിലെ ഡോക്ടര്‍ കഫീല്‍ ഖാന് വീണ്ടും തിരിച്ചടി. ബിആര്‍ഡി മെഡിക്കല്‍ കോളേജിലെ ലെക്ചററും പീഡിയാട്രീഷ്യനുമായ കഫീല്‍ ഖാന്‍ ഇപ്പോള്‍ സസ്‌പെന്‍ഷനിലാണ്.

മെഡിക്കല്‍ നെഗ്‌ളിജന്‍സിന് നടപടി നേരിട്ടുകൊണ്ടിരിക്കുന്ന ഒരു ഡോക്ടര്‍ക്ക് ഒരിടത്തും മെഡിക്കല്‍ സേവനം നടത്താനാകില്ല. അതുകൊണ്ടുതന്നെ കോളേജില്‍ നിന്നുള്ള അനുവാദം കൂടാതെ കഫീല്‍ ഖാന് കേളത്തിലേക്ക് പോകാനുള്ള അനുമതി നല്‍കാന്‍ കഴിയില്ലെന്ന് ബിആര്‍ഡി മെഡിക്കല്‍ കോളേജ് ആക്ടിങ് പ്രിന്‍സിപ്പല്‍ ഡോ.ഗണേഷ് കുമാര്‍ പറഞ്ഞു. യോഗി ആദിത്യനാഥ് സര്‍ക്കാരും കഫീല്‍ ഖാന്റെ കേരള സന്ദര്‍ശനത്തിന് അനുമതി നിഷേധിച്ചിട്ടുണ്ട്.

‘ഗുരുതരമായ ആരോപണങ്ങള്‍ നേരിടുന്ന വ്യക്തിയാണ് അദ്ദേഹം. ഇപ്പോള്‍ പരോളിലാണ് ഇറങ്ങിയിരിക്കുന്നത്. നിയമപ്രകാരം, അദ്ദേഹത്തിന് മെഡിക്കല്‍ സേവനം നല്‍കാനോ സ്വകാര്യ പ്രാക്ടീസ് നടത്താനോ സാധിക്കില്ല. അങ്ങനെ ചെയ്യണമെങ്കില്‍ ഡിജിഎംഇയുടെ അനുവാദം ആവശ്യമാണ്’ ഗണേഷ്‌കുമാര്‍ കൂട്ടിച്ചേര്‍ത്തു.

രണ്ട് ദിവസം മുമ്പാണ് കേരളത്തില്‍ നിപ വൈറസ് ബാധിതരെ ചികിത്സിക്കാന്‍ ആതുരസേവനത്തിന് തയാറാണെന്ന് കഫീല്‍ ഖാന്‍ പിണറായി വിജയനെ അറിയിച്ചത്. മുഖ്യമന്ത്രി ഉടന്‍ തന്നെ കഫീല്‍ ഖാന്റെ ആവശ്യം സ്വീകരിച്ചിരുന്നു. അതിനായി മെഡിക്കല്‍ സൂപ്രണ്ട് ഓഫീസറുമായി ബന്ധപ്പെടണമെന്ന മറുപടിയും നല്‍കിയിരുന്നു.

Top