കാവി രാഷ്ട്രീയത്തിനെതിരെ ശബ്ദമുയര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് യു.പിയില്‍ സംഭവിക്കുന്നത് !

Yogi Adityanath

ന്യൂഡല്‍ഹി: യു.പിയില്‍ യോഗി സര്‍ക്കാരിന്റെ വീഴ്ച തുറന്നുകാട്ടുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ പ്രതികാര നടപടി. സ്‌കൂളുകളില്‍ ഉച്ചഭക്ഷണത്തിന് ചപ്പാത്തിയും ഉപ്പുംമാത്രം നല്‍കുന്നതിനെക്കുറിച്ച് വാര്‍ത്ത നല്‍കിയ മാധ്യമപ്രവര്‍ത്തകന്‍ പവന്‍ ജയ്‌സ്വാളിനെതിരെ കേസ് എടുത്തു. സെപ്തംബറില്‍മാത്രം സര്‍ക്കാരിന്റെ വീഴ്ചകള്‍ തുറന്നുകാട്ടിയ എട്ട് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസെടുത്തത്.

മിര്‍സാപുരിലെ സ്‌കൂളില്‍ കുട്ടികള്‍ ഉപ്പുകൂട്ടി ചപ്പാത്തി കഴിക്കുന്നതിന്റെ വീഡിയോ സഹിതമാണ് പവന്‍ ജയ്‌സ്വാള്‍ വാര്‍ത്ത നല്‍കിയത്. ഉപ്പും ചോറും അല്ലെങ്കില്‍ ചപ്പാത്തി ഇതാണ് സ്‌കൂളില്‍ പതിവായി കുട്ടികള്‍ക്ക് കൊടുത്തിരുന്നതെന്ന് രക്ഷിതാക്കളും പറഞ്ഞു. പച്ചക്കറിയും മറ്റു ഭക്ഷ്യവസ്തുക്കള്‍ ഒന്നും നല്‍കാറില്ലെന്ന് പാചകക്കാരിയും പറഞ്ഞിരുന്നു. സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തി വാര്‍ത്ത നല്‍കി എന്നതടക്കമുള്ള ക്രിമിനല്‍ കുറ്റമാണ് പവനെതിരെ ചുമത്തിയത്.

അസംഗഡില്‍ സര്‍ക്കാര്‍ സ്‌കൂളുകള്‍ വിദ്യാര്‍ഥികള്‍തന്നെ തുടച്ചു വൃത്തിയാക്കുന്നതിനെ കുറിച്ച് വാര്‍ത്ത നല്‍കിയ സന്തോഷ് ജെയ്‌സ്വാളിനെതിരെയും കേസ് എടുത്തു. അധ്യാപകരോടും ജീവനക്കാരോടും മോശമായി പെരുമാറുന്നുവെന്ന് പ്രിന്‍സിപ്പലിനെക്കൊണ്ട് പരാതി എഴുതിവാങ്ങിയാണ് കേസ് എടുത്തത്. കൂടാതെ ഈ മാസം ഏഴിന് ബിജ്‌നോറിലെ ജാതിവിവേചനത്തെ കുറിച്ച് വാര്‍ത്ത നല്‍കിയ അഞ്ച് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയും കേസ് എടുത്തു.

Top