അഖിലേഷ് യാദവിന്റെ ചിത്രം പതിച്ച സ്‌കൂള്‍ ബാഗുകള്‍ വിതരണം ചെയ്യാന്‍ യോഗി ആദിത്യനാഥ്

yogi-adithya-nath

ലക്‌നൗ: മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ ഭരണ കാലത്ത് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കാനായി അദ്ദേഹത്തിന്റെ ചിത്രം പതിച്ച് തയ്യാറാക്കിയ സ്‌കൂള്‍ ബാഗുകള്‍ വിതരണം ചെയ്യാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുമതി നല്‍കി.

പൊതുജനത്തിന്റെ പണം ഉപയോഗശൂന്യമായി പോകാതിരിക്കാനാണ് രാഷ്ട്രീയം മാറ്റിവെച്ച് സ്‌കൂള്‍ ബാഗുകള്‍ വിതരണം ചെയ്യാനായി അനുമതി നല്‍കിയത്. ബാഗുകള്‍ കൃത്യസമയത്തുതന്നെ വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാക്കണമെന്ന് നിര്‍ദ്ദേശവും അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുണ്ട്.

35000 സ്‌കൂള്‍ ബാഗുകളാണ് അഖിലേഷ് യാദവ് അധികാരത്തില്‍ നിന്ന് പുറത്താകുന്നതിന് മുമ്പ് തയ്യാറാക്കിയിരുന്നത്. അടുത്ത തവണ മുതല്‍ മുഖ്യമന്ത്രി യോജന അല്ലെങ്കില്‍ ഉത്തര്‍പ്രദേശ് യോജന എന്ന പേരില്‍ മാത്രമാകും ബാഗുകള്‍ വിതരണം ചെയ്യുകയെന്നും പഴയതുപോലെ ആരുടെയും ചിത്രങ്ങളോ പേരുകളോ ഇനി സര്‍ക്കാര്‍ പദ്ധതികളില്‍ ഉണ്ടാകില്ലെന്നും യോഗി വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവില്‍ വന്നതിനെ തുടര്‍ന്നാണ് അഖിലേഷ് യാദവ് സര്‍ക്കാരിന് ബാഗുകള്‍ വിതരണം ചെയ്യാന്‍ സാധിക്കാതിരുന്നത്. 1.8 കോടിയോളം ബാഗുകള്‍ നല്‍കാനായിരുന്നു അന്നത്തെ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. ഇത്തരത്തില്‍ തയ്യാറാക്കിയ 35000 ബാഗുകള്‍ ജില്ലാ വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ അധികൃതര്‍ പിടിച്ചുവെച്ചിരിക്കുകയായിരുന്നു. പുതിയ സര്‍ക്കാരിന്റെ തീരുമാനം കാത്തിരിക്കുകയായിരുന്നു അവര്‍.

അഖിലേഷ് യാദവിന്റെ ഭരണ കാലത്ത് സമാജ് വാദി പാര്‍ട്ടിയുടെ പേരുപയോഗിച്ച് നിരവധി സര്‍ക്കാര്‍ പദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നു. സ്മാര്‍ട്ട് ഫോണ്‍, ഉപ്പ്, സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കു നല്‍കുന്ന പാത്രങ്ങള്‍ തുടങ്ങിയവ കുറഞ്ഞ വിലയില്‍ ലഭ്യമാക്കുന്ന പദ്ധതികളില്‍ അഖിലേഷ് യാദവിന്റെ ചിത്രമാണ് ഉപയോഗിച്ചിരുന്നത്. ഇതൊക്കെ ഇനി ഒഴിവാക്കും.

2012 ല്‍ തുടങ്ങിയ സമാജ് വാദി ലാപ്‌ടോപ് പദ്ധതിയില്‍ മുലായം സിങ് യാദവിന്റെ ചിത്രമായിരുന്ന സ്‌ക്രീന്‍ സേവറായി നല്‍കിയിരുന്നത്.

Top